ജോലിഭാരവും, അവഗണനയും;കുഞ്ഞിനെ കിണറ്റിലെറിഞ്ഞ പിതൃസഹോദര ഭാര്യ അറസ്റ്റില്‍

By anju.23 10 2018

imran-azhar


കോഴിക്കോട്: താമരശ്ശേരിയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്ത കേസില്‍ കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യ ജസീല (26) അറസ്റ്റില്‍. വീട്ടിലെ അവഗണനയും കുഞ്ഞിന്റെ അമ്മയോടുള്ള പകയുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി.

 

തിങ്കളാഴ്ച രാവിലെയാണ് കാരാടി സ്വദേശി മുഹമ്മദലിയുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. കിടപ്പുമുറിയിലെ തൊട്ടിലില്‍ കുഞ്ഞിനെ ഉറക്കി കിടത്തിയ ശേഷം തുണി അലക്കുന്നതിനായി പോയപ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജസീലയും മകന്‍ മുഹമ്മദ് മിഷാലുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ കാണാതെ ഷമീന കരഞ്ഞു ബഹളം വെക്കുന്നതിനിടയില്‍ കുട്ടി കിണറ്റില്‍ വീണുകിടക്കുന്നതായി ജസീല തന്നെയാണ് പറഞ്ഞത്. പാചകത്തിനിടെ കറി കരിഞ്ഞപ്പോള്‍ കിണറ്റില്‍ നിന്നു വെള്ളം എടുക്കാന്‍ പോയപ്പോഴാണു കണ്ടെതെന്നായിരുന്നു പറഞ്ഞത്.

 

വെള്ളത്തില്‍ മുങ്ങി കുഞ്ഞ് മരിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബാംഗങ്ങളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തത്. വീട്ടുജോലികള്‍ കൂടുതലായി ചെയ്യേണ്ടി വന്നതാണ് ഷമീനയോട് പകയുണ്ടായതിന് കാരണമെന്നും ഇവര്‍ പൊലീസില്‍ സമ്മതിച്ചു.

OTHER SECTIONS