എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

By Kavitha J.30 Jun, 2018

imran-azhar


ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. പീഡനത്തിന്‌റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് ഉപയോഗിച്ച് മറ്റൊരു വിദ്യാര്‍ഥി തന്നെ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കൃഷ്ണ ജില്ലയിലെ അഗിരിപള്ളിയിലെ കോളേജ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ഥികളായ ശിവ, വംശി റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് ഒരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടിയെ കൊണ്ടു പോകുകയും അവിടെ മയക്കുമരുന്നു കലര്‍ത്തിയ ജ്യൂസ് കുടിച്ച് അബോധാവസ്ഥയിലായ പെണ്‍കിട്ടിയെ ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമാണുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി കോളജ് അധികൃതരെ സമീപിച്ചപ്പോള്‍ ഇവര്‍ പോലീസിനെ അറിയിക്കാന്‍ തുനിയാതെ ആണ്‍കുട്ടികളോട് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും ചെയ്ത തെറ്റിന് പെണ്‍കുട്ടിയോട് മാപ്പ് പറയാനുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍, പെണ്‍കുട്ടിയുടെയും വിദ്യാര്‍ഥികളുടെയും ഭാവിയെക്കരുതിയാണ് പോലീസില്‍ പരാതി നല്‍കാതിരുന്നതെന്ന് കോളേജ് അധികൃതര്‍ പറയുന്നു. അധികൃതരുടെ ഇടപെടലിന് ശേഷം വംശിയും ശിവയും പീഡനത്തിന്‌റെ ദൃശ്യങ്ങള്‍ സഹപാഠികളുമായി പങ്കുവെയ്ക്കുകയും, അതിനെത്തുടര്‍ന്ന് പ്രവീണ്‍ എന്ന വിദ്യാര്‍ഥി രണ്ടുമാസം മുമ്പ് ദൃശ്യങ്ങള്‍ കാട്ടി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനും പത്തുലക്ഷം രൂപ നല്‍കാനും പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു അല്ലാത്തപക്ഷം ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവീണ്‍ പോലീസ് കസ്റ്റഡിയിലാണ്. എന്നാല്‍, വംശിയെയും ശിവയെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.