ഭാര്യ പ്രസവിച്ചതറിഞ്ഞു കുഞ്ഞിനെ ആദ്യമായി കാണാൻ ആശുപത്രിയിലെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു

By Abhirami Sajikumar.17 Apr, 2018

imran-azhar

തിരുവനന്തപുരം നേമം കല്ലിയൂർ പഞ്ചായത്ത് ഓഫിസിനു സമീപം വിവേകാനന്ദ നഗറിൽ മേലെ തോട്ടത്തുവിള സൂര്യകാന്തി വീട്ടിൽ സുധാകരൻ പ്രഭാവതി ദമ്പതികളുടെ മകൻ, സെക്രട്ടേറിയറ്റ് ജീവനക്കാരനായ കൃഷ്ണകുമാർ (29) ആണു മരിച്ചത്. ഭാര്യാപിതാവ് കല്ലിയൂർ വള്ളംകോട് സ്വദേശി ഉദയകുമാറിനെ പൊലീസ് അന്വേഷിക്കുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഴയില സ്വദേശി അഖിലിനും കുത്തേറ്റു. ഇയാൾ മെഡിക്കൽ കോളേജ്  ആശുപത്രിയിൽ ചികിൽസയിലാണ്. വിഷുദിവസം വൈകിട്ട് അഞ്ചോടെ ജനറൽ ആശുപത്രി–വഞ്ചിയൂർ റോഡിൽ ഗോവിന്ദൻസ് ആശുപത്രിക്കു സമീപമാണു സംഭവം. ഉദയകുമാറിന്റെ മകളും കൃഷ്ണകുമാറിന്റെ ഭാര്യയുമായ അലീന കഴിഞ്ഞ 12നു സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചിരുന്നു. എന്നാൽ കുടുംബ വഴക്കിനെത്തുടർന്നു കുഞ്ഞിനെ കാണാൻ കൃഷ്ണകുമാറിനെ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഉദയകുമാറിനെന്ന് പൊലീസ് പറയുന്നു.

വിഷുദിവസം ഉച്ചയോടെ കൃഷ്ണകുമാർ സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തി. ആശുപത്രി പരിസരത്തുണ്ടായിരുന്ന ഉദയകുമാർ കൃഷ്ണകുമാറിനെ തടഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ഉദയകുമാർ കൈവശമുണ്ടായിരുന്ന കത്തിയെടുത്തു കൃഷ്ണകുമാറിനെ കുത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.തടയാൻ ശ്രമിച്ചപ്പോഴാണ് അഖിലിനും കുത്തേറ്റത്.

ആക്രമിച്ചശേഷം ഉദയകുമാർ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ ഇരുവരെയും പ്രാഥമിക ശുശ്രൂഷ നൽകിയശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും കൃഷ്ണകുമാർ മരിച്ചു. സെക്രട്ടേറിയറ്റ് സഹകരണവകുപ്പിലെ ഡ്രൈവറായ കൃഷ്ണകുമാർ ഒരു വർഷം മുൻപാണ് അലീനയെ വിവാഹം ചെയ്തത്.