By sisira.22 02 2021
കുഞ്ചിത്തണ്ണി: പവർഹൗസിൽ വണ്ടിത്തറയിൽ രേഷ്മയുടെ കൊലപാതകം മനഃപൂർവമായ നരഹത്യയാണെന്നുറപ്പിച്ച് പോലീസ്.
പ്രതിയെന്ന് സംശയിക്കുന്ന രേഷ്മയുടെ പിതൃസഹോദരനായ അരുൺ എഴുതിയ പത്ത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു.
അരുൺ രാജകുമാരിയിൽ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽനിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. കൂട്ടുകാർക്ക് കത്ത് രൂപത്തിലെഴുതിയതാണ് കുറിപ്പ്.
തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും ഇനി നമ്മൾ തമ്മിൽ കാണില്ല എന്നും കത്തിൽ പറയുന്നു.
രേഷ്മയോട് തനിക്ക് അടങ്ങാത്ത പ്രണയമാണെന്നും ആദ്യനാളുകളിൽ രേഷ്മ അനുകൂലമായി പെരുമാറിയെന്നും പിന്നീട് രേഷ്മ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും എഴുതിയിട്ടുണ്ട്.
സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോയശേഷം പുഴയോരത്ത് ഇരുന്ന് സംസാരിക്കാം എന്നു പറഞ്ഞ് പെൺകുട്ടിയെ റോഡിനു താഴേക്ക് കൊണ്ടുപോയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
എഴുതിവെച്ചിരിക്കുന്ന കത്ത് പ്രകാരം അരുൺ ആത്മഹത്യ ചെയ്തിരിക്കാമെന്ന് കരുതുന്നുണ്ടെങ്കിലും കത്ത് തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മനഃപൂർവം എഴുതിയതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.