കടയിൽ പോയി വരാൻ വൈകിയതിന് തൈക്കുടത്ത് 8 വയസ്സുകാരന്‍റെ കാല് സഹോദരീ ഭർത്താവ് പൊള്ളിച്ചു

By sisira.18 01 2021

imran-azhar

 

 

കൊച്ചി: തൈക്കുടത്ത് കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ വൈകിയതിന് മൂന്നാം ക്ലാസ്സുകാരന്‍റെ കാലിൽ തേപ്പുപെട്ടിയും ചട്ടുകവും വച്ച് പൊള്ളിച്ച് സഹോദരീ ഭർത്താവ്.

 

സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി സ്വദേശിയായ പ്രിൻസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 21-കാരനായ പ്രിൻസ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മരട് പൊലീസ് പറയുന്നു.

 

കുട്ടിയുടെ സഹോദരീഭർത്താവാണ് പ്രിൻസ് എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ എട്ട് വയസ്സുകാരന്‍റെ മൂത്ത സഹോദരിക്ക് പ്രായപൂർത്തിയായോ എന്ന കാര്യത്തിൽത്തന്നെ വ്യക്തതയില്ല.

 

അക്കാര്യത്തിൽ വ്യക്തത വന്ന ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

 

കുട്ടി പൊലീസിന് നൽകിയ മൊഴി അനുസരിച്ച് ഒരുവർഷത്തോളമായി ഇയാൾ കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്നാണ് പൊലീസിന് മനസിലായത്.കുട്ടികളുടെ അച്ഛൻ തളർവാതം പിടിപെട്ട് കിടപ്പിലാണ്.

OTHER SECTIONS