By sisira.23 01 2021
കാസർഗോഡ് : സ്ത്രീയെ അപമാനിച്ചെന്നാരോപിച്ച് നാട്ടുകാർ മർദിച്ച മധ്യവയസ്കൻ മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാ(49)ണ് മരിച്ചത്.
മരണകാരണം മർദനമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം. മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ സ്ത്രീയോടാണ് റഫീഖ് മോശമായി പെരുമാറിയത്.
ആശുപത്രി പരിസരത്തുണ്ടായിരുന്ന സ്ത്രീകളോട് റഫീഖ് മോശമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട സ്ത്രീ ഇതിനെ ചോദ്യം ചെയ്തു.
തുടർന്ന് റഫീഖ് സ്ത്രീക്ക് നേരെ തിരിയുകയായിരുന്നു. റഫീഖ് തനിക്കു നേരെ നഗ്നതാ പ്രദർശനം ഉൾപ്പെടെ നടത്തിയെന്ന് സ്ത്രീ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
റഫീഖിന്റെ പെരുമാറ്റം അതിരുകടന്നതോടെ സ്ത്രീ ഇയാളെ മർദിച്ചു. തുടർന്ന് ഇയാൾ ആശുപത്രിയിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.
പിന്നാലെ പോയ നാട്ടുകാർ ഇയാളെ പിടികൂടി ആശുപത്രിയിലേക്ക് തന്നെ കൊണ്ടുവന്നു. തുടർന്ന് മർദിച്ചതായാണ് വിവരം.
ഇതിനിടെ റഫീഖ് കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.