കൊല്ലത്തുനിന്ന് കാണാതായ യുവതിയുടെ മൃതദേഹം പാലാക്കട്ടെ ചതുപ്പിൽ കണ്ടെത്തി

By online desk .30 04 2020

imran-azhar

പാലക്കാട്: കൊല്ലത്ത് കാണാതായ ബ്യൂട്ടീഷ്യന്‍ ട്രെയിനറെ പാലക്കാടുവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. യുവതിയുടെ മൃതദേഹം പാലക്കാട്ടെ ചതുപ്പിൽ നിന്നും കണ്ടെടുത്തു .കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ കാമുകന്‍ കോഴിക്കോട് സ്വദേശിയും പാലക്കാട് കോങ്ങാട് സ്വകാര്യ സ്കൂളിലെ പിയാനോ അധ്യാപകനുമായ പ്രശാന്തിനെ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു .


മാര്‍ച്ച് 20 മുതല്‍ യുവതിയുടെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മാര്‍ച്ച് 22ന് വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാളെ രണ്ടു ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.പ്രശാന്തുമായി ബുധനാഴ്ച പുലര്‍ച്ചെയാണ് കൊല്ലം എ.എസ്.പി. ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലക്കാട്ടെത്തിയത്. എന്നാൽ അതിനുമുമ്പുതന്നെ പാലക്കാടുള്ള ഈ വീട് പരിശോധിച്ച് പോലീസ് സംഘം സീല്‍ ചെയ്തിരുന്നു. രാവിലെ 11 മണിയോടെ പോലീസിന്റെ സഹായത്തോടെ സംഘം തെളിവെടുപ്പിനായി വാടകവീട്ടിലെത്തി.

 

മൃതദേഹം കുഴിച്ചിട്ട പൊന്തക്കാടുകള്‍ വളര്‍ന്ന ഭാഗം പ്രശാന്ത് തന്നെ പോലീസിന് കാണിച്ചുകൊടുത്തു. മൂന്ന് തൊഴിലാളികള്‍ ഒരു മണിക്കൂറിലേറെയെടുത്താണ് മൃതദേഹം പുറത്തെടുത്തത്. കൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

OTHER SECTIONS