ഹൈറേഞ്ചില്‍ അനധികൃത-വ്യാജ മദ്യവില്‍പ്പന കൊഴുക്കുന്നു

By S R Krishnan.18 Apr, 2017

imran-azhar


കട്ടപ്പന: മദ്യലഭ്യത കുറഞ്ഞത് മുതലെടുത്ത് ഹൈറേഞ്ചില്‍ അനധികൃത മദ്യവില്പനയും വ്യാജ വാറ്റും വ്യാപകമാവുന്നു. പോലീസ്, എക്‌സൈസ് സംഘങ്ങള്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാജവാറ്റു നടക്കുന്നത്. സംസ്ഥാനപാതയോരത്തെ മദ്യവില്പനശാലകള്‍ അടച്ചുപൂട്ടിയത് മുതലെടുത്താണ് വ്യാജവാറ്റു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വാറ്റിയെടുക്കുന്ന മദ്യം രാത്രികാലങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് പതിവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
തങ്കമണിയിലും പരിസരത്തും വ്യാജവാറ്റ് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച കട്ടപ്പന എസ്.ഐ. ടി.സി.മുരുകന്‍ വാറ്റു കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു ലിറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തിരുന്നു. പരിശോധനക്കിടെ പ്രതികളുമായുണ്ടായ മല്‍പ്പിടിത്തത്തില്‍ എസ്.ഐയുടെ തലയ്ക്കു പരിക്കേറ്റിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളായ കമ്പംമെട്ട്, ബോഡിമെട്ട്, കുമളി തുടങ്ങിയ ചെക്ക്‌പോസ്റ്റുകള്‍ വഴി വ്യാപകമായി ജില്ലയിലേയ്ക്ക് മദ്യം എത്തുന്നുണ്ട്. കേരളത്തെ അപേക്ഷിച്ച് തമിഴ്‌നാട്ടില്‍ കുറഞ്ഞ വിലയ്ക്ക് മദ്യം ലഭിക്കുന്നതാണ് അനധികൃത മദ്യ വില്പനക്കാരെ തമിഴ്‌നാട്ടില്‍നിന്ന് മദ്യം എത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ വില്പനശാലകള്‍ കേന്ദ്രീകരിച്ചും അനധികൃത മദ്യവില്പനക്കാര്‍ പ്രവര്‍ത്തിക്കുന്നു. ഔട്ട്‌ലെറ്റുകളിലൂടെ മൂന്നു ലിറ്ററില്‍ കൂടുതല്‍ മദ്യം വ്യക്തികള്‍ക്ക് നല്‍കുന്നത് കുറ്റകരമാണ്. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ കമ്മിഷന്‍ അടിസ്ഥാനത്തില്‍ ഒന്നില്‍ കൂടുതല്‍ ബില്ലുകള്‍ നല്‍കി മദ്യംവില്‍ക്കുന്നതു പതിവാണ്.

 

OTHER SECTIONS