കൊല നടന്ന് പതിനൊന്ന് ദിവസത്തില്‍ പ്രതിയ്ക്ക് ജീവപര്യന്തം

By Kavitha J.09 Jul, 2018

imran-azhar

ചിത്രദുര്‍ഗ: കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ റെക്കോര്‍ഡ് വേഗത്തില്‍ കൊലപാതക കുറ്റത്തിന് ശിക്ഷ വിധിച്ച് പോലീസും നീതിപീഠവും മാതൃകയായി. ഭാര്യയെ കൊലപ്പെടുത്തിയ എഴുപത്തിയഞ്ച്കാരനാണ് പതിനൊന്നു ദിവസത്തിനുള്ളില്‍ അന്വഷണം നടത്തി ശിക്ഷ വാങ്ങി കൊടുത്തത്. ജൂണ്‍ 27ന് വല്‍സിയില്‍ അറുപത്തിമൂന്നുകാരിയായ ഭാര്യ പുട്ടമ്മയെ കൊന്നതിനാണ് എഴുപത്തിയഞ്ചുകാരനായ ഭര്‍ത്താവ് പരമേശ്വര സ്വാമിക്ക് ജീവപര്യന്തം ശിക്ഷയും അയ്യായിരം രൂപ പിഴയും എസ്.ബി. വസ്ത്രമഠ് വിധിച്ചത്.

 

ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ സംശയത്തില്‍ ഇവര്‍ തമ്മില്‍ ഇടക്കിടയ്ക്ക് വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു എന്ന് ഇവരുടെ മകനായ ഗിരീഷ് മൊഴി നല്‍കിയിരുന്നു. പുട്ടമ്മയുടെ സഹോദരനായ നാഗഭൂഷണ്‍ന്‌റെ പരാതി ലഭിച്ചു ആറു മണിക്കൂറിനുള്ളില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. പരിശോധന നടന്നു പിറ്റേദിവസം തന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുകയും ജൂലായ് മൂന്നിനാരംഭിച്ച വിചാരണയില്‍ ഏഴിന് വിധി വരുകയും ചെയ്തു. ഗിരീഷ് ഉള്‍പ്പെടെ പതിനേഴു സാക്ഷികളെ ആണ് കോടതി വിസ്തരിച്ചത്.

 

റെക്കോര്‍ഡ് വേഗത്തിലുള്ള വിധി ഇന്ത്യന്‍ നീതി ന്യായ വകുപ്പിന്റെ വിജയമാണെന്നും, ഇത്തരം കേസുകളില്‍ തീര്‍പ്പു വേഗത്തില്‍ തന്നെ വേണമെന്നും ചിത്രദുര്‍ഗ എസ്.പി. ശ്രീനാഥ് ജോഷി പറഞ്ഞു.