പീഡനക്കേസില്‍ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച കാസര്‍ഗോഡ് സ്വദേശി പിടിയില്‍

By Web Desk.19 11 2021

imran-azhar

 

 

കാസർഗോഡ്: കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ത്രീയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി. കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്ത്(23) ആണ് പോലീസ് പിടിയിലായത്.

 

2018 ല്‍ കുറ്റകൃത്യം നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന ഇയാള്‍ക്കായി ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ യു.എ.ഇ പോലീസിന്റെ പിടിയിലായ വിവരം സ്റ്റേറ്റ് ഇന്റര്‍പോള്‍ ലെയിസണ്‍ ഓഫീസര്‍ കൂടിയായ ഐ.ജി സ്പര്‍ജന്‍കുമാറിനെ അറിയിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്.

 

ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ന്യൂഡെല്‍ഹിയില്‍ എത്തിച്ച ഇയാളെ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ്.കെയുടെ നേതൃത്വത്തിലുളള സംഘം ന്യൂഡെല്‍ഹിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

 

സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ആരംഭിച്ച ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ കോ ഓര്‍ഡിനേഷന്‍ ടീമാണ് കുറ്റകൃത്യം നടത്തി വിദേശത്തേക്ക് കടക്കുന്നവര്‍ക്കെതിരെ റെഡ്‌നോട്ടീസ് പുറപ്പെടുവിക്കുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിനാണ് ടീമിന്റെ മേല്‍നോട്ടം.

 

OTHER SECTIONS