കവിതയില്‍ വഴിവെട്ടി് മുന്നേറിയ കക്കാട്

By Online Desk .07 01 2019

imran-azhar

 

 

മലയാളിയുടെ മനസ്സില്‍ നെയ്ത്തിരി നാളത്തിന്റെ വെളിച്ചം പകര്‍ന്ന് കാവ്യരചനയിലൂടെ സാഫല്യം നേടിയ എന്‍.എന്‍. കക്കാട് വിടപറഞ്ഞിട്ട് ഇന്ന് 32 വര്‍ഷം. ഇടത്തരക്കാരന്റെ ധര്‍മ്മസങ്കടങ്ങളും ആധുനിക നാഗരികതയുടെ ഫലശൂന്യതയും കവിതയില്‍ ആവിഷ്‌ക്കരിച്ച കക്കാടിന്റെ ''സഫലമീയാത്ര'' എന്ന കവിത അനുവാച111കരില്‍ ആഹ്ലാദത്തിന്റെ അവാച്യമായ അനുഭൂതി കോരിയിടുമെന്നതില്‍ സംശയമില്ല.

 

അത്യാധുനിക കവികളില്‍ പ്രമുഖ സ്ഥാനത്തു വിരാജിക്കുന്ന എന്‍.എന്‍.കക്കാട് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കക്കാട് നാരായണന്‍ നമ്പൂതിരി ആധുനിക ലോക സാഹിത്യത്തിലെ പുതിയ പ്രവണതകളെ മലയാളത്തില്‍ ആവിഷ്‌കരിക്കാന്‍ പ്രയത്‌നിച്ച കവിയായിരുന്നു. വേദനയുടെയും സഹതാപത്തിന്റെയും വികാരാര്‍ദ്രമായ പ്രതിഫലനമാണ് കക്കാടിന്റെ കവിത. ഇടത്തരക്കാരന്റെ ധര്‍മ്മസങ്കടങ്ങളും ആധുനിക നാഗരികതയുടെ ഫലശൂന്യതയും കവിതയില്‍ ആവിഷ്‌കരിച്ച കക്കാടിന്റെ സഫലമീ യാത്ര എന്ന കൃതി 1985ല്‍ ഓടക്കുഴല്‍ അവാര്‍ഡിനര്‍ഹമായി.


ഭാരതസംസ്‌കാരത്തിന്റെ കാവലാള്‍

 

കക്കാട് വളരെകുറച്ചേയെഴുതിയുള്ളൂ. ഭാരതീയ - ഗ്രീക്ക് പുരാണങ്ങളിലെ അവഗാഹം, സംഗീതത്തിലും മേളകലയിലുമുള്ളപ്രാവീണ്യം, പുതിയ ചിന്തകള്‍ക്ക് നേരെ എന്നും തുറന്നിട്ട മനസ്സ്, ജീവിതത്തിന്റെ കയ്പും ചവര്‍പ്പും മാധുര്യമാക്കാനുള്ള സിദ്ധി, അനുഭവസമ്പത്ത് - ഇതൊക്കെ ഉണ്ടായിട്ടും കക്കാട് എഴുത്തില്‍ ലുബ്ധനായിരുന്നു. മലയാള കവിതയില്‍ നവീനതയുടെ നേതൃനിരയില്‍ കക്കാട് ഉണ്ടായിരുന്നു. കവിത എഴുതുക, തിരുത്തുക, വീണ്ടും തിരുത്തുക - അങ്ങനെ അത് തന്റേത് മാത്രമാക്കുക. കക്കാട് ഈ പ്രക്രിയ ഒരു തപസ്യയാക്കി മാറ്റി. അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍, കടമ്മനിട്ട, വിനയചന്ദ്രന്‍ തൊട്ട് ചുള്ളിക്കാടു വരെ ഒട്ടേറെ അനുകര്‍ത്താക്കളെ ലഭിച്ചപ്പോഴും കക്കാട് ഒറ്റയാനായി നിലകൊണ്ടു. കവിതകളില്‍ ഭാരതീയ പാരമ്പര്യത്തിന്റെ കരുത്ത് സന്നിവേശിപ്പിച്ച കവി എന്ന നിലയില്‍ അടിയുറച്ച് നില്‍ക്കുമ്പോഴും പടിഞ്ഞാറന്‍ സങ്കല്‍പ്പങ്ങളോട് കക്കാട് അയിത്തം പുലര്‍ത്തിയില്ല.


നഗരമെന്ന പാതാളം

 

1962ല്‍ കമ്മ്യൂണിസ്റ്റെന്നും '75ല്‍ നക്്‌സലൈറ്റെന്നും '82ല്‍ വര്‍ഗ്ഗീയവാദിയെന്നും ആക്ഷേപിക്കപ്പെട്ട കക്കാട് അതിനൊന്നും മറുപടി പറഞ്ഞില്ല. ആ ധീരത തന്നെയാണ് കക്കാടിന്റെ കവിതയെ അനശ്വരമാക്കിയത്. പാരമ്പര്യമായി കിട്ടിയ മൂല്യാധിഷ്ഠിത ജീവിതബോധം കക്കാട് എന്ന വ്യക്തിയുടെയും കവിയുടെയും മുഖമുദ്രയാണ്. പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ് ജാത്യാചാരങ്ങളോടു വിടപറഞ്ഞ ഉത്പതിഷ്ണുവാണ് കക്കാട്. തന്റെ മൂല്യബോധത്തിന് ഒട്ടും പൊരുത്തപ്പെടാനാവാത്ത രീതിയില്‍ നഗരജീവതവും പൊതുജനജീവിതവും വഴിമാറിയൊഴുകിയപ്പോള്‍ കക്കാടിലെ കവി തീവ്രമായി പ്രതികരിച്ചു. നഗരവത്ക്കരണത്തിന്റെ വൈകൃതങ്ങള്‍ക്കെതിരെ ഇന്ദ്രിയ സുഖാസക്തിക്കെതിരെ, ''വജ്രകുണ്ഡലം അപഹരിക്കുന്നവര്‍''ക്കെതിരെ ഇദ്ദേഹത്തിന്റെ തൂലിക പടവാളായി.. ഒടുവില്‍ സഹിക്കാനാവാതെ ''ചെറ്റകളും കഴുവേറികളും'' വരെ കവിതക്ക് വിഷയമായി. ഏറ്റവുമൊടുവില്‍ സഫലമീ യാത്ര എന്നുപറയാതെ നിര്‍ത്തിയതുമില്ല.

 

''വരിക സഖീ, യരികത്തു ചേര്‍ന്നുനില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം, നാമന്യോന്യം
ഊന്നുവടികളായി നില്‍ക്കാം
ഹാ! സഫലമീ യാത്ര''
ആത്മഗതത്തിന്റെ ഉരുള്‍പ്പൊട്ടലും ഇതിലെ വരികളിലുണ്ട്.


ആധുനികതയുടെ പരിപ്രേക്ഷ്യം

 

മുന്‍പില്‍ കണ്ട പെരുവഴിയിലൂടെ പോകാതെ ഇടുങ്ങിയ കാട്ടുവഴിയിലൂടെ നടന്ന് വഴിമുട്ടുമ്പോള്‍ വഴിവെട്ടിക്കൊണ്ട് മുന്നേറിയ കക്കാട് എന്നും ആധുനികതയുടെ പരിപ്രേക്ഷ്യമായിരുന്നു. കക്കാടിന്റെ കവിതയിലെ അധുനികതയുടെ സാകല്യനിദര്‍ശനമായി ''വഴിവെട്ടുന്നവരോട്'' എന്ന കവിത എടുത്തുപറയട്ടെ. ഭൂതവും ഭാവിയും വര്‍ത്തമാനവും ഇവിടെ ഒരു ഋജുരേഖയില്‍ കിടന്നു തപിക്കുന്നു. പതുക്കെ ഈ ഋജുരേഖ വക്രമാകുന്നതും അത് ഒരു ആഭിജാരത്തിന്റെ താളത്തില്‍ നൃത്തം വയ്ക്കുന്നതും നാം കാണുന്നു. പെരുവഴിവിട്ട് പുതുവഴി വെട്ടുന്നവന്റെ ദുരിതങ്ങള്‍ ഏല്‍ക്കാതിരിക്കാന്‍ തപസ് ചെയ്യുകയെന്ന ഗൗതമബോധത്തിന്റെ ഉദയമുണ്ടായിരുന്നു. വഴി വെട്ടിയ മൂപ്പന് മണ്ഡപം തീര്‍ത്ത് വഴിപാടായി ''വഴിവെട്ടുംവേല'' കഴിച്ച് പലവഴിയില്‍ പകപ്പുപെടാതിരിക്കാന്‍ ''പെരുമൂപ്പന്‍ വഴി'' എന്ന തൃപ്പേര് വിളിച്ച് അങ്ങനെ കഴിഞ്ഞുകൂടുന്ന ആ പഴയ കഴുതയാണല്ലോ നമ്മുടെ ജനാധിപത്യത്തിന്റെ സമ്പാദ്യം. ക്രിസ്തുവിനു നേരെ, ബുദ്ധനു നേരെ, ഗാന്ധിക്കു നേരെ, മാര്‍ക്‌സിനു നേരെയൊക്കെ ശവപ്രതികരണം കാട്ടുന്നവരുടെ മുദ്രാവാക്യം ഇങ്ങനെയാവും:

 

''പെരുവഴിയേ പോകും ഞങ്ങള്‍
പുതുവഴി വഴിപാടിനു മാത്രം!'' എന്നാല്‍ കവികള്‍ പുതുവഴിയിലൂടെ മാത്രം പോകുന്നവരാണ്.
സമൂഹ വൈകൃതത്തിനുമേല്‍ ഒരിടിമിന്നല്‍

 

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വേരുകള്‍ തേടിപോയ കവി, വേരുകള്‍ ചീഞ്ഞഴുകുന്നതു കണ്ടപ്പോള്‍ അവ പിഴുതെടുത്ത് ദൂരെ വലിച്ചെറിയാന്‍ തയ്യാറാവുന്നു. കവിതകളില്‍ ഭാരതീയ പാരമ്പര്യത്തിന്റെ കരുത്ത് സന്നിവേശിപ്പിച്ച കവി എന്നനിലയില്‍ അടിയുറച്ചുനില്‍ക്കുമ്പോഴും പടിഞ്ഞാറന്‍ സങ്കല്‍പ്പങ്ങളോട് കക്കാട് അയിത്തം പുലര്‍ത്തുന്നില്ല. ഗ്രീക്ക് പുരാണങ്ങളുടെയും ബൈബിള്‍ സന്ദര്‍ഭങ്ങളുടെയും സൂക്ഷ്മമായ പരാമര്‍ശങ്ങള്‍ കക്കാടിന്റെ കവിതയില്‍ കണ്ടെത്താം. ആധുനിക അമേരിക്കന്‍-ഇംഗ്ലീഷ് കവികളില്‍ പ്രമുഖനായ ടി.എസ്. എലിയറ്റ് കക്കാടിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മൂന്നുരു ശാന്തിമന്ത്രം ജപിച്ച് ഊഷരഭൂമി എന്ന കവിത അവസാനിപ്പിച്ച എലിയറ്റിനോട് കവി പറയുന്നു.


''മി. എലിയറ്റ്
ഉരുകുന്ന അസ്ഥിയുടെ കടച്ചില്‍ താങ്കള്‍ക്കു മനസ്സിലാകും / കരിയുന്ന നാഡികളിലൂടെ അമൃതമൊഴുകുന്ന
ശാന്തി താങ്കള്‍ക്കറിയാനിടയില്ല. / നാം തമ്മില്‍ ആറായിരം യോജന അന്തരമുണ്ടല്ലോ
ആറായിരം ജന്മങ്ങളുടെ അന്തരം / ഒരു ഹിമവാന്റെ പ്രവണത്തിന്റെ അന്തരം''.

ആംഗലകവിക്ക് അറിയാന്‍ കഴിയാത്ത ശാന്തി കക്കാട് അറിയുന്നു. അമൃതകല ഉണരുന്നതിനുമുമ്പുള്ള ശാന്തി, ഒരിടിമിന്നലിന്നുവേണ്ടി കവി തപസ് തുടരുന്നു.

 

കാവ്യസപര്യയുടെ മൂന്ന് ഘട്ടങ്ങള്‍

 

കക്കാടിന്റെ കാവ്യസപര്യയ്ക്ക് മൂന്ന് ഘട്ടങ്ങളുണ്ടെന്ന് പൊതുവെ നിരൂപകര്‍ പറയാറുണ്ട്. മൂല്യാരാധകനായിരുന്നതുകൊണ്ട് നഗര വൈരൂപ്യത്തെ വിമര്‍ശിക്കുന്ന ഒന്നാംഘട്ടത്തിലെ രചനകളാണ് ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്ന,് പാതാളത്തിന്റെ മുഴക്കം തുടങ്ങിയ കാവ്യസമാഹാരങ്ങള്‍. നാഗരികതയുടെ വളര്‍ച്ചയില്‍ സമാന്തരമായി വളര്‍ന്നുവന്ന ഇന്ദ്രിയ സുഖാസക്തിക്കെതിരായ പ്രതികരണങ്ങളാണ് ദുഃഖം, പാര്‍ക്കില്‍, വാഹനം, ബീറ്റ്, വേരുകള്‍, പാതാളത്തിന്റെ മുഴക്കം, പ്രാര്‍ത്ഥന, കണ്വന്‍, ക്ഷീണം, ഫയലുകള്‍, പനിനീര്‍പ്പുവിന്റെ ഗന്ധം, മോഷ്ടിച്ചെടുത്ത ഒരു രാത്രി തുടങ്ങിയ കവിതകള്‍.

 

നഗരവൈരൂപ്യത്തെ ഭാരത ഭൂമിയുടെ മൊത്തം വൈരൂപ്യമായി കാണുകയും ഏതോ ഒരു പ്രത്യാശയില്‍ മനസ്സ് അര്‍പ്പിക്കുകയും ചെയ്യുന്ന രണ്ടാംഘട്ടം മലയാള സാഹിത്യത്തിന് വജ്രകുണ്ഡലം സംഭാവന ചെയ്തു. വിലാപത്തിന്റേതല്ലാത്ത, വാശിയുടേതായ സ്വരമാണ് വജ്രകുണ്ഡത്തിലുള്ളത്. തന്റെ സ്വപ്ന കന്യകയെ അണിയിക്കേണ്ട വജ്രകുണ്ഡലം എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കും എന്ന് പ്രഖ്യാപിക്കുന്ന കവി ''വനിത ഗര്‍ഭത്തിലെ'' ബീജം പുന:സൃഷ്ടിയുടെ കരുത്തായി പുറത്തുവരുമെന്നുതന്നെ വിശ്വസിക്കുന്നു. 1977ല്‍ പ്രസിദ്ധീകരിച്ച വജ്രകുണ്ഡലം എന്ന ഖണ്ഡകാവ്യം ധനലോഭവും സഹസ്രാബ്ധങ്ങള്‍ പഴക്കമുള്ള ധര്‍മ്മബോധവും തമ്മിലുള്ള സംഘര്‍ഷമാണ് വ്യഞ്ജിപ്പിക്കുന്നത്.

 

മൂന്നാംഘട്ടത്തിലെ കവിതകളില്‍ മൂല്യച്യുതിയില്‍ മനംനൊന്ത മൂല്യാരാധകന്റെ അമര്‍ഷങ്ങളും നൈരാശ്യങ്ങളും ദു:ഖങ്ങളും വിഹ്വലതകളുമാണ്. ഇല്ലത്തു നിന്ന് പുറപ്പെട്ട ഉള്ളൂര്‍ കുഴിയില്‍ വീണു പോയിയെന്ന് അപഹസിക്കപ്പെട്ട കക്കാടിന്റെ കാവ്യശൈലി. പാണ്ഡിത്യത്തിന്റെ മതിലുകള്‍ തകര്‍ത്ത് ഒരു തനി നാടോടിയായി വരുന്നത് ഇവിടെ നവദര്‍ശനമരുളുന്നു. ''വേരുകള്‍'', ''തീര്‍ത്ഥാടനം'', ''വജ്രകുണ്ഡലം'' തുടങ്ങിയ കവിതയും മൂല്യവും നിറഞ്ഞുവ ഴിയുന്ന പേരുകള്‍ വിട്ട് ഇവിടെ ''പട്ടിപ്പാട്ട്'', ''ചെറ്റകളുടെ പാട്ട്'', ''കഴുവേറിപ്പാച്ചന്റെ പാട്ടുകള്‍'', ''വാരിക്കുഴിപ്പാട്ട്'' ''കുമ്മാട്ടി'', ''രാമായണം കളി'' തുടങ്ങി അകവിതയും മൂല്യനിരാസവും നിറഞ്ഞ പേരുകളിലേക്കാണ് കക്കാടിന്റെ കാവ്യസിദ്ധി ചുവടു മാറ്റുന്നത്. ചുവടുകള്‍ എത്രമേല്‍ മാറി ചവിട്ടിയാലും കക്കാടിന്റെ കവിത കളരി മാറിയിട്ടില്ല എന്ന് ഈ കവിതാസങ്കലനവും വിളിച്ചോതുന്നു.

 


''ആടെട ചെറ്റേ, ആട് മറ്റെന്തുണ്ടീ
നാണം ജഗത്തില്‍ ചെയ്യാന്‍'' (ചെറ്റകളുടെ പാട്ട്) എന്ന്, കാല്‍ക്കീഴിലെ മണ്ണ് മുഴുവനും ഒലിച്ചുപോയിട്ടും സ്വന്തം നിലയെക്കുറിച്ചറിയാതെ മറ്റുള്ളവന്റെ കുറ്റങ്ങളും കുറവുകളും കണ്ടുരസിച്ച് നുണപറഞ്ഞിരിക്കുന്ന ചെറ്റകളോട് മുഖത്തടിച്ചപോലെ കവി പറയുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്തെഴുതിയ മറ്റു കവിതകളിലെല്ലാം തന്നെ ഇത്തരത്തിലുള്ള അതിരൂക്ഷമായ പദപ്രയോഗങ്ങള്‍ക്ക് കവി തുനിയുന്നു.

 

''പടിക്കലുണ്ടൊരു പട്ടി അളിഞ്ഞുനാറുന്ന പട്ടി'' (പട്ടിപ്പാട്ട്)
ചെറ്റുകളുടെ പാട്ടും പട്ടിപ്പാട്ടും കഴുവേറിപ്പാച്ചന്റെ പാട്ടും എല്ലാം കവിയുടെ രൂക്ഷപ്രതികരണങ്ങള്‍ എന്നരീതിയില്‍ വിലയിരുത്തുമ്പോള്‍ അതിനുപുറകിലെ വസ്തുത, ഈ കാലഘട്ടത്തിനുവേണ്ടത് മിനുമിനുത്ത വാക്കുകളുടെ സൗന്ദര്യമല്ല എന്ന കവിയുടെ ഉത്തമബോധ്യം തന്നെയാണ്. പദഘടനയില്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങള്‍ പോലെ തന്നെ ആക്ഷേപസാഹിത്യത്തിന്റെ തീവ്രതയും നമ്മെ പലപ്പോഴും അനുഭവപ്പെടുത്തുന്നുണ്ട് കക്കാട്. അദ്ദേഹത്തിന്റെ പോത്ത് എന്ന കവിത ഇതിന് ഉത്തമോദാഹരണമാണ്. 
''ചത്ത കാലം പോല്‍, തളംകെട്ടിയ ചളിക്കുണ്ടില്‍ / ശവം നാറിപ്പുല്ലു തിന്നാവോളവും കൊഴുത്തമെയ് ആകവെ താഴ്ത്തി നീ / തൃപ്തനായി കിടക്കുന്നു . . . . . . . .''
നിഷ്‌കര്‍മ്മണ്യ ജീവിതം മരണം തന്നെയാണ്

 

താന്‍ നേരിടുന്ന പ്രശ്‌നങ്ങളോട് പ്രതികരണത്തിന്റെയോ, പ്രതിക്ഷേധത്തിന്റെയോ ഒരു ചെറുവിരല്‍ പോലും അനക്കാതെ അലസതയുടെ ചെളിക്കുണ്ടില്‍ കഴിയുന്ന ഒരു ജനതയെ പോത്ത് എന്നല്ലാതെ മറ്റെന്തുവിളിക്കും? യഥാര്‍ത്ഥത്തില്‍ തന്റെ തൂലികയിലൂടെ പ്രതിഷേധത്തിന്റെയും അതിജീവനത്തിന്റെയും പുതിയ വഴികള്‍ ഒരു ജനസമൂഹത്തിനു മുന്നില്‍ വെട്ടിത്തെളിച്ച് മാര്‍ഗദര്‍ശനം നല്‍കുകയായിരുന്ന കവി, ഒരു സാംസ്‌കാരിക പ്രക്ഷോഭത്തിലുള്ള ആയുധമാക്കി തന്റെ കവിതയെ മാറ്റുകയായിരുന്നു. 
കവിതയില്‍ വെടിമരുന്ന് നിറയ്‌ക്കേണ്ട കാലം

 

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക രംഗം കലുഷിതമായിരുന്ന കാലഘട്ടത്തിലായിരുന്നു കക്കാടിന്റെ കവിതകള്‍ പുറത്തു വന്നത്. അധികാരത്തിനോടും പണത്തിനോടുമുള്ള ആര്‍ത്തി മുന്‍പെന്നതിനെക്കാളും പെരുകിയിരിക്കുന്ന ഇക്കാലത്ത് ചങ്കൂറ്റമില്ലാത്ത ഭരണവര്‍ഗ്ഗം നമ്മുടെ നാടിന്റെ സത്വത്തെ പണയപ്പെടുത്തുന്ന കാഴ്ചകള്‍ കണ്ടില്ലെന്നു നടിക്കുന്നവരാവരുത് പുതിയ കാലത്തിന്റെ കവികള്‍ എന്ന ആഹ്വാനമാണ് കക്കാട് നല്‍കുന്നത്. ലോകത്തിന്റെ സുഖലോലുപതയില്‍ മുഴുകി, അലസതയിലേക്ക് ആണ്ടുപോകുന്ന ജനതയെ വിളിച്ചുണര്‍ത്താനുള്ള ബാധ്യയുണ്ട് കവിക്ക് എന്ന സന്ദേശവും കക്കാട് തന്റെ കവിതകളിലൂടെ നമുക്ക് നല്‍കുന്നു. പരിസ്ഥിതി, ഗ്രാമ-നഗരസംഘര്‍ഷം, നാടോടിത്തം, മൃത്യദര്‍ശനം, ദേശീയത, വിപ്ലവാഭിമുഖ്യം, പാരമ്പര്യത്തിന്റെ നവീനമായ സാംശീകരണം - തുടങ്ങിയ കക്കാടിന്റെ കവിതയ്ക്ക് വിവിധ തലങ്ങളുണ്ടെന്ന് വിമര്‍ശകര്‍ വിശ്വസിക്കുന്നു. ശക്തിയുടെ, കരുത്തിന്റെ, ആശയസമ്പുഷ്ടതയുടെ കവിയായ കക്കാടിന്റെ കവിതകളിലുടനീളം നിറഞ്ഞുനില്‍ക്കുന്നത് ഭാവഗീതത്തിന്റെ ലാളിത്യവും ചാരുതയുമാണ്. മലയാളിയുടെ മനസ്സില്‍ നെയ്ത്തിരി നാളത്തിന്റെ വെളിച്ചം തൂകി് എന്നും കക്കാടിന്റെ വരികള്‍ നിലനില്‍ക്കുന്നു.

 

''കാലമിനിയുരുളും വിഷുവരും / വര്‍ഷം വരും തിരുവോണം വരും, പിന്നെ-
യോരോ തളിരിനും പൂവരും, കായ് വരും / അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? 
നമുക്കിപ്പൊഴിയാര്‍ദ്രയെ ശാന്തരായ് / സൗമ്യരായ് എതിരേല്‍ക്കാം''


ജീവിതരേഖ

 

കോഴിക്കോട് കൊയിലാണ്ടിക്കടുത്തുള്ള അവിടനല്ലൂര്‍ ഗ്രാമത്തില്‍ ജൂലായ് 14നാണ് കക്കാട് ജനിച്ചത്. സംഗീത വിദൂഷിയായ ദേവകി അന്തര്‍ജനവും സംസ്‌കൃതപണ്ഡിതനായ നാരായണന്‍ തമ്പൂതിരിയുമാണ് മാതാപിതാക്കള്‍. ചെറുപ്പത്തില്‍ തന്നെ കക്കാട് വേദോതിഹാസങ്ങളിലും തന്ത്ര-യോഗാദികളിലും പ്രാവീണ്യം നേടി, ചിത്രമെഴുത്ത്, ശാസ്ത്രീയസംഗീതം, ഓടക്കുഴല്‍ എന്നിവയിലും കക്കാട് നിപുണനായിരുന്നു. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലും തൃശൂര്‍ കേരളവര്‍മ്മ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കക്കാട്, തൃശൂര്‍ വിവേകോദയം ഹൈസ്‌കൂളില്‍ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് റൈറ്ററായും പ്രൊഡ്യൂസറായും ജോലി ചെയ്തു.

 

കോഴിക്കോട് ആകാശവാണി നിലയത്തിലെ സ്റ്റാഫ് ആര്‍ട്ടിസ്റ്റുകളുടെ അസ്സോസിയേഷന്‍ ഭാരവാഹി, കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ച കേരള സാഹിത്യസമിതി പ്രവര്‍ത്തക കമ്മിറ്റി അംഗം, തിരൂര്‍ തുഞ്ചന്‍ സ്മാരക കമ്മിറ്റിയംഗം, എടപ്പാള്‍ വള്ളത്തോള്‍ വിദ്യാപീഠം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, കേരളസാഹിത്യ അക്കാദമി പ്രവര്‍ത്തകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പിന്‍തുണയോടെ ബാലുശ്ശേരിയില്‍ സ്വതന്ത്രനായി മത്സരിച്ചുവെങ്കിലും തോറ്റു.

OTHER SECTIONS