ജാമ്യ വ്യവസ്ഥ ലംഘിച്ച യുവാവിന്റെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു

By Lakshmi priya.10 04 2022

imran-azhar

കൊച്ചി : ജാമ്യ വ്യവസ്ഥ ലംഘിച്ച യുവാവിന്റെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു. ആലുവ എടത്തല കുഴിവേലിപ്പടി ജുമാ മസ്ജിദിന് സമീപം ചാലായില്‍ വീട്ടില്‍ അയൂബ് (26) ന്റെ ജാമ്യമാണ് റദ്ദ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തില്‍ പൂക്കാട്ട് പടിയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 1,60,000 രൂപ കൈക്കലാക്കിയ കേസിലാണ് അയൂബിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നത്.

 

കോടതി ഉത്തരവനുസരിച്ച് എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണമെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ച കാരണത്താലാണ് ജാമ്യം റദ്ദാക്കിയത്. ഇയാള്‍ക്കെതിരെ നിലവില്‍ വേറെയും കേസുകളുണ്ട്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

ജില്ലയില്‍ നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി ഇവര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നുണ്ടോയെന്ന് നിരീക്ഷിച്ചു വരികയാണ്. കൂടാതെ ഇവരുടെ മുന്‍കാല കേസുകളുടെ ജാമ്യവ്യവസ്ഥകളും കര്‍ശനമായി പരിശോധിക്കുന്നുണെന്ന് എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു. നിലവില്‍ 30 പേരുടെ ജാമ്യം റദ്ദാക്കുകയും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് നൂറ്റിപതിനാറ് പേരുടെ ജാമ്യം റദ്ദാക്കുന്നതിനായി റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

OTHER SECTIONS