ആറ്റുകാല്‍ പൊങ്കാല സ്‌ക്വാഡ് ഉദ്യോഗസ്ഥരെ തൊഴിലാളികളും വ്യാപാരികളും ചേര്‍ന്ന് ആക്രമിച്ചു

By Online Desk .05 02 2019

imran-azhar

 

 

തിരുവനന്തപുരം: മണക്കാട് പരിശോധനയ്‌ക്കെത്തിയ ആറ്റുകാല്‍ പൊങ്കാല സ്‌ക്വാഡ് ഉദ്യോഗസ്ഥരെ തൊഴിലാളികളും വ്യാപാരികളും ചേര്‍ന്ന് ആക്രമിച്ചു. ആക്രമണത്തില്‍ 3 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ മണക്കാടായിരുന്നു സംഭവം. സിപിഎം ചാല ഏരിയാ കമ്മിറ്റി സെക്രട്ടറി സുന്ദര പിള്ള, സുരേഷ് എന്നീ യൂണിയന്‍ നേതാക്കളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ വിടണമെന്ന് ആവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചു. ഇത് ഏറെനേരത്തെ സംഘര്‍ഷത്തിനിടയാക്കി. ലീഗല്‍ മെട്രോളജി വിഭാഗം മുന്നറിയിപ്പില്ലാതെയാണ് മണക്കാട് പ്രദേശത്ത് പരിശോധന നടത്തിയത്. തൂക്കത്തില്‍ ക്രമക്കേട് കണ്ടെത്തിയ കടകളിലെ ത്രാസുകള്‍ പിടിച്ചെടുത്തു. ഇതു തടയാന്‍ വ്യാപാരികള്‍ ശ്രമിക്കുന്നതിനിടെ ചുമട്ടുതൊഴിലാളികള്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ത്രാസുകള്‍ കൊണ്ടുപോകാനാകില്ലെന്നും പരിശോധനകള്‍ വ്യാപാരികളെ ദ്രോഹിക്കാനാണെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. അതിനിടെ ഉദ്യോഗസ്ഥരെ പിടിച്ചു തള്ളുകയും ചെയ്തു. സംഭവമറിഞ്ഞ് ഫോര്‍ട്ട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും തൊഴിലാളികളും വ്യാപാരികളും പിന്തിരിയാന്‍ തയാറായില്ല. ലീഗല്‍ മെട്രോളജി ജീവനക്കാര്‍ തിരിച്ചു പോകണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ ഡ്യൂട്ടിക്ക് തടസം നിന്നതിന് ലീഗല്‍ മെട്രോളജി വിഭാഗം ജീവനക്കാര്‍ ഫോര്‍ട്ട് പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

OTHER SECTIONS