പരീക്ഷക്കാലം: രക്ഷിതാക്കളോട് 10 കാര്യങ്ങള്‍

പരീക്ഷക്കാലമായി. വര്‍ഷാവസാന പരീക്ഷകള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം. അദ്ധ്യാപകര്‍ വര്‍ഷാരംഭത്തില്‍ തുടങ്ങിവച്ച കുട്ടികളുടെ നിരന്തര മൂല്യനിര്‍ണ്ണയ പഠന പുരോഗതി വിലയിരുത്തല്‍ എല്ലാം അവസാനിച്ചുകഴിഞ്ഞു. 10-ാം ക്ലാസ്സിലേയും 12-ാം ക്ലാസ്സിലേയും കൂട്ടുകാര്‍ക്ക് പൊ

author-image
online desk
New Update
 പരീക്ഷക്കാലം: രക്ഷിതാക്കളോട് 10 കാര്യങ്ങള്‍

 

പരീക്ഷക്കാലമായി. വര്‍ഷാവസാന പരീക്ഷകള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം. അദ്ധ്യാപകര്‍ വര്‍ഷാരംഭത്തില്‍ തുടങ്ങിവച്ച കുട്ടികളുടെ നിരന്തര മൂല്യനിര്‍ണ്ണയ പഠന പുരോഗതി വിലയിരുത്തല്‍ എല്ലാം അവസാനിച്ചുകഴിഞ്ഞു. 10-ാം ക്ലാസ്സിലേയും 12-ാം ക്ലാസ്സിലേയും കൂട്ടുകാര്‍ക്ക് പൊതു പരീക്ഷ മാത്രമേ ഇനി ബാക്കിയുള്ളൂ. മറ്റു ക്ലാസ്സുകാര്‍ക്ക് വാര്‍ഷിക പരീക്ഷയുണ്ട്. ഈ സന്ദര്‍ഭത്തില്‍ മാതാപിതാക്കളായ നമുക്ക് കുട്ടികളെ സഹായിക്കാനാകണം. കുട്ടിക്ക് ഒരു താങ്ങായി, തണലായി, ആത്മവിശ്വാസം പകരുന്ന സഹായിയായി വരും ദിവസങ്ങളില്‍ പഠനപ്രവര്‍ത്തനങ്ങളില്‍ പാഠഭാഗം ഹൃദിസ്ഥമാക്കുതുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പിന്‍ബലം നല്‍കി നല്ല രക്ഷിതാക്കളായി പ്രവര്‍ത്തിക്കാന്‍ നമുക്കു കഴിയണം. ശുഭാപ്തിവിശ്വാസവും പക്വതയുള്ളയുമുളളവരാകണം. മക്കള്‍ക്ക് മാതാപിതാക്കള്‍ സ്‌നേഹത്തോടെ കൈതാങ്ങ് നല്‍കിയാല്‍ അവര്‍ മുന്നേറും ഉന്നതവിജയം കൈവരിക്കും. നിശ്ചയം.

രക്ഷിതാക്കള്‍ നിര്‍ബന്ധമായുംശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

1.ആത്മവിശ്വാസം നല്‍കുക

എല്ലാവിധത്തിലുള്ള സ്‌നേഹവും പരിചരണവും മാതാപിതാക്കള്‍ ഉറപ്പുവരുത്തേണ്ട സമയമാണിത്. തന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും പഠനപ്രവര്‍ത്തനങ്ങളിലും സഹായിക്കാന്‍ മാതാവും പിതാവും എന്നോടൊപ്പമുണ്ടെന്ന വിശ്വാസം ഉള്ളിലുള്ള കുട്ടിക്ക് ആത്മവിശ്വാസത്തോട് പഠിച്ച് പരീക്ഷ നന്നായി എഴുതാനാകും. പഠനരീതിയിലും പഠനവേഗതയിലുമെല്ലാം കുട്ടികള്‍ ഏറെ വ്യത്യസ്തരായിരിക്കും. അക്കാരണത്താല്‍ തന്നെ മറ്റു കുട്ടികളുമായുള്ള താരതമ്യപ്പെടുത്തലുകള്‍ക്കോ, കുറ്റപ്പെടുത്തലുകള്‍ക്കോ പ്രസക്തിയില്ല. മാതാപിതാക്കള്‍ തന്നെ പരീക്ഷയെക്കുറിച്ചുള്ള അനാവശ്യ ഉത്കണ്ഠ ഒഴിവാക്കി, കുട്ടികളെ ലക്ഷ്യബോധത്തോടെ പരീക്ഷയെ അതിജീവിച്ച് ജീവിത വിജയം നേടാന്‍ പരിശീലിപ്പിക്കുകയാണ് വേണ്ടത്.

2.നൂതന പരീക്ഷാരീതികള്‍ രക്ഷിതാക്കളറിയണം

നിലവിലുള്ള പരീക്ഷാരീതികളൊന്നും എനിക്കറിയില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ ഒഴിഞ്ഞു മാറരുത്. പഠനം എങ്ങനെ നടത്തണം, പരീക്ഷയെ എങ്ങനെ നേരിടണം, എങ്ങനെ പരിശീലിക്കണം, പരീക്ഷയ്ക്ക് ലഭ്യമായ സമയം എങ്ങനെ നന്നായി ഉപയോഗിക്കണം, എന്നൊക്കെ മക്കളെ ഉപദേശിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. ഇന്നത്തെ പരീക്ഷാ രീതികള്‍ മനസ്സിലാക്കി മക്കളുടെ പഠനപുരോഗതി വിലയിരുത്തി അവരെ മുന്നോട്ട് നയിക്കുവാന്‍ ശ്രദ്ധാലുക്കളാകണം.

3.താങ്ങാവുക, തണലാവുക

രക്ഷിതാക്കള്‍ സദാ താങ്ങായി മക്കള്‍ക്ക് തോന്നണം. മക്കളെ തലോടണം. പഠനത്തില്‍ അവര്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ സ്‌നേഹത്തോടെ ചോദിച്ചറിഞ്ഞ് അവര്‍ക്കു കൂടി സ്വീകാര്യമായ പരിഹാരത്തിന് ശ്രമിക്കണം. എനിക്ക് എന്തു ബുദ്ധിമുട്ടുണ്ടായാലും എന്റെ മാതാപിതാക്കള്‍ എപ്പോഴും താങ്ങായി, തണലായി എന്റെ കൂടെയുണ്ടാവും എന്ന ചിന്ത അവര്‍ക്ക് ഏറെ ആശ്വാസം നല്‍കും.

4.ഒന്നും അടച്ചേല്‍പ്പിക്കരുത്

ഓരോ കുട്ടിക്കും അവന്റെതായ മികവുകളും പരിമിതികളും ഉണ്ടായിരിക്കും. മാതാപിതാക്കള്‍ പഠിക്കാനുപയോഗിച്ച തന്ത്രങ്ങള്‍ തങ്ങളുടെ മക്കളുടെമേല്‍ കെട്ടിയേല്‍പ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പരീക്ഷാ കാലത്ത് രക്ഷിതാക്കള്‍ മക്കളുടെ പിറകേ നടന്ന 'പഠിക്ക്, പഠിക്ക്' എന്ന പല്ലവി തുടരെ പാടരുത്. ഇങ്ങനെ ചെയ്യുന്നത് ഗുണത്തിന് പകരം ദോഷമായി ഭവിക്കും. ഇവിടെ രക്ഷിതാക്കള്‍ മക്കളോട് തുറന്ന് സംസാരിച്ച് പഠിക്കാനുള്ള സാഹചര്യം തന്ത്രപരമായി ഒരുക്കുകയാണ് ചെയ്യേണ്ടത്. വര്‍ദ്ധിച്ച ദേഷ്യവും കുറ്റപ്പെടുത്തലും നിര്‍ബന്ധമായും ഒഴിവാക്കണം. ശാന്തമായ പഠനാന്തരീക്ഷം വീട്ടില്‍ ഒരുക്കുന്ന രക്ഷിതാവ് ഇക്കാര്യത്തില്‍ നിപുണന്‍ തന്നെ. ഓര്‍ക്കുക. പരീക്ഷാദിനം വരെ വീട്ടിലെ ഒരു കാര്യത്തിലും കുട്ടികള്‍ക്ക് ഉത്തരവാദിത്വം നല്‍കരുത്.

5. പരീക്ഷ ജീവന്‍മരണ പോരാട്ടമാണെന്ന രീതിയില്‍ കുട്ടികളോട് സംസാരിക്കരുത്. കുട്ടിയുടെ മാനസികവും വൈകാരികവുമായ കാര്യങ്ങള്‍ തിരിച്ചറിയുക, അതിനനുസൃതമായി അവരോട് പെരുമാറുകയും ചെയ്യുക.

6.ഇനിയുള്ള സമയം ക്രമീകരിച്ച് റിവിഷന്‍ പഠനത്തിന് അവസരമൊരുക്കുക. പഴയ ചോദ്യപേപ്പറുകള്‍ നോക്കി ട്രയല്‍ എക്‌സാം നടത്താം. പ്രയാസമേറിയ പാഠഭാഗങ്ങള്‍ ചോദിച്ചറിഞ്ഞ് ആവശ്യമായ സഹായം നല്‍കുക.

7.കരുതല്‍ വീട്ടിനകത്ത്- ശാന്തമായ പഠനാന്തരീക്ഷം വീട്ടില്‍ ഒരുക്കുന്നതിലാണ് രക്ഷിതാവിന്റെ വിരുത്. കുട്ടികളുടെ മനസ്സില്‍ സമ്മര്‍ദം ഉണ്ടാക്കു വാക്കുകള്‍ പറയരുത്. മനസ്സിന് ആശ്വാസം പകരുന്ന കാര്യങ്ങള്‍ സംസാരിക്കുക.

8.രക്ഷിതാക്കളുടെ സാന്നിദ്ധ്യം അനിവാര്യം - പരീക്ഷാദിനം വരെ കുട്ടികള്‍ അവരുടെ പഠനസമയം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ എന്നറിയണമെങ്കില്‍ രക്ഷിതാക്കളുടെ സാന്നിദ്ധ്യം അനിവാര്യമാണ്. മാതാപിതാക്കള്‍ കുട്ടിയെ ശാന്തമായി വിളിച്ചുണര്‍ത്തിയിട്ട് അവരുടേതായ ദിനകൃത്യങ്ങളിലോ, വായനയിലോ മുഴുകാം. വീണ്ടും അവര്‍ സുഖമായി ഉറങ്ങാന്‍ പോകരുത്. പരീക്ഷ കഴിയും വരെ വിനോദയാത്ര, സിനിമ, ടി.വി തുടങ്ങിയവയില്‍ നിന്ന് വീടൊന്നിച്ച് ഗുഡ്-ബൈ പറയണം. കുട്ടിയെ മാത്രം പഠനമുറിയില്‍ തളയ്ക്കരുത്.

9.പരീക്ഷാകാലത്ത് പ്രത്യേക ശ്രദ്ധ

 നിര്‍ബന്ധമായും താഴെപ്പറയുന്ന കാര്യങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം

ഇനിയുള്ള ദിവസങ്ങളില്‍ ആറുമണിക്കൂര്‍ ഉറക്കം ശേഷം മുഴുവന്‍ സമയവും പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൂട്ടിയുടെ ദിനചര്യകള്‍ ക്രമീകരിക്കണം. കുട്ടികളുടെ ആരോഗ്യം, ഭക്ഷണം എന്നിവയില്‍ പ്രത്യേകം ശ്രദ്ധിക്കണം. അമിത ഭക്ഷണവും അല്പ ഭക്ഷണവും അനാരോഗ്യത്തിന് കാരണമാകും. പോഷകസമൃദ്ധമായ ഭക്ഷണം നല്‍കണം. വേനല്‍ക്കാലമായതിനാല്‍ തിളപ്പിച്ചാറിച്ച വെള്ളം ധാരാളം കുടിക്കാന്‍ നിര്‍ദ്ദേശിക്കണം. പച്ചക്കറികളും പഴങ്ങളും കൂടുതല്‍ ഉപയോഗിക്കണം. കൊഴുപ്പു കൂടിയതും വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. വിവാഹം, ഗൃഹപ്രവേശം, ഉത്സവങ്ങള്‍ തുടങ്ങിയ എല്ലാവിധ ആഘോഷപരിപാടിയില്‍ നിന്ന് കുട്ടികളെ ഒഴവാക്കണം.

10.പരീക്ഷ ദിവസങ്ങളില്‍ ഏറെ ശ്രദ്ധിക്കണം.

പരീക്ഷയുടെ ടൈംടേബിള്‍ രക്ഷിതാക്കള്‍ കൃത്യമായി മനസ്സിലാക്കി കുട്ടിയുടെ ധാരണകള്‍ ശരിയാണെന്ന് ഉറപ്പുവരുത്തണം. നേരത്തെതന്നെ പരീക്ഷാകേന്ദ്രങ്ങളില്‍ കുട്ടി എത്തിയെന്ന് ഉറപ്പുവരുത്തണം, പരീക്ഷയ്ക്കു ശേഷം വീട്ടില്‍ എത്തുന്ന കുട്ടിയെ ഓരോ ചോദ്യവും ചോദിച്ച് സമ്മര്‍ദ്ദത്തിലാക്കരുത്. കഴിഞ്ഞത് കഴിഞ്ഞു. അടുത്ത ദിവസത്തെ വിഷയം പഠിച്ചാല്‍ മതി. എല്ലാ പരീക്ഷകളും കഴിഞ്ഞ് ചോദ്യപേപ്പറുകളുടെ വിശകലനമാകാം. ഒരു പരീക്ഷ വിഷമമുള്ളതായി തോന്നിയാല്‍ പേടിക്കേണ്ടെന്ന് കുട്ടിയോട് പറയണം.

ഇനിയുള്ള ദിവസങ്ങളില്‍ ആത്മാര്‍ത്ഥതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം മക്കള്‍ക്കു പകര്‍ന്നു നല്‍കേണ്ടവരാണ് മാതാപിതാക്കള്‍. പരീക്ഷയെ ധീരമായി നേരിടാന്‍ രക്ഷിതാക്കള്‍ കുട്ടികളെ പഠിപ്പിക്കണം. അതിന് ആദ്യം മാതാപിതാക്കള്‍ ധീരരാകണം. ആത്മവിശ്വാസമുള്ളവരാകണം. ശുഭാപ്തിവിശ്വാസം ഉള്ളവരാകണം. സന്തോഷത്തോടെ, സമചിത്തതയോടെ ഓരോ പരീക്ഷാ ദിവസവും ധൈര്യപൂര്‍വ്വം നേരിടുവാന്‍ അവരെ കൈപിടിച്ച് നടത്തുക. വിജയം സുനിശ്ചിതമാണ്.

exam