By Vidya.08 10 2021
കൊച്ചി: കാക്കനാട് ലഹരിമരുന്ന്ക്കേസിൽ പിടികൂടിയത് എംഡിഎംഎ അല്ലെന്ന് കെമിക്കൽ പരിശോധനാ റിപ്പോർട്ട്.പിടികൂടിയത് എംഡിഎംഎക്ക് സമാനമായ വീര്യംകൂടിയ മെതാംഫറ്റമൈൻ.കാക്കനാട്ടെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
യൂറോപ്പില്‍ നിന്ന് എത്തിച്ചതാണ് ഈ മെതഫെറ്റമിന്‍ എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.എന്നാൽ എംഡിഎംഎ കൈവശം വച്ചതിന് തുല്യമായ ശിക്ഷ തന്നെയാണ് ഇതിനെന്നും എക്സൈസ് ക്രൈംബ്രാഞ്ച് അറിയിച്ചു.
മെത്ത് എന്നറിയപ്പെടുന്ന വീര്യം കൂടിയ ലഹരിമരുന്നാണിത്.യൂറോപ്പില്‍ നിര്‍മിച്ച മെതഫെറ്റമിന്‍ ശ്രീലങ്കയില്‍ എത്തിക്കുകയും അവിടെനിന്ന് തമിഴ്നാട് വഴി കേരളത്തിലേക്ക് എത്തിക്കുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ.
കാക്കനാട് ഒരു കോടി രൂപയുടെ ലഹരിമരുന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറും, കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. തുടർന്ന് ലഹരി മരുന്ന് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യുന്ന വൻ സംഘമാണ് പിടിയിലായത്.
കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫാബാസ്,ഷംന കാസറഗോഡ് സ്വദേശികളായ അജു എന്ന അജ്മൽ, മുഹമ്മദ് ഫൈസൽ എറണാകുളം സ്വദേശി മുഹമ്മദ് അഫ്സൽ, തൈബ എന്നിവരാണ് പിടിയിലായത്.ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഒടുവിൽ പിടിയിലായ പ്രതി സുസ്മിത ഫിലിപ്പിനെ കോടതി ഈ മാസം 13 വരെ റിമാന്റ് ചെയ്തു.