കൊല്ലത്തെ സദാചാര ഗുണ്ടായിസം: 3 പേര്‍ പിടിയില്‍

By praveen prasannan.28 Jun, 2017

imran-azhar

കൊല്ലം: ചിതറയില്‍ സദാചാര ഗുണ്ടായിസത്തിന്‍റെ മറവില്‍ വീട്ടമ്മയെയും മകന്‍റെ കൂട്ടുകാരനെയും കെട്ടിയിട്ട മര്‍ദ്ദിച്ച സംഘത്തിലെ മൂന്ന് പേരെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ സ്വദേശികളായ റിയാദ്, സഞ്ജു, അനസ് എന്നിവരാണ് അറസ്റ്റിലായത്.

വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിരുവനന്തപുരം ~കൊല്ലം ജില്ല അതിര്‍ത്തിയില്‍ ചിതറ ദര്‍ഭക്കാട്ടില്‍ കഴിഞ്ഞ 12ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം നടന്നത്.

മകന്‍റെ സുഹൃത്ത് വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവമുണ്ടായതെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.രാത്രി ബഹളം വച്ചെത്തിയ പരിസരവാസികളായ എട്ട് പേര്‍ ചേര്‍ന്ന് വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് ശേഷം സമീപത്തെ മരത്തില്‍ കെട്ടിയിട്ടു. വീണ്ടും മര്‍ദ്ദിച്ചു.

മര്‍ദ്ദിക്കുന്നതിനിടെ തന്‍റെ വസ്ത്രം വലിച്ച് കീറാനും ശ്രമിച്ചെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. മര്‍ദ്ദിച്ച ശേഷം മൊബൈലില്‍ ചിത്രം പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും വീട്ടമ്മ ചൂണ്ടിക്കാട്ടി. തന്നോട് വ്യക്തിവൈരാഗ്യമുള്ള ചിലരാണ് സംഭവത്തിന് പിന്നിലെന്ന് വീട്ടമ്മ പറയുന്നു.