By online desk .30 10 2020
കാസര്‍കോട്: കാസര്‍കോട്ടെ കരാറുകാരന്റെ വീടിനു നേരെ നടന്ന വെടിവെപ്പ് കേസില്‍ അധോലോക നായകന് രവി പൂജാരിയെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട്് നല്കി. ക്രൈംബ്രാഞ്ചിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് ആണ് രവി പൂജാരിയെ പ്രതിചേര്‍ത്തത്. കാസര്‍കോട് ബേവിഞ്ചയിലെ കരാറുകാരന് എം ടി മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ രണ്ടുതവണ വെടിവെപ്പ് ഉണ്ടായ സംഭവത്തില്‍ ആദ്യതവണ നടത്തിയ വെടിവെപ്പ് കേസിലാണ് രവി പൂജാരിയെ പ്രതി ചേര്‍ത്തുകൊണ്ട് ക്രൈംബ്രാഞ്ച് കാസര്‍കോട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച മനീഷ് ഷെട്ടിയും ബേവിഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിവെച്ച കേസിലെ പ്രതിയായിരുന്നു. മനീഷ് ഷെട്ടി കൊല്ലപ്പെട്ടതിനാല്‍ ഇയാളെ കേസില്‍ നിന്ന് ഒഴിവാക്കും. പബ്ബ് ഉടമയായ മനീഷ് ഷെട്ടിയെ ബംഗളൂരു ബ്രിഗേഡ് റോഡിലെ ഡ്യുയറ്റ് ബാറിന് മുന്നില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് കൊലപ്പെടുത്തിയത്.
കോടികള്‍ ആവശ്യപ്പെട്ടുകൊണ്ട് 2008 ലും 2013 ലുമാണ് കരാറുകാരന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. രവി പൂജാരിയുമായി ബന്ധപ്പെട്ട ആളുകളാണ് വെടിവെപ്പ് നടത്തിയതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ആഫ്രിക്കയിലെ സെനഗലില്‍ നിന്നും മുഹമ്മദ് കുഞ്ഞിയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന ഫോണ്‍ കോളാണ് രവി പൂജാരിയെ പ്രതിചേര്‍ക്കുന്നതിന് പ്രധാന തെളിവായത്.
വെടിവെപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പണം ആവശ്യപ്പെട്ട് രവി പൂജാരി മുഹമ്മദ് കുഞ്ഞിയെ വിളിച്ചത്. അതിന് തൊട്ടുപിന്നാലെ രവി പൂജാരിക്ക് വേണ്ടി മനീഷ് ഷെട്ടിയും മുഹമ്മദ് കുഞ്ഞിയെ വിളിച്ചിരുന്നു. മനീഷ് ഷെട്ടി വിളിക്കുമെന്നും പണം കൊടുത്തുവിടണമെന്നും അല്ലെങ്കില്‍ ആപത്ത് ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ മനീഷ് ഷെട്ടി വിളിക്കുകയും ചെയ്തു. എന്നാല്‍ പണം നല്കാന് മുഹമ്മദ് വിസമ്മതിക്കുകയായിരുന്നു.