പുതുവത്സരാഘോഷത്തിനിടെ വീടുകയറി ആക്രമണം; മൂന്നുപേര്‍ക്ക് പരുക്ക്

By online desk .03 01 2020

imran-azhar

 

 

പാട്യം: പുതുവത്സരാഘോഷത്തിനിടെ ഗൃഹനാഥനെയും ഭാര്യയെയും മകനെയും വീട്ടില്‍ക്കയറി മര്‍ദ്ദിച്ചതായി പരാതി. പൂക്കോട്-പാനൂര്‍ റോഡില്‍ പാട്യം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത സരയുവില്‍ ദീപക് (48), ഭാര്യ പാട്യം വെസ്റ്റ് യു.പി. സ്‌കൂള്‍ അദ്ധ്യാപിക സപ്ന(37), മകന്‍ വേദാന്ത് ദീപക് (14) എന്നിവരാണ് മര്‍ദ്ദനത്തിനിരയായത്. പാട്യം വെസ്റ്റ് യു.പി. സ്‌കൂളിലെ മനേജരാണ് ദീപക്ക്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. വീടിനടുത്തുതന്നെയുള്ള, ദീപക്കിന്റെ ഉടമസ്ഥതയിലുള്ള പടക്കക്കടയിലെത്തിയ ഒരുസംഘമാളുകള്‍ ബഹളംവെക്കുകയും സൗജന്യമായി പടക്കം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബഹളം വച്ചവരോട് പുറത്തിറങ്ങാനാവശ്യപ്പെട്ട ദീപക്കിനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അക്രമികളെ ഓടിച്ചുവിട്ടു. കട പൂട്ടി കുറച്ച് കഴിഞ്ഞപ്പോള്‍ അക്രമികള്‍ സംഘടിച്ച് കടയുടെ തൊട്ടടുത്തുതന്നെയുള്ള ദീപക്കിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഭാര്യയെയും മകനെയും മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയം ദീപക് വീട്ടിലുണ്ടായിരുന്നില്ല. അക്രമത്തിനിടെ ഭാര്യയുടെ നൈറ്റി വലിച്ചുകീറുകയും ചെയ്തു. മകന്റെ വാരിയെല്ലിനാണ് പരുക്കേറ്റത്. കുറച്ചുകഴിഞ്ഞ് വീട്ടിലെത്തിയ ദീപക്കിനെയും ഭാര്യയെയും മകനെയും സഹായിക്കാനെന്ന വ്യാജേന അനുനയിപ്പിച്ച് റോഡിലിറക്കുകയും എന്നാല്‍ വീണ്ടും മര്‍ദ്ദിച്ചെന്നും ദീപക് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ഇവര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പതിനഞ്ചോളം ആളുകളുടെ പേരില്‍ കതിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

OTHER SECTIONS