By Preethi Pippi.10 10 2021
പൂനെ: പൂനെയിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പൂനെ ഭോസരി പ്രാധികിരൺ സ്പൈൻ റോഡിലെ റിച്ച്വുഡ് ഹൗസിങ് സൊസൈറ്റിയിലെ ഭര്‍തൃവീട്ടില്‍ ഒക്ടോബർ ആറിന് രാത്രിയിലാണ് പ്രീതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭർത്താവ് അഖിലും ഭർതൃമാതാവും ജോലി കഴിഞ്ഞ് എത്തുമ്പോൾ പ്രീതിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ പ്രീതി കൊല്ലപ്പെട്ടതാണെന്നും കൊലയ്ക്ക് പിന്നിൽ അഖിലും മാതാവും ആണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനത്തിന്റെ പേരില്‍ കൊടിയപീഡനമാണ് മകള്‍ അനുഭവിച്ചത്. മകളുടെ മരണം കൊലപാതകമാണ്’– പ്രീതിയുടെ അച്ഛന് മധുസൂദനൻപിള്ള പറയുന്നു.
85 ലക്ഷം രൂപയും 120 പവന് സ്വര്‍ണവുമാണ് ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയതെന്ന് പ്രീതിയുടെ അച്ഛന് പറഞ്ഞു. വർഷങ്ങളായി പ്രീതിയെ ശാരീരികമായും മാനസികമായും ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിക്കുന്നു എന്നാണ് ആരോപണം. ഭർത്താവിന്റെ വീട്ടുകാർ മർദ്ദിച്ചത് ആണെന്ന് കാണിച്ച് പ്രീതി സുഹൃത്തിന് ചിത്രങ്ങൾ അയച്ചിരുന്നു.
താൻ സന്തോഷവതിയാണെന്ന് കാണിക്കാൻ പ്രീതിയുടെ ഫോണിൽ നിന്ന് ഭർത്താവ് അച്ഛന് സന്ദേശങ്ങൾ അയക്കുമായിരുന്നുവെന്നും പുറത്തു വന്ന വാട്സ്ആപ്പ് സന്ദേശങ്ങളിലുണ്ട്.ഫാഷൻ ഡിസൈനിങ് കോഴ്സ് കഴിഞ്ഞ പ്രീതിയുടെയും സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അഖിലിന്റെയും വിവാഹം 2015ലായിരുന്നു.
ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശിയായ അഖിൽ വർഷങ്ങളായി പൂനെയിലാണ് താമസിക്കുന്നത്. അഖിലിനേയും അമ്മയേയും ഗാർഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പ്രീതിയുടെ മൃതദേഹം വാളകത്തുള്ള വീട്ടിൽ എത്തിച്ച് സംസ്കരിച്ചു.