പ്രതിശ്രുത വരന് സര്‍പ്രൈസ് ഗിഫ്റ്റ് ; കഴുത്തറുത്ത് യുവതി

By Lakshmi Priya .19 04 2022

imran-azhar

വിജയവാഡ:ആന്ധ്രപ്രദേശില്‍ യുവതി പ്രതിശ്രുത വരന്റെ കഴുത്തറുത്തു . അനകപ്പല്ലെ ജില്ലയിലെ കൊമ്മലപുഡിയിലാണു സംഭവം. സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞു വരന്റെ കണ്ണടപ്പിച്ച ശേഷം പുഷ്പ എന്ന യുവതി കത്തി ഉപയോഗിച്ച് അതിക്രൂരമായി കഴുത്തറുക്കുകയായിരുന്നു. ഹൈദരാബാദില്‍ ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന രാമുനായിഡുവിനെതിരെയാണ് ആക്രമണം നടത്തിയത്.

 

ഗുരുതരമായി പരുക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും വിവാഹം വരുന്ന മേയ് 26ന് നടത്താന്‍ തീരുമാനിച്ചിരുന്നു. യുവാവുമായുള്ള വിവാഹത്തിന് യുവതിക്കു താല്‍പര്യമുണ്ടായിരുന്നില്ലെന്നാണു വിവരം. കുടുംബത്തിന്റെ സമ്മര്‍ദം കാരണമാണു വിവാഹം തീരുമാനിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.വിശാഖപട്ടണം സ്വദേശിയാണു രാമുനായിഡു. പുഷ്പ യുവാവിനെ ഫോണില്‍ വിളിച്ച് സ്വന്തം ഗ്രാമത്തിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.

 

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മലമുകളിലെ ഒരു ക്ഷേത്രത്തിലേക്കു പോയി. സര്‍പ്രൈസ് തരാന്‍ താല്‍പര്യമുണ്ടെന്നും കണ്ണടയ്ക്കണമെന്നും പുഷ്പ യുവാവിനോടു പറഞ്ഞു. യുവാവ് കണ്ണടച്ച് നിമിഷങ്ങള്‍ക്കകം യുവതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രാമുനായിഡുവിന്റെ നില മെച്ചപ്പെട്ടുവരികയാണെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍
സ്‌കൂട്ടറില്‍നിന്ന് വീണാണു യുവാവിനു പരുക്കേറ്റതെന്നു യുവതി പറഞ്ഞു. താല്‍പര്യമില്ലാത്ത വിവാഹത്തിനു വീട്ടുകാര്‍ നിര്‍ബന്ധിക്കുകയാണെന്നും യുവതി പൊലീസിനോടു പരാതിപ്പെട്ടു.

 

 

OTHER SECTIONS