പാലക്കാട് ശ്രീധരനെ മുൻനിർത്തിയുള്ള പരീക്ഷണം സ്വാധീനിച്ചു, നീക്കം ഇനിയും ശ്രദ്ധാകേന്ദ്രമാവും

തികച്ചും അപ്രതീക്ഷിതമായാണ് ഇ. ശ്രീധരന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടത്. തൃപ്പൂണിത്തുറയിലേക്കുൾപ്പെടെ പറഞ്ഞുകേട്ടിരുന്നെങ്കിലും മത്സരിക്കുന്നെങ്കിൽ സ്വന്തംനാടായ പാലക്കാട്ട് എന്ന ശ്രീധരന്റെ ആത്മവിശ്വാസം ബി.ജെ.പി. ദേശീയനേതൃത്വം മുഖവിലയ്‌ക്കെടുക്കുകയായിരുന്നു. പ്രചാരണത്തിലും വികസനമൊഴികെ മറ്റൊന്നും അദ്ദേഹം സംസാരിച്ചില്ല.

author-image
anil payyampalli
New Update
പാലക്കാട് ശ്രീധരനെ മുൻനിർത്തിയുള്ള പരീക്ഷണം സ്വാധീനിച്ചു, നീക്കം ഇനിയും ശ്രദ്ധാകേന്ദ്രമാവും

പാലക്കാട്: പാമ്പൻപാലവും മെട്രോയും ആരാധ്യപുരുഷനാക്കിയ ഇ. ശ്രീധരനെ മുൻനിർത്തി പാലക്കാട് നിയമസഭാമണ്ഡലത്തിൽ ബി.ജെ.പി.യും എൻ.ഡി.എ.യും നടത്തിയ പരീക്ഷണം വോട്ടർമാരിൽ സ്വാധീനമുണ്ടാക്കിയെങ്കിലും പരാജയം ഒഴിവാക്കാനുള്ള നീക്കം പാളി.

തദ്ദേശതിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ നേടിയ വിജയം ബി.ജെ.പി.ക്ക് വലിയ ആത്മവിശ്വാസം പകർന്നിരുന്നു. ആർ.എസ്.എസിന്റെ മേൽനോട്ടത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും ഫലംകാണുമെന്ന് അവർ പ്രതീക്ഷ പുലർത്തി. പക്ഷേ, നഗരസഭയ്ക്കുപുറത്തുള്ള പഞ്ചായത്തുകളിൽ അത് വേണ്ടത്ര വിജയിച്ചില്ല.

തികച്ചും അപ്രതീക്ഷിതമായാണ് ഇ. ശ്രീധരന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടത്. തൃപ്പൂണിത്തുറയിലേക്കുൾപ്പെടെ പറഞ്ഞുകേട്ടിരുന്നെങ്കിലും മത്സരിക്കുന്നെങ്കിൽ സ്വന്തംനാടായ പാലക്കാട്ട് എന്ന ശ്രീധരന്റെ ആത്മവിശ്വാസം ബി.ജെ.പി. ദേശീയനേതൃത്വം മുഖവിലയ്‌ക്കെടുക്കുകയായിരുന്നു. പ്രചാരണത്തിലും വികസനമൊഴികെ മറ്റൊന്നും അദ്ദേഹം സംസാരിച്ചില്ല.

വിജയിച്ച് ജനപ്രതിനിധിയായാൽ പാലക്കാട്ടേക്ക് ഒരു ഓഫീസും അദ്ദേഹം ഒരുക്കിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്ട് ഇ. ശ്രീധരന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിനെത്തി.

പാലക്കാട് നഗരസഭാപരിധിയിൽ മികച്ച ലീഡ് നേടാൻ ബി.ജെ.പി.ക്കുകഴിഞ്ഞു. വോട്ടെണ്ണൽ നഗരസഭാപരിധിയുടെ പുറത്തേക്കെത്തിയതോടെ ലീഡ് കുറഞ്ഞുവന്നു.

നഗരസഭയിലെ ബൂത്തുകൾ ഉൾപ്പെടുന്ന ആദ്യ 10 റൗണ്ടുകൾ എണ്ണീത്തീർത്തപ്പോൾ 9146 വോട്ടിന്റെ ലീഡാണ് എൻ.ഡി.എ. സ്ഥാനാർഥിക്ക് നേടാനായത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്, മണ്ഡലപരിധിയിലെ പഞ്ചായത്തുകളിൽ ബി.ജെ.പി. വോട്ടുനില ഉയർത്തിയെങ്കിലും ഒരു പഞ്ചായത്തിലും ലീഡ് നേടാനായില്ല. യു.ഡി.എഫിന്റെ വോട്ടുകൾ ഭിന്നിച്ച് എൽ.ഡി.എഫിലേക്കുപോകുമെന്നും ഇത് തങ്ങൾക്ക് സഹായകമാകുമെന്നും ബി.ജെ.പി. പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇതും ഉണ്ടായില്ല.

ഇനി ഇ. ശ്രീധരനനുകൂലമായ ബി.ജെ.പിയുടെ നീക്കമാണ് ശ്രദ്ധാകേന്ദ്രമാവുന്നത്. ശ്രീധരന്റെ കരിയർ അതേപടി ഇനിയും ഉപയോഗപ്പെടുത്താൻ പാർട്ടി കേന്ദ്രനേതൃത്വം തയ്യാറാവുമെന്നാണ് സൂചന. ശ്രീധരനെ പ്രധാനപ്പെട്ട വകുപ്പിൽ ഉൾപ്പെടുത്തി കേന്ദ്രമന്ത്രിസഭയിൽ അംഗമാക്കുമോയെന്നാണ് ഉയരുന്ന ചോദ്യം. ഉടൻതന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനമാണ് പ്രതീക്ഷിക്കുകയും ചെയ്യുന്നത്.

palakkad sreedharan influenced voters