പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ രക്ഷിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം

By Raji Mejo.09 Mar, 2018

imran-azhar

തൃപ്പൂണിത്തുറ: പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ രക്ഷിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം . പോലീസ് കേസ്സ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡിന് സമീപം സൂര്യാ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സോണ്‍ ഇന്‍ഫോ വേള്‍ഡ് എന്ന ഇന്റര്‍നെറ്റ് കഫേയില്‍ എന്‍ട്രന്‍സിന് അപേക്ഷിക്കുന്നതിനായി കഫേയില്‍ എത്തിയ പതിനാറുകാരിയായ പെണ്‍കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ കഫേ നടത്തിപ്പുകാരന്‍ കാല്‍ കൊണ്ട് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ഉരസുകയും, കൈക്ക് കയറി പിടിക്കുകയും ചെയ്തു എന്ന് പെണ്‍കുട്ടി തൃപ്പൂണിത്തുറ പോലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും തന്ത്രങ്ങളും ചെലുത്തി കേസ് ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നത്.

കഫേ നടത്തിപ്പുകാരനായ സാജനെതിരെ പോസ്‌ക്കോ നിയമ പ്രകാരം കേസ്സ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം കഫേ നടത്തിപ്പുകാരന്‍ ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രതി.

പ്രതി ഭരണ കക്ഷയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രവര്‍ത്തകനാണ് .പ്രലോഭനങ്ങളും ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി കേസ്സ് ഒതുക്കി തീര്‍ക്കുന്നതിനുള്ള ശ്രമം നടക്കുന്നതായി അറിയുന്നു. ഈ മാസം പതിനാലിന് പെണ്‍കുട്ടിയും വീട്ടുകാരും മൊഴി നല്‍കുന്നതിനായി കോടതില്‍ ഹാജരാകുമെന്നാണ് സൂചന. കഫേ നടത്തിപ്പുകാരനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത തൃപ്പൂണിത്തുറ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ ആദ്യം മുതല്‍ക്കെ തന്നെ സംരക്ഷിച്ചെടുക്കാനുള്ള നീക്കത്തെ തുടര്‍ന്നാണ് കഫേ നടത്തിപ്പുകാരന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരും ,ഭരണകക്ഷിയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും പ്രതിയും ചേര്‍ന്ന് കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കം നടക്കുന്നതായും അറിയുന്നു. സംഭവം നടന്ന് ആഴ്ച്ചകളായിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാത്തത് ഈ ഗൂഢനീക്കത്തിന്റെ ഫലമാണെന്നാണ് ജനസംസാരം .

 

OTHER SECTIONS