ഗര്‍ഭിണിയായ മകളെയും മരുമകനെയും അച്ഛനും അമ്മാവന്മാരും ചേര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിച്ചു, മകള്‍ മരിച്ചു

By online desk.08 05 2019

imran-azhar

മുംബൈ: അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഗര്‍ഭിണിയായ മകളെയും മരുമകനെയും അച്ഛനും അമ്മാവന്മാരും ചേര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. മകള്‍ രുക്മിണി മരണത്തിന് കീഴടങ്ങി. ഭര്‍ത്താവ് മന്‍ഗേഷ് 50 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലാണ് ദാരുണമായ സംഭവം.

 

രണ്ട് മാസം ഗര്‍ഭിണിയായിരുന്നു രുക്മിണി. ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട ശേഷം പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവന്മാരും ചേര്‍ന്ന് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് രണ്ട് ജാതികളില്‍പ്പെട്ട മന്‍ഗേഷ് രണ്‍സിങ്ങും രുക്മിണിയും വിവാഹിതരായത്. രുക്മിണിയുടെ ബന്ധുക്കളില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടായിരുന്നതിനാല്‍ നഗരത്തില്‍ നിന്നും അല്പം അകലെ മാറിയാണ് ഇരുവരും വിവാഹിതരായത്. രുക്മിണിയുടെ അമ്മ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

 


ഏപ്രില്‍ 30ന് ഇരുവരും തമ്മില്‍ നിസാരകാര്യത്തിന് വഴക്കുണ്ടാകുകയും, രുക്മിണി സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. തുടര്‍ന്ന് മേയ് ഒന്നിന് ഭാര്യയെ വിളിച്ചുകൊണ്ടുപോകാന്‍ എത്തിയ മന്‍ഗേഷിനെ വീട്ടുകാര്‍ എതിര്‍ക്കുകയും മന്‍ഗേഷും രുക്മിണിയുടെ വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രുക്മിണിയുടെ അമ്മാവന്‍ ദമ്പതികളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.

 

നിലവിളികേട്ടെത്തിയ അയല്‍വാസികള്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റ രുക്മിണി ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതു മുതല്‍ ഇരുവര്‍ക്കും വീട്ടുകാരില്‍ നിന്നും വധഭീഷണി ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

OTHER SECTIONS