സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് മാര്‍ച്ച് 3 വരെ അപേക്ഷിക്കാം, പ്രിലിമിനറി പരീക്ഷ മെയ് 31ന്; ...796 ഒഴിവുകള്‍

By online desk .13 02 2020

imran-azhar



ഡല്‍ഹി: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് മാര്‍ച്ച് മൂന്നുവരെ അപേക്ഷിക്കാം.ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങി 24 സര്‍വീസുകളിലേക്കുളള പരീക്ഷയുടെ വിജ്ഞാപനം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുറത്തിറക്കി. ഇത്തവണ 796 ഒഴിവുകളാണുളളത്.


ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക് അപേക്ഷിക്കുന്നവരും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയെഴുതി പാസാകേണ്ടതുണ്ട്. മെയ് 31നായിരിക്കും പ്രിലിമിനറി എഴുത്തുപരീക്ഷ. പൊതുവിഭാഗത്തില്‍ 21 നും 32 നും മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. സംവരണവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരമുളള ഇളവുകള്‍ ലഭിക്കും.


അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് പരീക്ഷ എഴുതുന്നതിനുളള യോഗ്യത.https://upsconline.nic.in എന്ന വെബ്സൈറ്റില്‍ മാര്‍ച്ച് 03 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മാര്‍ച്ച് 12 മുതല്‍ 18 വരെ അപേക്ഷ പിന്‍വലിക്കാനുള്ള സൗകര്യവും വെബ്സൈറ്റില്‍ ലഭ്യമായിരിക്കും.


പ്രിലിമിനറി പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. 200 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം. വിശദമായ സിലബസ് വിജ്ഞാപനത്തിലുണ്ട്. ഇതില്‍ യോഗ്യത നേടുന്നവര്‍ പിന്നീട് മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കണം.


100 രൂപയാണ് അപേക്ഷാഫീസ്. വനിതാ/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഫീസ് അടയ്ക്കേണ്ടതില്ല. സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഓണ്‍ലൈനായോ ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ടായിരിക്കും.

 

 

OTHER SECTIONS