വീട്ടു ജോലിക്കിടയില്‍ മോഷണം; യുവതിയും കാമുകനും അറസ്റ്റില്‍

By online desk .30 04 2020

imran-azhar

 


കഴക്കൂട്ടം: വീട്ടു ജോലിക്കിടയില്‍ മോഷണം നടത്തിയ യുവതിയും കാമുകനും അറസ്റ്റിലായി. മേനംകുളം പുത്തന്‍തോപ്പ് കനാല്‍ പുറമ്പോക്ക് വീട്ടില്‍ സജീറ (32), കഠിനംകുളം, പുതുക്കുറിച്ചി മുഹിയുദ്ദീന്‍ പള്ളിക്ക് പടിഞ്ഞാറ്, തെരുവില്‍ തൈവിളാകം വീട്ടില്‍ അല്‍അമീന്‍ (32) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തന്‍തോപ്പ് സ്വദേശിയും റിട്ടയേര്‍ഡ് അദ്ധ്യാപികയുമായ മേനംകുളം, പുത്തന്‍തോപ്പ് വായനശാലയ്ക്കു സമീപം സീയോണ്‍ വീട്ടില്‍ സെലിന്‍ പെരേരയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സെലിന്‍ പെരേരയുടെ വീട്ടില്‍ ജോലിക്ക് നിന്ന ഒന്നാം പ്രതി സജീറ കഴിഞ്ഞ 6 മാസമായി പല പ്രാവശ്യങ്ങളിലായി 15 പവനോളം സ്വര്‍ണ്ണാഭരണങ്ങളും വില കൂടിയ വാച്ചുകളുമാണ് മോഷ്ടിച്ചെടുത്തത്.

 

മോഷണ മുതലുകള്‍ കൂട്ടു പ്രതിയും കാമുകനുമായ അല്‍അമീന്റെ സഹായത്തോടെ വിവിധ ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും പണയം വയ്ക്കുകയും വില്‍ക്കുകയുമാണ് പതിവ്. ഇരുവരും കോവളം, പൂവാര്‍, വര്‍ക്കല എന്നീ സ്ഥലങ്ങളില്‍ വാടകയ്ക്ക് വീടെടുത്താണ് താമസം. കഠിനംകുളം, ചിറയിന്‍കീഴ് സ്റ്റേഷനുകളിലായി ക്രിമിനല്‍ കേസ്സുകളിലുള്‍പ്പെടെ പ്രതിയാണ് അല്‍അമീന്‍. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനോടൊപ്പം ബൈക്കില്‍ നാടുവിടാന്‍ ഒരുങ്ങവെയാണ് കഠിനംകുളം പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ പണയം വെച്ചതും വിറ്റതുമായ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു.
കഠിനംകുളം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.വി.വിനോദ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.രതീഷ്‌കുമാര്‍, ഇ.വി.സവാദ്ഖാന്‍, കെ.കൃഷ്ണപ്രസാദ്, എം.എ.ഷാജി, അനൂപ്കുമാര്‍, എ.എസ്.ഐമാരായ, എസ്.രാജ, ബിനു.എം.എസ്, സിപിഒമാരായ, സജിന്‍, ഷിജു, അനില്‍കുമാര്‍, വനിത സിപിഒ ഷമീന ബീഗം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

 

OTHER SECTIONS