മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടി : മകന്‍ പൊലീസ് കസ്റ്റഡിയില്‍

By sruthy sajeev .06 Jul, 2017

imran-azhar


പത്തനംതിട്ട: പന്തളത്ത് വൃദ്ധരായ മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങലടി കാഞ്ഞിരവിളയില്‍ മാത്യൂസ് ജോണിനെയാണ് അറസ്റ്റ് ചെയ്തത്. പിതാവ് കെ.എം.ജോണ്‍ , മാതാവ് ലീലാമ്മ ജോണ്‍ എന്നിവരെ കൊലപെ്പടുത്തി ഇയാള്‍ പുരയിടത്തിന് സമീപമുള്ള പൊട്ടകിണറ്റില്‍ മറവു ചെയ്യുകയായിരുന്നു.

 


ഒരാഴ്ച മുന്‍പാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം മാത്യൂസും ഭാര്യയും കുട്ടിയും താമസിച്ചുവരികയായിരുന്നു. ഭാര്യയും കുട്ടിയും ഒരാഴ്ച മുന്‍പ് കോട്ടയത്തെ വീട്ടിലേക്ക് പോയ ശേഷമാണ് ഇയാള്‍ മാതാപിതാക്കളെ കൊലപെ്പടുത്തിയത്. ഇരുവരെയും കാണാതെ വന്നതോടെ മകനോട് ഇവരെക്കുറിച്ച് പരിസരവാസികളും ബന്ധുക്കളും തിരക്കിയിരുന്നു. എന്നാല്‍ ഇവര്‍ ധ്യാനത്തിന് പോയിരിക്കുകയാണെന്നാണ് ഇയാള്‍ മറുപടി നല്‍കിയത്.

 


ഇതിന് പിന്നാലെ മുന്ന് ദിവസം മുന്‍പ് ഇയാള്‍ വീട്ടില്‍ ജെസിബി കൊണ്ടുവന്ന് മൃതദേഹം മറവുചെയ്ത കുഴി മണ്ണിട്ട് മൂടി. വേസ്റ്റ് നിക്ഷേപിക്കുന്നതിനാല്‍ കുഴി മൂടുന്നുവെന്ന് ഇയാള്‍ കാര്യം തിരക്കിയവരോട് പറയുകയും ചെയ്തു. പിന്നീട് സമീപത്ത് താമസിക്കുന്ന കെ.എം.ജോണിന്റെ സഹോദരനും സമീപവാസികള്‍ക്കും സംശയം തോന്നിയതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു.

 


ഇന്ന് രാവിലെ പോലീസ് വീട്ടിലെത്തിയപേ്പാള്‍ മകന്‍ രക്ഷപെട്ടു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനിടെ ഇയാളെ അടൂരില്‍ വച്ച് അറസ്റ്റ് ചെയ്തു. പന്തളം പോലീസ് പ്രതിയെ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപേ്പാഴാണ് നാടിനെ നടുക്കിയ സംഭവങ്ങളുടെ കെട്ടഴിഞ്ഞത്. താനാണ് ഇരുവരെയും കൊലപെ്പടുത്തിയതെന്നും മൃതദേഹം വീടിന് സമീപത്തെ കുഴിയില്‍ മറവു ചെയ്‌തെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

 


തുടര്‍ന്ന് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.നഴ്‌സിംഗ് ബിരുദധാരിയായ മകന്‍ ജോലിക്ക് ഒന്നും പോകാതെ വീട്ടില്‍ ഇരിക്കുകയായിരുന്നു. മാതാപിതാക്കളുമായി ഇയാള്‍ പതിവായി വഴക്കിടാറുണ്ടെന്നും പരിസരവാസികള്‍ പോലീസിനോട് പറഞ്ഞു. മരിച്ച ദമ്പതികള്‍ക്ക് ഇയാളെ കൂടാതെ ഒരു മകനും കൂടിയുണ്ട്. ഇയാള്‍ ഖത്തറില്‍ ജോലി ചെയ്തു വരികയാണ്.