ദമ്പതി കൊലക്കേസ്; ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യുന്നു

By Kavitha J.07 Jul, 2018

imran-azhar

കല്‍പറ്റ: കഴിഞ്ഞ ദിവസം നടന്ന നവദമ്പതികളുടെ കൊലപാതകത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്യുന്നു. മക്കിയാടിനു സമീപം പന്ത്രണ്ടാംമൈല്‍ പൂരിഞ്ഞിയില്‍ നവ ദമ്പതികളായ വാഴയില്‍ ഉമ്മര്‍ (28), ഭാര്യ ഫാത്തിമ (20) എന്നിവരെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ വരെ 19 ഇതര സംസ്ഥാനക്കാരെയാണ് ചോദ്യം ചെയ്തതെന്ന് വെള്ളമുണ്ട എസ്.ഐ പി.ജിതേഷ് പറഞ്ഞു. ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് കൊലയാളിയുടെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണു പൊലീസ്. കൊലയാളിയെ കണ്ടെത്താന്‍ മാനന്തവാടി ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിട്ടുണ്ട്.

 

കൊലപാതകത്തിനു പിന്നില്‍ മോഷണമാണോ വ്യക്തിവൈരാഗ്യമാണോ വ്യക്തമല്ല. വീട്ടിനുള്ളില്‍ നിന്നോ കൊല നടന്ന മുറിക്കുള്ളില്‍നിന്നോ മാരകായുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍, മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണു കൊല നടത്തിയതെന്നു പൊലീസ് പറയുന്നു.