ബ്യൂട്ടീഷ്യന്‍ ട്രെയിനറെ കൊന്ന് കുഴിച്ചുമൂടി ;കോഴിക്കോട് സ്വദേശിയായ കാമുകന്‍ പിടിയില്‍

By online desk .30 04 2020

imran-azhar

തിരുവുനന്തപുരം: കൊല്ലത്ത് കാണാതായ ബ്യൂട്ടീഷ്യന്‍ ട്രെയിനറെ പാലക്കാടുവച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ കാമുകന്‍ കോഴിക്കോട് സ്വദേശിയായ പ്രശാന്ത് എന്ന ആളാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. നേരത്തെ രണ്ടുതവണ വിവാഹിതയായ സുചിത്ര ഈ ബന്ധങ്ങള്‍ വേര്‍പെടുത്തിയ ശേഷമാണ് ബ്യൂട്ടീഷ്യന്‍ ട്രെയിനറായത്. പ്രശാന്തിന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ് കൊല്ലപ്പെട്ട സുചിത്ര. 2018ലായിരുന്നു പ്രശാന്തിന്റെ വിവാഹം. സുചിത്രയുമായി ഫോണിലൂടെ സ്ഥിരം സംസാരിക്കുകയും പിന്നീട് ഇവര്‍തമ്മില്‍ അടുക്കുകയുമായിരുന്നു.

 


നേരത്തെയും ഇവര്‍ തമ്മില്‍ ഒരുമിച്ച് താമസിച്ചിരുന്നു. സുചിത്രയില്‍ നിന്നും ഇടയ്ക്കിടെ പ്രശാന്ത് പണം വാങ്ങാറുണ്ടായിരുന്നു. ഇവരുടെ ബന്ധം പ്രശാന്തിന്റെ ഭാര്യ അടുത്തിടെ അറിഞ്ഞു. ഇതോടെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായതോടെ പ്രശാന്ത് സുചിത്രയില്‍ നിന്നും അകലാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തന്നില്‍ നിന്നും വാങ്ങിയ പണം തിരികെ തരണമെന്ന് സുചിത്ര ആവശ്യപ്പെട്ടു. ഇതിനായി നിരന്തരം ഫോണ്‍ വിളിക്കുകയും ചെയ്തിരുന്നു. നിരന്തരമുള്ള ഫോണ്‍ വിളി പ്രശാന്തിന്റെ വീട്ടില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കി. എങ്ങനെയെങ്കിലും ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ആലോചിച്ച ശേഷമാണ് സുചിത്രയെ പ്രശാന്ത് പാലക്കാട്ടേക്ക് കൊണ്ടുപോയത്. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമായിരുന്നു കൊലപാതകമെന്ന് കൊല്ലം ക്രൈം ഡിറ്റാച്ച്‌മെന്റ് എസി ഗോപകുമാല്‍ ബിഗ് ന്യൂസിനോടു പറഞ്ഞു.


ഇയാളുടെ അടുത്തേക്ക് പോകാനായി മാര്‍ച്ച് 17ന് ജോലിചെയ്തിരുന്ന ബ്യൂട്ടി പാര്‍ലറില്‍ നിന്നും ലീവെടുത്തു. ഭര്‍തൃമാതാവിന് സുഖമില്ലെന്നു പറഞ്ഞായിരുന്നു അവധിയെടുത്തത്. ബ്യൂട്ടിപാര്‍ലറിലുള്ളവര്‍ക്ക് ഇവരുടെ വിവാഹബന്ധം വേര്‍പെടുത്തിയ കാര്യം അറിയില്ലായിരുന്നു. രണ്ടു ദിവസം വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും 20 മുതല്‍ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മാര്‍ച്ച് 22ന് വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാളെ രണ്ടു ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

 


സുചിത്രയോട് പാലക്കാട് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ അങ്ങോട്ടേക്ക് പോവുകയായിരുന്നു. അവിടെവച്ച് അവര്‍ മൂന്നു ദിവസം ഒരുമിച്ച് താമസിക്കുകയും ചെയ്തു. യുവതിയുടെ കൈയിലുണ്ടായിരുന്ന ആഭരണങ്ങളും കുറച്ചു പണവും ഇയാള്‍ കൈക്കലാക്കിയിട്ടുണ്ട്. ഇവിടെവച്ച് തന്റെ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കായി. ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് സൂചന. കൊലയ്ക്കു ശേഷം ഇവരെ കുഴിച്ചു മൂടിയതായും കാമുകന്‍ നല്‍കിയ മൊഴിയിലുണ്ട്. കൊല്ലം ക്രൈം ഡിറ്റാച്ച്‌മെന്റ് എസി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം പാലക്കാട്ടേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

OTHER SECTIONS