അഡ്മിഷൻ വേണോ? എങ്കിൽ മദ്യമുൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത്; ഉത്തരവിറക്കി കാലിക്കറ്റ് സർവ്വകലാശാല

ലഹരിവസ്‌തുക്കളുടെ ഉപയോഗമോ വിനിമയമോ ആയി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്നും അത്തരം പ്രവൃത്തികൾക്കുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും അറിയിക്കുന്നുവെന്നാണ് സത്യവാങ്‌മൂലത്തിൽ രക്ഷിതാവും വിദ്യാര്‍ഥിയും ഒപ്പുവച്ച് നല്‍കേണ്ടത്

author-image
online desk
New Update
അഡ്മിഷൻ വേണോ? എങ്കിൽ മദ്യമുൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത്; ഉത്തരവിറക്കി കാലിക്കറ്റ് സർവ്വകലാശാല

കോഴിക്കോട്: വിദ്യാർത്ഥികൾക്കായി വിചിത്രമായ ഉത്തരവ് ഇറക്കി കാലിക്കറ്റ് സർവ്വകലാശാല. കാലിക്കറ്റ് സർവകലാശാലയ്‌ക്കു കീഴിലുള്ള എയ്‌ഡഡ്, സ്വാശ്രയ കോളജുകളില്‍  ഇനി മുതല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പ്രവേശനം  ലഭിക്കണമെങ്കിൽ മദ്യമുൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാൻ പാടില്ല.  ഫെബ്രുവരി 27-ന്  കാലിക്കറ്റ് സർവകലാശാല  ഇറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. സർക്കുലർ ഇതിനോടകം വിവാദമായിരിക്കുകയാണ്.

2020-21 അധ്യയന വര്‍ഷം മുതല്‍ അഡ്‌മിഷൻ സമയത്ത് വിദ്യാര്‍ഥികൾ മദ്യമോ ലഹരിയോ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ പ്രവേശനം ലഭിക്കൂ. അല്ലാത്തവർക്ക് അഡ്‌മിഷൻ ലഭിക്കില്ല. കോളേജുകൾക്ക് പുറമേ യൂണിവേഴ്‌സിറ്റി പഠനവിഭാഗങ്ങൾക്കും ഉത്തരവ് ബാധകമാണ്. മക്കൾ ലഹരി ഉപയോഗിക്കുന്നില്ല എന്ന സത്യവാങ്‌മൂലത്തിൽ മാതാപിതാക്കളും ഒപ്പിടണം. ലഹരിവസ്‌തുക്കളുടെ ഉപയോഗമോ വിനിമയമോ ആയി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്നും അത്തരം പ്രവൃത്തികൾക്കുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും അറിയിക്കുന്നുവെന്നാണ് സത്യവാങ്‌മൂലത്തിൽ രക്ഷിതാവും വിദ്യാര്‍ഥിയും ഒപ്പുവച്ച് നല്‍കേണ്ടത്.

ലഹരിവിരുദ്ധ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് രജിസ്‌ട്രാർ ആണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന ലഹരിവിരുദ്ധ സമിതി യോഗത്തിലാണ് ഇത്തരമൊരു ശുപാര്‍ശ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു മുൻപിലെത്തിയത്. ഒരു വർഷത്തിനു ശേഷം ശുപാർശ നടപ്പിലാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ഉത്തരവ് നടപ്പിലാക്കാനാണ് സർവകലാശാലയുടെ തീരുമാനം. യൂണിവേഴ്‌സിറ്റി പഠന വിഭാഗം മേധാവികള്‍ക്കും എയ്‌ഡഡ്, സ്വാശ്രയ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ എത്തിച്ചിട്ടുണ്ട്.

calicut university