By Lakshmi priya.27 03 2022
തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് നാട്ടുകാര്‍ക്ക് നേരെ യുവാവിന്റെ വെടിവയ്പ്. ഒരാള്‍ മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്. ബസ് കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് (34) മരിച്ചത്. സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയും മറ്റു രണ്ടു പേരെയും ഗുരുതര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതി മൂലമറ്റം സ്വദേശി മാവേലി പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് മാര്ട്ടിന് (26) പിടിയിലായി. ശനിയാഴ്ച രാത്രി 9.40 ന് മൂലമറ്റം ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. വിദേശത്തായിരുന്ന ഫിലിപ്പ് അടുത്തിടെയാണ് നാട്ടിലെത്തുന്നത്.
രാത്രി മൂലമറ്റത്തെ തട്ടുകടയില്‍ ഫിലിപ്പ് ഭക്ഷണത്തിന്റെ പേരില്‍ ബഹളമുണ്ടാക്കി. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ വാഹനത്തില്‍ കയറ്റിവിടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തില്‍നിന്നു തോക്കെടുത്ത് അഞ്ചു തവണ വെടിയുതിര്‍ത്തു. ഇതിനിടെ സ്കൂട്ടറില്‍ എത്തിയ സനലിന്റെ കഴുത്തിലാണു വെടിയേറ്റത്. പിന്നീട് വാഹനത്തില്‍ കടക്കാന്‍ ശ്രമിച്ച പ്രതി മുട്ടത്തു പൊലീസ് പിടിയിലായി.