/kalakaumudi/media/post_banners/c375e59c104770d8422df1025fccf8651a13a7a74a6e9cdc29cc4bdec1f76fb8.jpg)
സി.വി. രാമന്‍പിള്ളയുടെ 'മാര്‍ത്താണ്ഡവര്‍മ്മ’യും'ധര്‍മ്മരാജ’യും 'രാമരാജബഹദൂറ’ും വേണാട്ടുരാജാക്കന്മാരുടെ ഭരണകാലം ആസ്പദമാക്കി രചിച്ച മൂന്ന് ചരിത്രാഖ്യായികകളാണ്. നായര്‍ തറവാടുകളുടെ പശ്ചാത്തലത്തില്‍ പ്രഗത്ഭരായ രണ്ട് രാജാക്കന്മാരിലൂടെ തിരുവിതാംകൂര്‍ ചരിത്രം മൂന്ന് ആഖ്യായികകളില്‍ വരച്ചിടുകയാണ് സി.വി.
മരുമക്കത്തായം നിലനിന്നിരുന്ന അക്കാലത്ത് യുവരാജാവായ മാര്‍ത്താണ്ഡവര്‍മ്മയുടെ സ്ഥാനാരോഹണവും അവകാശപ്രശ്‌നങ്ങളുമാണ് നോവലിന്റെ പശ്ചാത്തലം. നാടുനീങ്ങിയ രാമവര്‍മ്മ മഹാരാജാവിന്റെ പുത്രനായ പത്മനാഭന്‍തമ്പി എട്ടുവീട്ടില്‍പിള്ളമാരുടെ സഹായത്തോടെ യുവരാജാവായ മാര്‍ത്താണ്ഡവര്‍മ്മയെ വധിക്കാന്‍ ശ്രമിക്കുന്നു. ഒളിവില്‍പ്പോയ മാര്‍ത്താണ്ഡവര്‍മ്മ പല സ്ഥലങ്ങളില്‍ സഞ്ചരിച്ച് ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നു.
എട്ടുവീട്ടില്‍പിള്ളമാരെ പരാജയപെ്പടുത്തുന്ന വീരപരാക്രമിയായ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെയാണ് സി.വി. രാമന്‍പിള്ള അവതരിപ്പിക്കുന്നത്. ഒരു നൂറ്റാണ്ടുമുമ്പുള്ള തിരുവിതാംകൂറിന്റെ ചരിത്രവും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലവും സംസ്‌കൃതിയും കണ്‍മുന്നിലെന്നപോലെ സി.വി. രാമന്‍പിള്ള കാട്ടിത്തരുന്നു. സി.വിയുടെ ഭാവനയും കലാവൈഭവവുംകൊണ്ട് ചരിത്രം പുനരാഖ്യാനം ചെയ്തപേ്പാള്‍ കല്‍പിതമേത് സംഭവങ്ങളേതെന്ന് വേര്‍തിരിക്കാനാവാത്ത അവസ്ഥയില്‍ വായനക്കാരും എത്തിച്ചേരുന്നു.
'മാര്‍ത്താണ്ഡവര്‍മ്മ’ പ്രകാശനം ചെയ്ത് ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷമാണ് 'ധര്‍മ്മരാജ’ രചിച്ചത്. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയെന്ന ധര്‍മ്മരാജാവിന്റെ ഭരണകാലരാഷ്ട്രീയ പശ്ചാത്തലമാണ് ഇതിവൃത്തമെങ്കിലും രാജാകേശവദാസ്പിള്ള ദിവാന്‍ജിയുടെ പുരാവൃത്തം നിര്‍മ്മിക്കലാണ് സി.വി.ധര്‍മ്മരാജയിലൂടെ നിര്‍വ്വഹിച്ചത്.
ഹരിപഞ്ചാനന്മാര്‍ രാജവംശത്തോട് പ്രതികാരചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്നതും ദിവാന്‍ കേശവദാസിന്റെ ബുദ്ധിസാമര്‍ത്ഥ്യവും തന്ത്രനൈപുണ്യവുംകൊണ്ട് അവരെ അതിജീവിക്കുന്നതുമാണ് 'ധര്‍മ്മരാജ’യുടെ ഇതിവൃത്തം.പ്രതികാരമെന്ന ലക്ഷ്യം നിറവേറ്റാന്‍ തന്ത്രവും കാപട്യവും കുടിലതയും പയറ്റുവാന്‍ മടിക്കാത്ത ഹരിപഞ്ചാനനയോഗീശ്വരന്‍ ചന്ദ്രക്കാരനുമായി കൂട്ടുചേര്‍ന്ന് ഒരിക്കല്‍ വിജയത്തോടടുത്തുവന്നു. ദിവാന്‍ കേശവപിള്ള തന്റെ കഴിവും ബുദ്ധി തന്ത്രവുംകൊണ്ട് ഹരിപഞ്ചാനനന്മാരെ അമര്‍ച്ച ചെയ്യുന്നു.
അന്നത്തെ നായര്‍ സ്ത്രീകള്‍ തന്റേടികളും സ്വാതന്ത്ര്യം അനുഭവിച്ചിരുന്നവരും സ്വയം തീരുമാനങ്ങള്‍ എടുത്തിരുന്നവരുമാണെന്ന് സി.വി. കാട്ടിത്തരുന്നു. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സുഭദ്ര എന്ന കഥാപാത്രത്തിലൂടെ സ്ത്രീകള്‍ക്ക് അന്നുണ്ടായിരുന്ന സാമൂഹ്യപ്രസക്തിയും പ്രകടമാക്കുന്നു.
മഹത്തായ റഷ്യന്‍ വിപ്‌ളവത്തിന്റെ വിജയവര്‍ഷത്തിലാണ് (1917) സി.വിയുടെ രാമരാജാബഹദൂര്‍ പ്രകാശനം ചെയ്തത്. ടിപ്പുവിന്റെ തിരുവിതാംകൂര്‍ ആക്രമണമാണ് മുഖ്യവിഷയമെങ്കിലും ഉപകഥകള്‍ വളരെ ഭംഗിയായി 'രാമരാജബഹദൂറില്‍’ ഇണക്കിച്ചേര്‍ത്തിരിക്കുന്നു.
ഒരു നൂറ്റാണ്ട് മുമ്പുള്ള ചരിത്ര പുനഃസൃഷ്ടിയിലൂടെ അദൃശ്യമായ യാഥാര്‍ത്ഥ്യങ്ങളെ 'രാമരാജാ ബഹദൂറി'ലൂടെ നമ്മുടെ മുന്നില്‍ അവതരിപ്പിച്ച് സി.വി. മായാജാലം കാട്ടിയിരിക്കുകയാണ്. ഈ മായാജാലം തുടര്‍ന്നുവന്ന എഴുത്തുകാര്‍ക്ക് രൂപാന്തരീകണത്തിന് പ്രചോദനമായിട്ടുണ്ട്.