By Web Desk.14 11 2020
ദുബൈ: ഫാമില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള ഒട്ടകത്തെ മോഷ്ടിച്ചതിന് 22കാരനായ പാകിസ്ഥാന് സ്വദേശി ദുബായില്‍ അറസ്റ്റില്‍. ഒട്ടകത്തെ പരിപാലിക്കുന്ന ജോലിയുള്ള പാകിസ്ഥാനി 10,000 ദിര്‍ഹം (ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ) വിലയുള്ള ഒട്ടകത്തെയാണ് മോഷ്ടിച്ചത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. യുവാവിനെതിരെ ദുബായ് പബ്ലിക് പ്രോസിക്യൂഷന് കുറ്റം ചുമത്തി. ഇയാള്‍ കസ്റ്റഡിയിലാണ്. കേസില്‍ ഡിസംബര്‍ 21ന് വിധി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
ദുബായിലെ അല്‍ ഹിബാബിലുള്ള ഫാമില്‍ നിന്നാണ് ഒട്ടകം മോഷണം പോയത്. ഒട്ടകത്തെ കാണാതായതോടെ സ്വദേശി ഉടമ ഒട്ടക ചന്തകളിലെ ആളുകളുമായി ബന്ധപ്പെട്ടു. തിരച്ചിലില്‍ അല്‍ മര്‍മോം ഏരിയയിലെ മാര്‍ക്കറ്റില്‍ ഇയാളുടെ ഒട്ടകമുള്ളതായി കണ്ടെത്തി. തുടര്‍ന്ന് സ്വദേശി ഉടമസ്ഥന് ദുബായ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മാര്‍ക്കറ്റില്‍ നിന്നും ഒട്ടകത്തെ കണ്ടെത്തിയെന്നും മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറിയെന്നും ഔദ്യോഗിക രേഖകളില്‍ പറയുന്നു.