കൊല്‍ക്കത്തയില്‍ 18 അസ്ഥികൂടങ്ങള്‍ കണ്ടെത്തി: നാലുപേര്‍ അറസ്റ്റില്‍

By Shyma Mohan.20 Mar, 2017

imran-azhar

 
    കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബര്‍ദ്വാനില്‍ 18 മനുഷ്യ അസ്ഥികൂടങ്ങള്‍ പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴുകി വൃത്തിയാക്കിയാണ് അസ്ഥികൂടങ്ങള്‍ കാണപ്പെട്ടത്. നകുല്‍ ചൗധരി, രാഖി പാല്‍, യമുന പാല്‍, മിതു ഡേ എന്നിവരാണ് അറസ്റ്റിലായത്. പൂര്‍ബസ്ഥലിയിലുള്ള ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 18 അസ്ഥികൂടങ്ങളും മനുഷ്യരുടെ നിരവധി എല്ലുകളും കണ്ടെത്തിയത്. പിടിയിലായവര്‍ സംസ്ഥാന വ്യാപകമായുള്ള കള്ളക്കടത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് സംശയിക്കുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എല്ലുകള്‍ കഴുകി വൃത്തിയാക്കുന്നതിനുള്ള കെമിക്കലുകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായി അസ്ഥികൂടങ്ങള്‍ ആവശ്യമാണെന്നിരിക്കേ അതിന്റെ ഭാഗമായി നടത്തുന്ന കള്ളക്കടത്താണെന്നാണ് സൂചന. സെമിത്തേരിയില്‍ നിന്ന് അസ്ഥികൂടം മോഷ്ടിച്ച് മറിച്ച് വില്‍ക്കുന്നതില്‍ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെ ഏതാനും ജീവനക്കാര്‍ക്ക് പങ്കുള്ളതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ നകുല്‍ ചൗധരിയെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയിലും മറ്റ് മൂന്നുപേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടു.

OTHER SECTIONS