പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊന്ന പിതാവ് അറസ്റ്റിൽ

By Greeshma.G.Nair.16 Apr, 2017

imran-azhar

 

 

 

 

കോഴഞ്ചേരി : പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊന്ന പിതാവ് അറസ്റ്റിൽ . പിതൃത്വത്തില്‍ സംശയിച്ച്‌ 50 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിലായത് സംഭവം നടന്ന് എട്ട് മാസത്തിന് ശേഷം .

 

കോയിപ്രം പുല്ലാട്‌ വരയന്നൂര്‍ താഴത്തേതില്‍ രാജന്‍ എന്നു വിളിക്കുന്ന പ്രദീപ്‌ കുമാര്‍ (45) ആണ്‌ അറസ്‌റ്റിലായത്‌. മൂന്നാമത്തെ മകന്‍ അഭിജിത്‌ പി. നായരെയാണ്‌ ഇയാള്‍ കൊലപ്പെടുത്തിയത്‌.

 

പുല്ലാട്‌ സ്‌റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്‌ പ്രദീപ്‌ കുമാര്‍. ഇയാളുടെ അമ്മ മരിച്ച്‌ സംസ്‌കാരം നടന്നതിന്റെ രണ്ടാം ദിവസം പുലര്‍ച്ചെയാണ്‌ കുട്ടിയെ തലകീഴായി നിലത്തേക്കിട്ടത്‌. മാതാവ്‌ അശ്വതി രാവിലെ ആറുമണിയോടെ പാല്‍ കൊടുത്ത്‌ കുട്ടിയെ ഉറക്കിയ ശേഷം അടുക്കളയിലേക്ക്‌ ചായ ഇടാന്‍ പോയപ്പോഴാണ്‌ പ്രദീപ്‌ കടുംകൈ ചെയ്‌തത്‌.

 

എന്നാൽ കൊതുക് വല മാറ്റുന്നതിനിടയിൽ കൈ തട്ടി കുഞ്ഞ് താഴെ വീണെന്നാണ്
പ്രദീപ് വീട്ടുകാരോട് പറഞ്ഞത് .അതിൽ അസ്വഭാവികമായി ഒന്നും തന്നെ ആരും കണ്ടെത്തിയില്ല .

 

എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉള്ള സൂചനകൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിൽ പ്രദീപ് കുടുങ്ങുകയായിരുന്നു .

 

പൊലീസിന് നൽകിയ മൊഴി ;

പ്രദീപ്‌ കുമാര്‍ -അശ്വതി ദമ്പതികള്‍ക്ക്‌ ഏഴും അഞ്ചും വയസുള്ള രണ്ട്‌ ആണ്‍കുട്ടികളുണ്ട്‌ അഞ്ചു വര്‍ഷത്തിന്‌ ശേഷമാണ്‌ മൂന്നാമതും അശ്വതി ഗര്‍ഭം ധരിച്ചത്‌ ഇത്‌ അലസിപ്പിക്കുവാന്‍ പ്രദീപ്‌ പല തവണ നിര്‍ബന്ധിച്ചു.

 

മൂന്നു കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതു കൊണ്ടാണ്‌ കൊലപാതകം നടത്തിയത്‌ എന്നാണ്‌ ആദ്യം ഇയാള്‍ പോലീസിനോട്‌ പറഞ്ഞത്‌.എന്നാല്‍, വിശദമായ ചോദ്യം ചെയ്യലില്‍ പിതൃത്വത്തില്‍ സംശയിച്ചാണ്‌ കുഞ്ഞിനെ കൊന്നത്‌ എന്ന്‌ സമ്മതിക്കുകയായിരുന്നു.


ജില്ലാ പോലീസ്‌ മേധാവി ബി. അശോകന്റെ നിര്‍ദേശപ്രകാരം പത്തനംതിട്ട ഡിവൈ.എസ്‌.പി. കെ.എ. വിദ്യാധരന്‍, കോഴഞ്ചേരി സി.ഐ. ബി. അനില്‍, കോയിപ്രം എസ്‌.ഐ. ജി. പ്രൈജു, കീഴ്‌ വായ്‌പൂര്‌ എസ്‌.ഐ. ബി. രമേശന്‍. സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ആര്‍. രാജേഷ്‌ കുമാര്‍ എന്നിവരാണ്‌ കേസ്‌ അന്വേഷണം നടത്തിയത്‌.
OTHER SECTIONS