സംഗീത ചികിത്സ ഓട്ടിസത്തിന് അത്യുത്തമം

പുരാതന കാലം മുതല്‍ക്കെ ലോകത്താകമാനം മ്യൂസിക് തെറാപ്പി വ്യാപകമായിരുന്നു. മനോവികാരങ്ങള്‍ ശരീരത്തെയും ബാധിക്കും എന്നത് പ്രകൃതി നിയമമാണ്. രോഗങ്ങള്‍ ഉണ്ടാകുന്നതും, രോഗശമനം നടക്കുന്നതും ഈ പ്രകൃതി നിയമം അനുസരിച്ചാണ്. രോഗിയുടെ മാനസിക ശാരീരിക തലങ്ങളെ പൂര്‍ണമായി അടുത്തറിഞ്ഞ ശേഷം മാത്രം നല്‍കുന്ന ശ്രമകരമായ ചികിത്സയാണ് മ്യൂസിക് തെറാപ്പി.

New Update
സംഗീത ചികിത്സ ഓട്ടിസത്തിന് അത്യുത്തമം

പുരാതന കാലം മുതല്‍ക്കെ ലോകത്താകമാനം മ്യൂസിക് തെറാപ്പി വ്യാപകമായിരുന്നു. മനോവികാരങ്ങള്‍ ശരീരത്തെയും ബാധിക്കും എന്നത് പ്രകൃതി നിയമമാണ്. രോഗങ്ങള്‍ ഉണ്ടാകുന്നതും, രോഗശമനം നടക്കുന്നതും ഈ പ്രകൃതി നിയമം അനുസരിച്ചാണ്. രോഗിയുടെ മാനസിക ശാരീരിക തലങ്ങളെ പൂര്‍ണമായി അടുത്തറിഞ്ഞ ശേഷം മാത്രം നല്‍കുന്ന ശ്രമകരമായ ചികിത്സയാണ് മ്യൂസിക് തെറാപ്പി.

ദാവീദ് രാജാവ് കിന്നരം മീട്ടി രോഗം സുഖപ്പെടുത്തി

നൂറ്റാണ്ടു പിന്നിടുന്ന സംഗീത ചികിത്സ പുരാതന ഗ്രീസില്‍ പൈതഗോറസും പ്ലേറ്റോയും അരിസ്റ്റോട്ടിലും സംഗീതത്തിന്റെ ചികിത്സാ സാധ്യതകളെ കുറിച്ച് അറിഞ്ഞിരുന്നുവത്രേ. പഴയ നിയമത്തില്‍ ദാവീദ് രാജാവ് കിന്നരം മീട്ടി രോഗം സുഖപ്പെടുത്തിയതായി എഴുതിയിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രേറ്റസും രോഗചികിത്സയ്ക്ക് സംഗീതം ഉപയോഗിച്ചിരുന്നു. ഇന്ത്യയില്‍ മ്യൂസിക് തെറാപ്പി ആരംഭിച്ചത് പുനെയില്‍ ഡോ: ഭാസ്‌കര്‍ ഖാണ്ടേക്കറാണ്. ചെമ്പൈയും കുന്നക്കുടി വൈദ്യനാഥനുമൊക്കെ ഈ ചികിത്സാശാഖയുടെ അനന്തസാധ്യതകള്‍ തേടിയവരാണ്.

മ്യൂസിക്കല്‍ ലൈഫ് പനോരമ

രോഗിയുടെ പ്രായം, മാനസിക നില, കുടുംബ സാഹചര്യം, രോഗാവസ്ഥ, രോഗത്തിന്റെ പഴക്കം, കഴിക്കുന്ന മരുന്നുകള്‍, ഏതെല്ലാം അവയവങ്ങളെ രോഗം ബാധിച്ചിട്ടുണ്ട്. എന്നിങ്ങനെ വിശദാംശങ്ങളെല്ലാം ചോദിച്ചറിയുന്നതാണ് പ്രാരംഭഘട്ടം. രോഗിയുടെ സംഗീതത്തോടുള്ള താത്പര്യവും സംഗീത പാരമ്പര്യവും രോഗനിര്‍ണയത്തിന്റെ ഭാഗമാണ്. ഇത് മ്യൂസിക്കല്‍ ലൈഫ് പനോരമ എന്നാണറിയപ്പെടുന്നത്.

രോഗിയുടെ താത്പര്യവും തെറാപ്പിസ്റ്റിന്റെ മനോധര്‍മവും

ശാസ്ത്രീയ സംഗീതത്തിലെ രാഗങ്ങള്‍ക്ക് രോഗം ശമിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ഇന്ത്യയിലും വിദേശത്തും നടന്ന പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. തലച്ചോറിലെ തരംഗങ്ങളെ ശാന്തമാക്കുന്ന തരം സംഗീതത്തിനാണ് സംഗീത ചികിത്സയില്‍ പ്രാധാന്യം. കവിതയും കീര്‍ത്തനങ്ങളും സിംഫണിയുമൊക്കെ ആകാം. വ്യക്തികളുടെ താത്പര്യവും തെറപ്പിസ്റ്റിന്റെ മനോധര്‍മവും ഇവിടെ പ്രസക്തമാണ്.

തെറാഗ്‌നോസിസ്

തെറപ്പിസ്റ്റ് ഏകദേശം ഒന്നരമണിക്കൂറോളം രോഗിയോടു സംസാരിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്. ഇത് തെറാഗ്‌നോസിസ് എന്നാണറിയപ്പെടുന്നത്. ഡോക്ടറും രോഗിയും തമ്മില്‍ ആത്മബന്ധം ഉടലെടുക്കുന്ന ഘട്ടം കൂടിയാണിത്. തുടര്‍ന്ന് രോഗിയ്ക്ക് അവരുടെ പ്രായത്തിനും ശാരീരികമാനസികാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യമായ രാഗത്തിലുള്ള സംഗീതം നിര്‍ദേശിക്കുന്നു.

ഓട്ടിസവും സംഗീത ചികിത്സയും

സംഗീതത്തിന് ഓട്ടിസം അവസ്ഥയിൽ നിന്നും ഒരാളെ രക്ഷപ്പെടുത്താനാകുമെന്ന് പ0നങ്ങൾ പറയുന്നു. സംഗീതത്തിന് രോഗം ഭേദമാക്കാനുള്ള കഴിവുണ്ടെന്നതിൽ തർക്കമില്ല. സാമൂഹ്യമായ ആശയവിനിമയം മെച്ചപ്പെടുത്താനും തലച്ചോറിൻ്റെ ആരോഗ്യത്തെ ശാക്തീകരിക്കുവാനും സംഗീതത്തിന് കഴിയുമെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടതാണ്. ഇതാണ് ഓട്ടിസത്തിനും സംഗീതം ഒരു മരുന്നാണെന്ന് പറയാൻ പ്രധാന കാരണം. ഓട്ടിസം ബാധിച്ച കുട്ടികളുടെ ആരോഗ്യത്തിന് പാട്ട് പാടുന്നതും സംഗീതോപകരണങ്ങൾ വായിക്കുന്നതുമെല്ലാം ഏറെ ഗുണം ചെയ്യും.

ഓട്ടിസത്തെ സംഗീതത്തിലൂടെ തോല്പിക്കുന്ന 'നിരഞ്ജന്മാർ'

സംഗീതവും ഓട്ടിസവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതിൻ്റെ നിരവധി തെളിവുകളിൽ ഒരാൾ മാത്രമാണ് പാലക്കാട് മേഴത്തൂർ സ്വദേശി നിരഞ്ജൻ. ഇതുപോലെ ഓട്ടിസം ബാധിച്ച ധാരാളം കുട്ടികൾ സംഗീതത്തിൽ പ്രതിഭകളായുണ്ട്. അതുപോലെ ഓട്ടിസം ബാധിച്ചവർ ശ്രുതി തെറ്റാതെ പാടുമെന്നും പലരും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബാധിച്ചവരിൽ സംഗീതത്തിൻ്റെ തെറാപ്യൂട്ടിക് ഗുണങ്ങൾ ശക്തമായിരിക്കും.നമ്മൾ ഒരാളുമായി ആശയവിനിമയം നടത്തുമ്പോൾ അയാൾ പറയുന്നതിൽ ശ്രദ്ധ കൊടുക്കുന്നതിനോടൊപ്പം എപ്പോൾ സംസാരിക്കണമെന്നും അനാവശ്യ ശബ്ദങ്ങൾ അവഗണിക്കണമെന്നും നമുക്കറിയാം. എന്നാൽ ഓട്ടിസം ബാധിച്ചവർക്ക് ഇതൊരു വെല്ലുവിളിയാണ്. ഓട്ടിസം ബാധിച്ച കുട്ടികളിൽ സംഗീതത്തിൻ്റെ ഇടപെടലും സ്വാധീനവും അവരുടെ ആശയവിനിമയത്തെയും തലച്ചോറിൻ്റെ കണക്ടിവിറ്റിയെയും മെച്ചപ്പെടുത്തുന്നു. ഓട്ടിസം കുട്ടികളിൽ ആശയവിനിമയം മെച്ചപ്പെടാൻ സംഗീത ചികിത്സ ഏറെ ഫലപ്രദമാണ്. ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളുകളിൽ മ്യൂസിക് തെറാപ്പി ദൈനംദിന പാഠ്യപദ്ധതിയുടെ ഭാഗമാണ്.

ആല്‍ഫ, ബീറ്റ തരംഗങ്ങള്‍

വളരെ ബഹളമയമായ ഒരുപാട്ട് കേള്‍ക്കുമ്പോള്‍ ഇലക്ട്രോ എന്‍സഫലോഗ്രാം എന്ന (ഇ.ഇ.ജി.) നമ്മുടെ തലച്ചോറുമായി ബന്ധിപ്പിച്ചാല്‍ ബീറ്റാ തരംഗങ്ങളായിരിക്കും രേഖപ്പെടുത്തപ്പെടുന്നത്. ജാഗ്രത് അവസ്ഥ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. അതേസമയം ശാന്തസുന്ദരമായ ഒരു ഗാനം ആസ്വദിക്കുമ്പോള്‍ ആല്‍ഫാ തരംഗങ്ങളാണ് രേഖപ്പെടുത്തുന്നത്. തലച്ചോറിന് ഏറെ സുഖവും ശാന്തിയും പകരുന്നവയാണ് ഈ തരംഗങ്ങള്‍. ഇവ മനസിന് ധ്യാനാത്മകതയും ലയവും പകരുന്നു.

ആല്‍ഫാ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന തരം ഗാനങ്ങള്‍ നമ്മുടെ പിരിമുറുക്കത്തെ അകറ്റും. മനസിന് ഏകാഗ്രത നല്‍കും. ആല്‍ഫാ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ഏറെ മാറ്റമുണ്ടാകുന്നു. ആ സമയത്താണ് പിരിമുറുക്കവും ടെന്‍ഷനും കുറയ്ക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളെ ശരീരം ഉത്പാദിപ്പിക്കുന്നത്. അങ്ങനെ ശരീരം മുഴുവന്‍ സംതുലിതാവസ്ഥയിലെത്തുന്നു. എല്ലാ അവയവങ്ങളും താളാത്മകമാകുന്നു. രോഗമില്ലാത്തവരില്‍ ഇത്തരം ഗാനങ്ങള്‍ കേള്‍ക്കുന്നതിലൂടെ രോഗപ്രതിരോധശക്തി ലഭിക്കുന്നു.

മ്യൂസിക് തെറാപ്പിസ്റ്റ്, വ്യക്തി, ചികിത്സ

യോഗ, ആയുര്‍വേദം, അലോപ്പതി എന്നീ ചികിത്സാശാഖകളുമായി സമന്വയിപ്പിച്ചു ചെയ്യാവുന്ന ചികിത്സാരീതിയാണ് മ്യൂസിക് തെറാപ്പി. മ്യൂസിക് തെറാപ്പി ചെയ്യാന്‍ നന്നായി പരിശീലനം സിദ്ധിച്ച വ്യക്തി തന്നെ വേണം. ഇല്ലെങ്കില്‍ രോഗിക്ക് ഒരു പ്രയോജനവും ലഭിക്കില്ല, ചൂഷണം മാത്രമാകും ഫലം. മ്യൂസിക് തെറാപ്പിസ്റ്റിന് അത്യാവശ്യം മെഡിക്കല്‍ ജ്ഞാനം ഉണ്ടായിരിക്കണം. സംഗീതം അറിഞ്ഞിരിക്കണമെന്നില്ല, അറിഞ്ഞിരുന്നാല്‍ കൂടുതല്‍ നല്ലത്. സംഗീതം അറിയുന്ന ഒരാള്‍ മികച്ച മ്യൂസിക് തെറാപ്പിസ്റ്റ് ആകണമെന്നു നിര്‍ബന്ധമില്ല താനും. രോഗിയെയും രോഗത്തെയും നിര്‍ദേശിക്കേണ്ട രാഗത്തെയുമെല്ലാം മനസിലാക്കാനുള്ള തെറാപ്പിസ്റ്റിന്റെ കഴിവിനാണു പ്രാമുഖ്യം.

മ്യൂസിക് തെറപ്പിക്ക് വിധേയനാകുന്ന വ്യക്തി സംഗീതമറിയണമെന്നു നിര്‍ബന്ധമില്ല. നന്നായി സംഗീതമറിയുന്ന ഒരാളെക്കാള്‍ സംഗീതമറിയാത്ത ആളിനാകും കൂടുതല്‍ ഫലം കിട്ടുന്നത് എന്ന് ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. സംഗീതജ്ഞാനമുള്ള വ്യക്തി പാട്ടു കേള്‍ക്കുമ്പോള്‍ അതിന്റെ ഗുണങ്ങളും ദോഷങ്ങളും തിരഞ്ഞു പോകും. സംഗീതം അറിയാത്ത ആളാകട്ടെ പൂര്‍ണമനസോടെ അതില്‍ ലയിക്കുകയും ചെയ്യും.രോഗമുക്തിയേകുന്ന സംഗീതംപിരിമുറുക്കം മാത്രമല്ല, കൊറോണറി ഹൃദ്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതര ഹൃദ്രോഗങ്ങള്‍, രക്താതിസമ്മര്‍ദ്ദം, കടുത്ത ശരീരവേദനയുണ്ടാക്കുന്ന ആര്‍ത്രൈറ്റിസ്, വിഷാദം മുതലായ രോഗങ്ങള്‍ ഇവയ്‌ക്കെല്ലാം സംഗീത ചികിത്സ പരിഹാരമാണ്.

സംഗീതം ഒരു ഔഷധം

കാന്‍സര്‍ രോഗികള്‍ക്കുള്ള സാന്ത്വനചികിത്സയിലും സംഗീതം ഇടം നേടിക്കഴിഞ്ഞു. ഒരു കുടുംബത്തില്‍ ഒരാള്‍ മ്യൂസിക് തെറപ്പിയുടെ ഭാഗമായി പാട്ടുകേള്‍ക്കുമ്പോള്‍ മറ്റു കുടുംബാംഗങ്ങള്‍ക്കും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നുണ്ട്. താരാട്ടു മുതല്‍ മരണകിടക്കവരെ സംഗീതത്തിന്റെ ചികിത്സാ സാധ്യതകള്‍ നീളുകയാണ്. ഗര്‍ഭിണികള്‍ ഗര്‍ഭകാലത്തേ മ്യൂസിക്തെറപ്പി ചെയ്യുന്നത് പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ രോഗാതുരതകള്‍ അകറ്റും. അമ്മയുടെ താരാട്ട് കുഞ്ഞിനുള്ള സംഗീത ചികിത്സയാണ്. സംഗീതം എല്ലാ അര്‍ഥത്തിലും സുഖദമായ ഒരു ഔഷധമാണ്.

Music therapy is perfect for autism