ആന്‍ലിയയുടെ മനോനില തെറ്റിയെന്നു വരുത്താന്‍ വൈദികന്‍ കൂട്ട് നിന്നു: പിതാവ്

By online desk.25 01 2019

imran-azhar


കൊച്ചി:മകള്‍ മനോനില തെറ്റിയവളാണെന്നു വരുത്തിതീര്‍ക്കാനാണു ഭര്‍ത്താവും വീട്ടുകാരും ശ്രമിക്കുന്നതെന്നു മരിച്ച ആന്‍ലിയയുടെ പിതാവ് ഹൈജിനസ് പാറയ്ക്കല്‍. ഏറെ പീഡനങ്ങളേറ്റ് 25ാം വയസില്‍ ആന്‍ലിയ മരിച്ചതിലെ ദുരൂഹത നീങ്ങാതിരിക്കുമ്പോഴാണു ഹൈജിനസിന്റെ വെളിപ്പെടുത്തല്‍. മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ ചെറുപ്പം മുതല്‍ ആന്‍ലിയ ഹോസ്റ്റലിലാണു താമസിച്ചിരുന്നത്. ഈ ഒറ്റപ്പെടല്‍ ആന്‍ലിയയെ മാനസിക വെല്ലുവിളി നേരിടുന്നവളാക്കിയെന്നു ചിത്രീകരിച്ചാണു പൊലീസിനു മൊഴി നല്‍കിയിട്ടുള്ളതെന്നു ഹൈജിനസ് പറഞ്ഞു.

 

ഇങ്ങനെ മൊഴിയുള്ളതിനാലാണു തൃശൂര്‍ എസിപി അന്വേഷിച്ച കേസില്‍ തുടര്‍ നടപടി ഉണ്ടാകാതിരുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവളാണെന്നു സ്ഥാപിക്കാന്‍ ആന്‍ലിയയെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച രേഖയും പൊലീസിനു നല്‍കിയിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ കാണിക്കാനെന്ന വ്യാജേനെയാണു ആശുപത്രിയില്‍ കൊണ്ടുപോയത്. അവിടെയെത്തിയപ്പോഴാണു കള്ളത്തരം മനസ്സിലായത്. ഈ സമയം ആന്‍ലിയയെ ഡോക്ടറുടെ മുറിയിലേയ്ക്കു തള്ളിക്കയറ്റുകയായിരുന്നു.

 

തന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വൈദികനെ, ആന്‍ലിയ മാനസിക വെല്ലുവിളി നേരിടുവളാണെു സ്ഥാപിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ ഉപയോഗിച്ചു. വൈദികന്‍ നല്‍കിയ കള്ളമൊഴിയാണു കേസില്‍ പൊലീസ് ഉപയോഗിച്ചത്. ഒരു കുടുംബം പോലെ കഴിഞ്ഞ വൈദികനാണ് ഇപ്പോള്‍ വഞ്ചിച്ചിരിക്കുന്നത്. പൊലീസില്‍ കേസ് കൊടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ നിരുത്സാഹപ്പെടുത്താനാണു ശ്രമിച്ചത്. മകളോ പോയി, മകനെ സൂക്ഷിച്ചോ എന്നൊക്കെയാണു വൈദികന്‍ പറഞ്ഞത്.

 

നിര്‍ബന്ധിച്ചപ്പോള്‍ വൈദികന്‍ നല്‍കിയ മൊഴി പൊലീസ് തന്നെ വായിച്ചു കേള്‍പ്പിച്ചു. അതുകേട്ടപ്പോള്‍ ഞെട്ടിപ്പോയി. ഇതിനുപിന്നാലെ തനിക്കെതിരെ കമ്മിഷണര്‍ക്കു വൈദികന്‍ പരാതി നല്‍കി. കമ്മിഷണര്‍ക്കു കാര്യങ്ങള്‍ ബോധ്യപ്പെട്ടു. മകളുടെ മരണവുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ടു പോകാനാണു അദ്ദേഹം പറഞ്ഞത്. തല്‍ക്കാലം വൈദികന്റെ പേരോ അദ്ദേഹം നല്‍കിയ മൊഴിയോ വെളിപ്പെടുത്തുന്നില്ല.

 

ആന്‍ലിയ മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്ന നിലപാടാണു പൊലീസ് മാധ്യമങ്ങളോടു വിശദീകരിച്ചത്. വിവാഹം കഴിപ്പിച്ചയച്ച പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഏതു രീതിയില്‍ മരിച്ചാലും ആറു വര്‍ഷത്തിനുള്ളില്‍ ആണെങ്കില്‍ സ്വമേധയാ കേസ് എടുക്കണം. എന്നാല്‍ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുത്തില്ല. പൊലീസിനെ ആരോ സ്വാധീനിച്ചതിന്റെ ഫലമാണിത്.

 

ഞാന്‍ മാനസിക വെല്ലുവിളി നേരിടുവളാണെന്നു പറയുന്നവര്‍, ജോലി ചെയ്തിരുന്നിടത്തും പഠിച്ചിടത്തും എന്റെ നാട്ടുകാരോടും ചോദിക്കട്ടെ എന്ന് ആന്‍ലിയ പൊലീസിനു നല്‍കാന്‍ തയാറാക്കിയ പരാതിയില്‍ പറയുന്നുണ്ട്. മക്കള്‍ ചെറുതായിരിക്കുമ്പോഴേ താന്‍ വിദേശത്തായിരുന്നു എന്നാണ് ആരോപണം. 2010ലാണ് വിദേശത്തു പോയത്. ആന്‍ലിയയ്‌ക്കൊപ്പം ജോലി ചെയ്തവര്‍ അവര്‍ക്കു മാനസികപ്രശ്‌നം ഇല്ലായിരുന്നെന്നു വിശദീകരിച്ചിട്ടുണ്ട്' ഹൈജിനസ് ചൂണ്ടിക്കാട്ടി. മകള്‍ പരാതി എഴുതി തയ്യാറാക്കിയിരുന്നു.എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നുപറഞ്ഞതിനാലാണ് പരാതി നല്‍കാതിരുന്നത്.ഈ പരാതി പിന്നീടാണ് ഞങ്ങള്‍ കണ്ടെടുത്തത്.ഇത് എഴുതിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മകളുടെ ഭര്‍തൃവീട്ടുകാര്‍ക്കെതിരായ ആരോപണങ്ങള്‍ വിശ്വസിക്കാന്‍ മറ്റുള്ളവര്‍ക്കു കഴിയില്ലായിരുന്നു ജെഹിനസ് പറഞ്ഞു.

 

OTHER SECTIONS