കണ്ണൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകം; പ്രതികള്‍ സിനിമ കണ്ടിട്ടേയില്ല

By RK.11 09 2021

imran-azhar

 

കണ്ണൂരിലും ദൃശ്യം മോഡല്‍ കൊലപാതകം. കാണാതായ മറുനാടന്‍ തൊഴിലാളി അഷിക്കുല്‍ ഇസ്ലാമിനെയാണ് സുഹൃത്തുക്കള്‍ കൊന്ന് കുഴിച്ചുമൂടിയത്. പെരുവളത്ത് പറമ്പ് കുട്ടാവില്‍ പണി നടക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്.

 

കഴിഞ്ഞ ജൂണ്‍ 28 നാണ് പ്രതികള്‍ അഷിക്കുല്‍ ഇസ്ലാമിനെ സുഹൃത്തുക്കളായ പരേഷും ഗണേശും ചുറ്റികകൊണ്ട് തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത്. പണത്തിനു വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

 

അഷിക്കുലിന്റെ മൃതദേഹം പണിനടന്നുകൊണ്ടിരുന്ന ശൗചാലയത്തില്‍ ഒരു മീറ്ററോളം ആഴത്തില്‍ കുഴിച്ചിട്ടു. തുടര്‍ന്ന് നിലം കോണ്‍ക്രീറ്റ് ചെയ്തു.

 

 

അഷിക്കുലിനെ കാണാതായതോടെ സഹോദരന്‍ മോമിന്‍ ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ പോയശേഷം ഇസ്ലാമിനെ കാണാനില്ലെന്ന് മോമിനെ വിളിച്ചറിയിച്ചത് പരേഷാണ്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പരേഷും ഗണേഷും മുങ്ങി. രണ്ടുപേരും മുങ്ങിയത് ഇവരെ ചുറ്റിപ്പറ്റിയുള്ള സംശയത്തിന് ബലം നല്‍കി. ഇരുവരുടെയും ഓണ്‍ സ്വിച്ച് ഓഫായിരുന്നു.

 

പരേഷ് ഇടയ്ക്കിടെ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ മഹാരാഷ്ടയിലുണ്ടെന്ന് വ്യക്തമായി.

 

പൊലീസ് സംഘവും ആളെ തിരിച്ചറിയാന്‍ കൊല്ലപ്പെട്ട അഷിക്കുല്‍ ഇസ്ലാമിന്റെ സഹോദരന്‍ മോമിനും കഴിഞ്ഞ ശനിയാഴ്ച മുംബൈയിലേക്ക് പുറപ്പെട്ടു.

 

മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ പാല്‍ഗര്‍ എന്ന സ്ഥലത്തെ ടവറിന്റെ പരിധിയിലാണ് മണ്ഡലിന്റെ ഫോണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കി. ചൊവ്വാഴ്ച രാവിലെ പോലീസ് സംഘമെത്തുമ്പോള്‍ പ്രതി കെട്ടിടനിര്‍മാണ ജോലിയിലായിരുന്നു.

 

ഇസ്ലാമിന്റെ സഹോദരന്‍ മോമിന്‍ പ്രതിയെ തിരിച്ചറിഞ്ഞു. പോലീസ് വളഞ്ഞപ്പോള്‍ രക്ഷപ്പെടാനൊന്നും ശ്രമിക്കാതെ മണ്ഡല്‍ കീഴടങ്ങി. സംഭവങ്ങളെല്ലാം വിവരിക്കുകയും ചെയ്തു. ഗണേഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

 

ദൃശ്യം മോഡലിലാണ് കൊലപാതകം. എന്നാല്‍, ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്നാണ് പരേഷ് പൊലീസിനോട് പറഞ്ഞത്.

 

 

 

 

 

 

 

OTHER SECTIONS