ദുഷ്ടശക്തികളില്‍ നിന്നും രക്ഷയ്ക്കായി ഭര്‍ത്താവിന്റെ ചോര ഊറ്റിക്കുടിച്ച് യുവതി

By Shyma Mohan.09 Aug, 2017

imran-azhar


    കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആഭിചാര കര്‍മ്മങ്ങള്‍ നടത്തിവന്നിരുന്നതായി ആരോപിക്കപ്പെടുന്ന യുവതി ഓരോ ദിവസവും ഭര്‍ത്താവിന്റെ രക്തം ഊറ്റിക്കുടിച്ചത് 21ാം നൂറ്റാണ്ടിലെ ഇന്ത്യയെ നടുക്കി. ദുഷ്ട ശക്തികളില്‍ നിന്നും സ്വന്തം ഭര്‍ത്താവിനെ രക്ഷിക്കാന്‍ രാത്രിയുടെ യാമങ്ങളില്‍ ഭര്‍ത്താവിന്റെ നെഞ്ചില്‍ കയറിയിരുന്ന് ചോര ഊറ്റിക്കുടിക്കുകയായിരുന്നത്രെ യുവതി ചെയ്തിരുന്നത്. ചോര ഊറ്റിക്കുടിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
    പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയിലുള്ള സദായ്പൂര്‍ ഗ്രാമത്തിലാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അഭിജിത് ബാഗ്ദി എന്ന യുവാവിനെ വിവാഹം കഴിച്ച സാബിത്രിയാണ് സംഭവത്തിലെ നായിക. സാബിത്രി ആഭിചാര കര്‍മ്മങ്ങള്‍ നടത്തിവരുന്നതായി അഭിജിത്തിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
    ഭര്‍ത്താവായ അഭിജിത്തിനെ കുളിപ്പിച്ച ശേഷം തൃശൂലത്തിന് സമീപം കിടത്തി നെഞ്ചില്‍ കയറിയിരുന്ന് ചുണ്ട് കടിച്ചുപൊട്ടിച്ച് രക്തം കുടിക്കുകയായിരുന്നു പതിവെന്നാണ് അഭിജിത്തിന്റെ അമ്മ പരാതിപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച കടുത്ത ക്ഷീണം മൂലം അവശനായ അഭിജിത്തിനെ ബര്‍ദ്വാനിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മൂന്ന് കുപ്പി രക്തം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അഭിജിത്ത് മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു.
    രാത്രിയില്‍ താന്‍ ഡാകിനിയാണെന്ന് സ്വയം വിശേഷിപ്പിച്ച് സാബിത്രി വീടിനുള്ളില്‍ ഉലാത്തിയിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. തന്നെ തടയുന്നവരുടെ ചോര വലിച്ചുകുടിക്കുമെന്നും സാബിത്രി പറയുമായിരുന്നത്രെ. ദുഷ്ട ശക്തികളില്‍ നിന്നും ഭര്‍ത്താവിനെയും കുടുംബത്തെയും രക്ഷിക്കാനാണ് ചെയ്യുന്നതെന്ന് സാബിത്രി അവകാശപ്പെട്ടു. അഭിജിത്തിന്റെ മരണത്തെ തുടര്‍ന്ന് ഗ്രാമീണര്‍ സാബിത്രിയുടെ കുടുംബത്തെ ആക്രമിക്കുകയും പോലീസെത്തി അവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ സാബിത്രിയെ അറസ്റ്റ് ചെയ്തു.  OTHER SECTIONS