അണയാത്ത വെളിച്ചം

By online desk.30 01 2019

imran-azhar

 

 

ജനുവരി 30 രക്തസാക്ഷിത്വ ദിനം. ലോകം കണ്ട ഏറ്റവും വലിയ മഹാത്മാവ് വിടചൊല്ലിയ ദിനം. എല്ലാവരേയും സ്‌നേഹിച്ചതിന്റെ പേരില്‍ വെടിയുണ്ടകള്‍ ഏറ്റുവാങ്ങേണ്ടി വന്ന മഹാത്മജിയുട ജീവിത ത്യാഗത്തിന് ഇന്ന് 71 വയസ്സ്. ഭാരതത്തിലെ സമസ്ത ജനങ്ങളുടെയും ഹൃദയത്തില്‍ ആ മഹാനായ ഭാരതപുത്രന്‍ ഇന്നും ജീവിക്കുന്നു. ജീവിതംതന്നെ സന്ദേശമാക്കിയ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ആത്മസമര്‍പ്പണം ചെയ്തു. ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളുംസംഭാവനകളും പുതിയ തലമുയ്ക്ക് പാഠപുസ്തകമാണ്. 

 

ലോകം നടുങ്ങിയ നേരം :1948 ജനുവരി 30

 

ഗാന്ധിജിയും സര്‍ദാര്‍പട്ടേലുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. മനുവും ആഭയും ഭക്ഷണവുമായെത്തി. അവര്‍ വാച്ചെടുത്തു കാണിച്ചു. പട്ടേലുമായുളള ചര്‍ച്ച അല്പം നീണ്ടുപോയതിനാല്‍ പ്രാര്‍ത്ഥനായോഗത്തിനു പുറപ്പെടാന്‍ 10 മിനിട്ട് വൈകിപ്പോയി. അപ്പോള്‍ സമയം 5.10. മനുവിന്റെയും ആഭയുടയും തോളില്‍ കയ്യിട്ട് പ്രാര്‍ത്ഥനാ മൈതാനത്തിലേക്കു നടന്നു. ഗാന്ധിജി യോഗസ്ഥലത്തേക്കു പ്രവേശിച്ചപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് കൈകൂപ്പി. ആ സമയം ഗാന്ധിജിയെ നമസ്‌ക്കരിക്കാനെന്ന ഭാവത്തില്‍ ഒരു ചെറുപ്പക്കാരന്‍ ആളുകളെ ഉന്തിത്തളളിക്കൊണ്ടു വന്നു. മനു തടഞ്ഞു. മനുവിനെ തളളി താഴയിട്ട നാഥുറാം വിനായ ഗോഡ്‌സേ അതിവേഗം കൈത്തോക്കെടുത്ത് മഹാത്മജിയുടെ നേരെ നിറയൊഴിച്ചു. ആദ്യവെടിയേറ്റപ്പോള്‍ തന്നെ ആ മഹാത്മാവ് നിലത്തേക്കു ചാഞ്ഞു. രണ്ടാമത്തെ വെടിയില്‍ രക്തം ചിതറി. ''ഹേ രാമാ, ഹാ, ദൈവമേ'' ആ ചുണ്ടുകള്‍ മന്ത്രിച്ചു. മൂന്നാമത്തെ വെടിയില്‍ ആ വിശ്വപൗരന്റെ ശരീരം മണ്ണില്‍ വീണു. ശരീരത്തില്‍ നിന്ന് രക്തമൊഴുകി. മെതിയടിയും കണ്ണടയും ദൂരേയ്ക്ക് പതിച്ചു. ഇന്ത്യാമഹാരാജ്യത്തിന്റെ ഹൃദയം നുറുങ്ങിത്തെറിച്ച നിമിഷം. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

 

ഇന്ത്യയുടെ ദീപം പൊലിഞ്ഞു

 

ബിര്‍ളാ മന്ദിരത്തിനു പുറത്തു തടിച്ചുകൂടിയ ജനാവലിയെ അഭിസംബോധന ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ പ്രസിദ്ധമാണ്. ''ഇന്ത്യയുടെ ദീപം പൊലിഞ്ഞു.''. നെഹ്‌റു തുടര്‍ന്നു. ''നമ്മുടെ ജീവിതത്തിലെ പ്രകാശം കെട്ടു. ഈ രാജ്യത്ത് തെളിഞ്ഞു നിന്നിരുന്ന ആ പ്രകാശം വെറും സാധാരണ പ്രകാശമായിരുന്നില്ല. ഒരായിരം വര്‍ഷങ്ങള്‍ക്കു ശേഷവും ആ പ്രകാശം രാജ്യത്ത് കാണപ്പെടും.''

 

ഒരു വിപ്ലവകാരി ജനിക്കുന്നു

 

1869 ഒക്‌ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്തര്‍ എന്ന ചെറു പട്ടണത്തിലാണ് മോഹന്‍ദാസ് ജനിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1888ല്‍ അദ്ദേഹം നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്കു പോയി. നിയമപഠനത്തിനുശേഷം ഇന്ത്യയിലേക്കു മടങ്ങിയ ഗാന്ധിജി കുറച്ചുകാലം വക്കീലായി മുംബയില്‍ ജോലി ചെയ്തു. 1893ല്‍ അദ്ദേഹം ഒരു ഇന്ത്യന്‍ കമ്പനിയില്‍ വക്കീലായി ജോലി ചെയ്യാന്‍ ദക്ഷിണാഫ്രിക്കയിലേക്കു കപ്പല്‍ കയറി. കറുത്ത വര്‍ഗ്ഗക്കാരോടുളള വെളളക്കാരുടെ രൂക്ഷമായ വിവേചനം ഗാന്ധിജിയെ വല്ലാതെ അസ്വസ്ഥമാക്കി. വര്‍ണ്ണവിവേചനത്തിനെതിരെ അദ്ദേഹം കല്ലന്‍ബാഷ് എന്ന വെളളക്കാരനായ സുഹൃത്തിന്റെ സഹായത്തോടെ 1910ല്‍ ''ടോള്‍സ്റ്റോയി ഫാം'' എന്ന പേരില്‍ ഒരു ആശ്രമം സ്ഥാപിച്ചു. ജ•നാട്ടില്‍ തിളച്ചുമറിയുന്ന സ്വാതന്ത്ര്യസമരം ഗാന്ധിജിയെ ഇന്ത്യയിലേയ്ക്ക് മടങ്ങിവരാന്‍ പ്രേരിപ്പിച്ചു. 1915ല്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹം സ്വീകരിച്ച ഉപവാസം, സഹന സമരം, സത്യഗ്രഹം എന്നിങ്ങനെയുളള അഹിംസാ സമരരീതികള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി.

 

വേഷംകെട്ടില്ലാതെ

 

ഇന്ത്യയിലെ ഏറ്റവും സാധാരണക്കാരനോട് വേഷം കൊണ്ടും ജീവിത ശൈലികൊണ്ടും സാദൃശ്യം പുലര്‍ത്താനുളള അസാധാരണമായ സിദ്ധി ഗാന്ധിജിക്കുണ്ടായിരുന്നു. ഒരിക്കല്‍ കോളേജ് പ്രൊഫസറും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ആചാര്യ കൃപലാനിയും സംഘവും റെയില്‍വേ സ്റ്റേഷനില്‍ ഫസ്റ്റ്ക്ലാസ്സ് കംപാര്‍ട്ടുമെന്റില്‍ സീറ്റ് കിട്ടാതെ പരിഭ്രമിച്ച് പ്ലാറ്റുഫോമില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന സന്ദര്‍ഭത്തില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ചവര്‍ തിങ്ങിനിറഞ്ഞ മൂന്നാം ക്ലാസ്സ് കമ്പാര്‍ട്ടുമെന്റില്‍ നിന്ന് ഇറങ്ങിവരുന്ന ഗാന്ധിജിയെക്കണ്ടു അത്ഭുതംകൂറി. ഇന്ത്യയെക്കുറിച്ച് ഏറെ സ്വപ്നം കണ്ട ആ ചരിത്ര പുരുഷന്‍ ഭാരതത്തിന്റെ നാനാമുഖമായ പുരോഗതിക്കുവേണ്ടി കൊടും യാതനകളും പീഡനങ്ങളും സഹിച്ചു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു പ്രഖ്യാപിച്ചു. ഓരോ ഗ്രാമവും സ്വയംപൂര്‍ണ്ണമായ കൊച്ചു റിപ്പബ്ലിക്കുകളായിരിക്കണമെന്നതായിരുന്നു ആ മഹാനുഭവന്റെ സങ്കല്പം. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയെ ജനാധിപത്യത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുക്കാനുളള ഗാന്ധിജിയുടെ പ്രയത്‌നം ഏറെ ശ്ലാഘനീയമായിരുന്നു. നിലവിലുളള ചിന്തകള്‍ക്ക് ഒരു ദാര്‍ശനിക വ്യാഖ്യാനം നല്‍കിയ അദ്ദേഹത്തിന്റെ ജീവിതം സ്‌നേഹം, സത്യം, ത്യാഗം, ധര്‍മ്മം, അഹിംസ തുടങ്ങിയ മൂല്യങ്ങളില്‍ അടിയുറച്ചതായിരുന്നു. അചഞ്ചലമായ ബുദ്ധിയും നിശ്ചയദാര്‍ഢ്യവും പടച്ചട്ടയാക്കിയ മഹാത്മാവിനെ, അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു സ്വതന്ത്ര ഭാരതശില്പി എന്നാണ് വിശേഷിപ്പിച്ചത്.

 

ലോകാ സമസ്താ സുഖിനോ ഭവന്തു,

 

വസുധൈവകുടുംബകം എന്നിങ്ങനെയുളള ഭാരതീയ ദര്‍ശനങ്ങളെ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്ന ആ കര്‍മ്മയോഗിക്ക് ലോകം തന്റെ തറവാടും പുല്ലിനെയും പൂക്കളേയും പുഴുക്കളേയും തന്റെ കുടുംബക്കാരായും പരിഗണിച്ചിരുന്നു. മതസാഹോദര്യം, മദ്യനിരോധനം, ഗ്രാമീണ ശുചിത്വം, ഗ്രാമീണ വ്യവസായങ്ങള്‍, രാഷ്ട്രഭാഷയുടെ പ്രചരണം, സ്ത്രീ വിമോചനം തുടങ്ങിയവ ഗാന്ധിജിയുടെ ക്രിയാത്മക പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു.

 

വേദനിപ്പിച്ച വിഭജനം

 

1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രയായെങ്കിലും രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. ഇന്ത്യയില്‍ പലയിടത്തും മതത്തിന്റെ പേരില്‍ ലഹളകള്‍ നടന്നു. പശ്ചിമ ബംഗാളില്‍ കലഹം രൂക്ഷമായപ്പോള്‍ ഒറ്റയാനായെത്തി ആ പടനിലത്തില്‍ - ശാന്തിദൂതനെപ്പോലെ സമാധാനം പുന:സ്ഥാപിച്ചു. ആയിരക്കണക്കിന് പട്ടാളക്കാര്‍ നിഷ്‌ക്രിയരായി നോക്കിനില്‍ക്കേ, ഈ ഒറ്റയാള്‍ പട്ടാളം മുളവടിയും കുത്തി നടന്നെത്തി - ശാന്തിയുടെ പൂനിലാവ് വര്‍ഷിച്ചു. അയ്യായിരം പട്ടാളക്കാര്‍ക്ക് ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്ത് നിര്‍വ്വഹിക്കാന്‍ കഴിയാത്തത് ഏകനായി ചെയ്ത ആ ധീര മനോഭാവത്തെ മൗണ്ട് ബാറ്റണ്‍ പ്രഭു ഒറ്റയാള്‍ പട്ടാളം എന്നാണ് വിശേഷിപ്പിച്ചിട്ടുളളത്. ലഹള ബാധിച്ച ഗ്രാമങ്ങളിലൂടെ പദയാത്ര നടത്തി, ആളുകളെ ആശ്വസിപ്പിച്ചു. ശാന്തിക്കായി സത്യാഗ്രഹങ്ങള്‍ നടത്തി.

 

സ്വാതന്ത്ര്യ ദിനത്തില്‍ :

 

ഗാന്ധിജിയുടെ ജീവിതാന്ത്യം പൊതുവേ ക്ലേശകരമായിരുന്നു. അദ്ദേഹം വെറുത്തിരുന്ന ഇന്‍ഡ്യാ വിഭജനമായിരുന്നു അതിന്റെ പ്രധാന കാരണം. കസ്തൂര്‍ബ ഗാന്ധിയുടെ വിയോഗവും അദ്ദേഹത്തെ ദു:ഖിതനാക്കി. ഈ സമയം അദ്ദേഹം അനേകം പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുത്തു. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോള്‍ ഗാന്ധിജി കൊല്‍ക്കത്തയില്‍ ഭാരതവിഭജനത്തില്‍ ദു:ഖിതനായി കഴിയുകയായിരുന്നു. പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്ന് നിരവധി ഹിന്ദുക്കളും സിക്കുകാരും അഭയാര്‍ത്ഥികളായെത്തി. സെപ്തംബര്‍ 4ന് ഡല്‍ഹിയിലും വര്‍ഗ്ഗീയ ലഹളകള്‍ ആരംഭിച്ചു. 1948 ജനുവരിയിലും ഇതുപോലെ ലഹളകള്‍ ഉണ്ടായി. സമാധാന സ്ഥാപനത്തിനായി ഗാന്ധി ഡല്‍ഹിയില്‍ ജനുവരി 13ന് നിരാഹാരസമരം ആരംഭിച്ചു. സമുദായനേതാക്കളും ലഹളയ്ക്ക് നേതൃത്വം കൊടുത്തവരും ഒത്തു തീര്‍പ്പിന് തയ്യാറായപ്പോള്‍ ഗാന്ധി നിരാഹരം അവസാനിപ്പിച്ചു.

 

ഗൂഢാലോചന

 

1948 ജനുവരി 13 : നാഥുറാം വിനായ ഗോഡ്‌സെ രണ്ട് ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികളെടുക്കുന്നു. ഒന്നില്‍ നാരായണ്‍ ആപ്‌തെയുടെ ഭാര്യയും രണ്ടാമത്തേതില്‍ ഗോഡ്‌സേയുടെ ഭാര്യയുമായിരുന്നു നോമിനികള്‍. ജനുവരി 15 : നാഥുറാം ഗോഡ്‌സെ, ആപ്‌തെ, രാമചന്ദ്ര ബഡ്‌ഗെ, രാമകൃഷ്ണ കര്‍ക്കരെ, മദന്‍ലാല്‍ പഹ്‌വ എന്നിവര്‍ മുംബയില്‍ ഒത്തുചേര്‍ന്നു. ജനുവരി 16 : നാഥുറാം ഗോഡ്‌സേ ഒരു ചെറിയ പിസ്റ്റല്‍ ബഡ്‌ഗേക്കു നല്‍കി, വലിയ റിവോള്‍വര്‍ മാറ്റി വാങ്ങാന്‍ ആവശ്യപ്പെടുന്നു. ശര്‍മ്മ എന്നയാള്‍ക്ക് പിസ്റ്റല്‍ നല്‍കി റിവോള്‍വര്‍ വാങ്ങുന്നു. ജനുവരി 19 : ഗൂഢാലോചന സംഘം ഡല്‍ഹിയിലെത്തുന്നു. ജനുവരി 20 : ബിര്‍ള ഹൗസില്‍ ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ സമയത്ത് തീകൊളുത്തിയും ഗ്രനേഡു പൊട്ടിച്ചും പരിഭ്രാന്തി സൃഷ്ടിക്കുന്നതിനിടയില്‍ ബഡ്‌ഗെ ഗാന്ധിജിയെ വെടി വയ്ക്കണമെന്നായിരുന്നു പ്ലാന്‍. മദന്‍ലാല്‍ തീകൊളുത്തുന്നതിനിടെ പൊട്ടിത്തെറി നടന്നതിനാല്‍ ജനം മദന്‍ലാലിനെ പിടികൂടി. ഇതുകണ്ട് പരിഭ്രമിച്ച എല്ലാവരും ഓടി രക്ഷപ്പെട്ടു. ഗൂഢാലോചന സംഘം ബോംബയിലേക്കു തിരിച്ചു പോയി. ജനുവരി 25 : നാഥുറാം ഗോഡ്‌സേയും ആപ്‌തെയും ജനുവരി 26ന്് ഡല്‍ഹിയിലേക്കുളള രണ്ട് ടിക്കറ്റുകള്‍ മുംബയില്‍ നിന്ന് റിസര്‍വ് ചെയ്യുന്നു. ജനുവരി 27 : ഇരുവരും ഡല്‍ഹിയില്‍ നിന്ന് ഗ്വാളിയറിലേക്ക് പോയി. ഡോ. പര്‍ച്ചുരെയുടെ വീട്ടില്‍ താമസിക്കുന്നു. ജനുവരി 28 : ഡോ. പര്‍ച്ചുരെയുടെ സഹായത്തോടെ ഓട്ടോമാറ്റിക് പിസ്റ്റല്‍ സംഘടിപ്പിച്ച് ഡല്‍ഹിയിലേക്ക്. ജനുവരി 29 : ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ നാഥുറാം ഗോഡ്‌സേ, ആപ്‌തെ, കര്‍ക്കരെ എന്നിവര്‍ തങ്ങുന്നു. ജനുവരി 30 : ബിര്‍ളാ ഹൗസിലെ പ്രാര്‍ത്ഥനാ സ്ഥലത്തേക്ക് നാഥുറാം ഗോഡ്‌സെ ബുര്‍ഖ (പര്‍ദ) അണിഞ്ഞ് കടന്നു ചെല്ലാനും ഗാന്ധിജിയെ വെടി വയ്ക്കുവനുമായിരുന്നു തീരുമാനം. ഇതിനായി ചാന്ദിനി ചൗക്കില്‍ നിന്നും ബുര്‍ഖ വാങ്ങി. പരിശീലനം നടത്തി നോക്കിയപ്പോള്‍ തോക്കെടുക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ബുര്‍ഖ ഉപേക്ഷിച്ചു. ടാക്്‌സിയില്‍ മൂന്നുപേരും ബര്‍ളാ മന്ദിരത്തിലേക്ക്. സമയം വൈകുന്നേരം 5.17 ഗാന്ധിജി ബര്‍ള മന്ദിരത്തില്‍ നിന്ന് പ്രാര്‍ത്ഥനക്കായി പുറത്തേക്കിറങ്ങി. ജനക്കൂട്ടത്തിനിടയില്‍ നിന്ന ഗോഡ്‌സെ മുന്നോട്ടു നീങ്ങി. ഗാന്ധിജിയുടെ നെഞ്ചിനുനേരെ വെടിയുതിര്‍ത്തു.

 

എന്തിനീ ക്രൂരത ?

 

ഇന്ത്യാ- പാക് വിഭജനത്തിന് കാരണക്കാരന്‍ ഗാന്ധിജിയാണെന്നും അദ്ദേഹം മതന്യൂനപക്ഷങ്ങളോട് പ്രതേ്യക മമത പുലര്‍ത്തിയിരുന്നുവെന്നുമായിരുന്നു ഗേഡ്‌സെയും കൂട്ടരും ധരിച്ചു വച്ചിരുന്നത്. ഇതിനുള്ള പ്രതികാരമായിട്ടാണ് ഗാന്ധിജിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതും 1948 ജനുവരി 30ന് ഗാന്ധിജിയെ വെടിവച്ചുകെന്നതെന്നുമായിരുന്നു കേസ്.
തടയാമായിരുന്നു: 1948 ജനുവരി 20ന് ഗാന്ധിജിയെ വധിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ മദന്‍ലാല്‍ പഹ്‌വ അയാള്‍ വീണ്ടുംവരും എന്ന് പൊലീസിനോട് പറഞ്ഞിരുന്നു കൂടാതെ ഗോഡ്‌സെയും കൂട്ടരും താമസിച്ചിരുന്ന ഡല്‍ഹിയിലെ മിനര്‍വ ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തിയപ്പോള്‍ എന്‍ വി. ജി (നാഥുറാം വിനായ ഗോഡ്‌സെ) എന്ന് അലക്കുകാരന്‍ അടയാളപ്പെടുത്തിയ ഷര്‍ട്ട് പൊലീസിന് കിട്ടിയിരുന്നു. മദന്‍ലാലിനെ അറിയാമായിരുന്ന പ്രൊഫസര്‍ ജയിന്‍ മുംബെയിലെ ആഭ്യന്തരമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിക്ക് ഗാന്ധിവധത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുളള വിവരം നല്‍കിയിരുന്നു. ഇത്രയൊക്കെ സൂചനകള്‍ ഉണ്ടായിട്ടും പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതിനാലാണ് ഗാന്ധിജി വധിക്കപ്പെട്ടതെന്ന് പരക്കെ ആരോപണം ഉയര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. ഗാന്ധി വധക്കേസ് വിചാരണനടത്തിയ ജഡ്ജി ആത്മചരണ്‍ ഇതുസംബന്ധിച്ച് പൊലീസിനെതിരെ പരാമര്‍ശങ്ങളും നടത്തിയെന്നതും പ്രതേ്യകം പ്രസ്താവ്യമാണ്.

 

 

 

 

 

 

OTHER SECTIONS