By priya.10 07 2022
ജാര്‍ഖണ്ഡിലെ ആദിത്യപുരില്‍ വ്യവസായി കനയ്യ സിങ്ങിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും അറസ്റ്റില്‍.പ്രണയബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് മകള്‍ അപര്‍ണയും (19), കാമുകന് രാജ്വീര് സിങും(21) കനയ്യ സിങ്ങിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരെ കൂടാതെ നിഖില്‍ ഗുപ്ത, സൗരഭ് കിസ്കു എന്നിവരെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.പ്രതികളായ രണ്ടുപേര്‍ ഒളിവിലാണ്.
ജൂണ്‍ 30 നാണ് ഹരി ഓം നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് കനയ്യസിങ് കൊല്ലപ്പെട്ടത്.വാഹനത്തിലെത്തിയ മൂന്നംഗ സംഘം കനയ്യസിങ്ങിനെവെടിവെച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.അന്വേഷണത്തില്‍ കൃത്യത്തിനു പിന്നില്‍ മകളാണ് തിരിച്ചറിഞ്ഞു. അഞ്ചു വര്‍ഷമായി അപര്‍ണയും രാജ്വീറും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കനയ്യ സിങ് ഈ ബന്ധത്തെ എതിര്‍ത്തു.രാജ്വീറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് രാജ്വീറും കുടുംബവും മറ്റൊരിടത്തേക്കു താമസം മാറി. ഇതിനിടെ മകള്‍ക്ക് വിവാഹാലോചനകളും കനയ്യസിങ് നടത്തുന്നുണ്ടായിരുന്നു.
വിവാഹാലോചനകള്‍ ആരംഭിച്ചപ്പോഴാണ് അച്ഛനെ കൊല്ലാന്‍ അപര്‍ണ തീരുമാനിച്ചത്.ഈ വിവരം കാമുകനോട് പറഞ്ഞു.കാമുകന്റെ സഹായത്തോടെയാണ് നിഖില്‍ ഗുപ്ത, രവി സര്‍ദാര്‍, ഛോട്ടു ഡിഗ്ഗി എന്നിവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്. പണം കണ്ടെത്തുന്നതിനായി അപര്‍ണ വജ്രമോതിരവും രാജ്വീര് സിങ്ങിന് നല്കി. രാജ്വീര് ഈ മോതിരം വില്‍ക്കാതെ തന്നെ പണം കണ്ടെത്തി ക്വട്ടേഷന്‍ സംഘത്തിനു നല്കി.
കനയ്യ പോകുന്ന സ്ഥലങ്ങളെക്കുറിച്ചെല്ലാം അപര്‍ണ ക്വട്ടേഷന്‍ സംഘത്തിനു വിവരം നല്‍കിയിരുന്നു.ആദ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് അപ്പാര്‍ട്ട്മെന്റില്‍ വച്ചുതന്നെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പ്രതികള്‍ പല സ്ഥലത്തായി ഒളിവില്‍ പോയെന്നും പൊലീസ് പറഞ്ഞു. കൃത്യം നടത്താന്‍ ഉപയോഗിച്ച തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. അപര്‍ണ നല്കിയ വജ്രമോതിരവും പണവും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.