മദ്യപാനത്തിനിടെ പ്രകോപനം; യുവാവിനെ വെട്ടി സുഹൃത്ത്

By online desk.25 10 2019

imran-azhar

 

തിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തിന്റെ കഴുത്തിൽ വെട്ടിയതിന് ശേഷം ഓടിയൊളിച്ച യുവാവ് പിടിയില്‍. ഇന്നലെ രാത്രി വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയിലാണ് സംഭവം. പുളിങ്കുടി സ്വദേശികളും അടുത്ത സുഹൃത്തുക്കളുമായ അനില്‍കുമാറും അജിയും മദ്യപിച്ചിരിക്കുകയായിരുന്നു. ഇടയ്ക്ക് ഇവര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.പ്രകോപിതനായ അജി കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് അനില്‍കുമാറിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. കലി അടങ്ങാതെ വയറ്റില്‍ കത്തി കുത്തിയിറക്കുകയും ചെയ്തു.സംഭവത്തിനു ശേഷം മരണ വെപ്രാളത്തില്‍ ഞെരങ്ങിയ സുഹൃത്തിനെ അവിടെ ഉപേക്ഷിച്ച് അജി ഓടി മറയുകയായിരുന്നു. ഞെരക്കം കേട്ടെത്തിയ അയല്‍വാസികള്‍ അനില്‍കുമാറിനെ തക്ക സമയത്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ചതു കൊണ്ടു മാത്രം ജീവന്‍ രക്ഷിക്കാനായി. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അനില്‍കുമാര്‍ ഇപ്പോള്‍ ജീവനു വേണ്ടി പൊരുതുകയാണ്.

 

അജിയെ പലഭാഗത്തും ഇന്നലെ രാത്രി തന്നെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ഇയാളുടെ വീട്ടില്‍ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. അജിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

OTHER SECTIONS