യു.ഡി.എഫിന്റെ പതനം ആഴത്തിൽ, മുന്നണിയിലെ സമവാക്യങ്ങൾ ഉത്തരം പറയേണ്ടിവരും

ഇടതു തരംഗം ആഞ്ഞുവീശിയ തിരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിൽ പോലും തിരിച്ചടി നേരിട്ട് യുഡിഎഫ്. മധ്യകേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ അഞ്ചു ജില്ലകളിലെ 53 മണ്ഡലങ്ങളിൽ 36 ഇടത്തും മുന്നണിയ്ക്ക് പച്ച തൊടാനായില്ല. 2016ൽ മേഖലയിൽ 32 - 21 എന്നതായിരുന്നു എൽഡിഎഫ് - യുഡിഎഫ് സമവാക്യം.

author-image
anil payyampalli
New Update
 യു.ഡി.എഫിന്റെ പതനം ആഴത്തിൽ, മുന്നണിയിലെ സമവാക്യങ്ങൾ ഉത്തരം പറയേണ്ടിവരും

തിരുവനന്തപുരം : സംസ്ഥാനത്ത് ആഞ്ഞടിച്ച ഇടതുതരംഗത്തിൽ നിലംപരിശായി യു.ഡി.എഫ്. കേരളം രൂപവല്ക്കരിച്ച ശേഷം ഏറ്റവും അഗാധമായ പതനമാണ് യു.ഡി.എഫിന് ഇക്കുറി സംഭവിച്ചത്.

മലബാറിലും മധ്യകേരളത്തിലും തിരുവിതാംകൂറിലും പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണ മുന്നണിക്ക് മലപ്പുറം മാത്രമാണ് കച്ചിത്തുരുമ്പായത്. മലപ്പുറത്ത് 12 സീറ്റ് നേടിയ യു.ഡി.എഫ് മുസ്ലീംലീഗിന്റെ തണലിൽ കിതച്ചും 41 സീറ്റാണ് നിലനിർത്തിയത്.

മലപ്പുറത്ത് 11 സീറ്റ് ലീഗ് തനിച്ച് നേടിപ്പോൾ വണ്ടൂരിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. വണ്ടൂരിൽ കോൺഗ്രസ് നേതാവ് കെ.പി. അനിൽകുമാറിന്റെ ജയം മാത്രമാണ് ഏക ആശ്വാസം. നിലമ്പൂരിൽ അന്തരിച്ച വി.വി.പ്രകാശ് ലീഡ് നില ഫോട്ടോഫിനിഷ് വരെ നിലനിർത്തിയത് നൊമ്പരവുമായി. പി.വി. അൻവർ 2700 വോട്ടിന് ഇവിടെ ജയിച്ചു.

താനൂരിൽ പി.കെ.ഫിറോസും തവനൂരിൽ ഫിറോസ് കുന്നംപറമ്പിലും പൊന്നാനിയിൽ എ.എം രോഹിതും അവസാനം വരെ പൊരുതിയെങ്കിലും തോറ്റത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമാണ് ഏല്പിച്ചത്.

കാസർക്കോട് മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ 745 വോട്ടിന്റെ ആശ്വാസജയമാണ് മുസ്ലീംലീഗിലെ എ.കെ.എം അഷ്‌റഫ് നേടിയത്. ഉപതിരഞ്ഞെടുപ്പിലുണ്ടായ ഭൂരിപക്ഷം നിലനിർത്താനായില്ലെന്ന് മാത്രമല്ല, വോട്ടിംഗ് ശതമാനത്തിലും ഗണ്യമായ ഇടിവാണ് യു.ഡി.എഫിനുണ്ടായത്. കെ. സുരേന്ദ്രൻ 37.7ശതമാനം വോട്ടും അഷ്‌റഫ് 38.14 ശതമാനം വോട്ടുമാണ് ഇവിടെ നേടിയത്. ഇടതു സ്ഥാനാർഥി വി.വി.രമേശൻ 23.6ശതമാനം വോട്ടും നേടി. മഞ്ചേശ്വരത്തെ വോട്ടിലുണ്ടായ ഇടിവ് മുസ്ലീംലീഗിൽ വലിയ പൊട്ടിത്തെറിക്കിടയാക്കിയേക്കുമെന്നാണ് സൂചന.

അഴീക്കോട് കെ.എം ഷാജിയുടെ തോല്‌വി മുസ്ലീംലീഗിനെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ്. ഇവിടെ വോട്ടിംഗ് ശതമാനത്തിൽ നാലുശതമാനത്തിലേറെ ഇടിവാണുണ്ടായിരിക്കുന്നത്.

കണ്ണൂർ മണ്ഡലത്തിൽ ഡി.സി.സി അധ്യക്ഷൻ കെ. സുരേന്ദ്രൻ തോറ്റതും പേരാവൂരിൽ അഡ്വ. സണ്ണിജോസഫിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതും ഇരിക്കൂറിൽ കെ.സി ജോസഫ് മുമ്പ് നേടിയിരുന്ന വോട്ടിൽ ആനുപാതികമായി വന്ന കുറവും കോൺഗ്രസിൽ ചർച്ചയാകും. വയനാട് മാനന്തവാടിയിൽ മുൻ മന്ത്രിപി.കെ.ജയലക്ഷ്മിയുടെ തോല്‌വിക്ക് ജില്ലാനേതൃത്വം മറുപടിപറയേണ്ടിവരും.

കോഴിക്കോട്ടെ നാദാപുരം, കൊയിലാണ്ടി, ബാലുശ്ശേരി, ഏലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ തോല്‌വി യു.ഡി.എഫിനകത്തെ തൊഴുത്തിൽകുത്ത് കാരണമാണെന്ന ആക്ഷേപം ജില്ലാനേതൃത്വത്തിന് മുന്നിൽ വലിയ കടമ്പയാവും.

സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട ഏകപക്ഷീയ നീക്കവും ഏകോപനമില്ലായ്മയും കോൺഗ്രസിനകത്തെ പടലപ്പിണക്കങ്ങൾ കൂട്ടാനാണ് സാധ്യത. മെച്ചപ്പെട്ട പട്ടികയാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശമനുസരിച്ച് പ്രഖ്യാപിച്ചതെന്നാണ് മുല്ലപ്പള്ളിയടക്കമുള്ളവരുടെപ്രസ്താവനയെങ്കിലും ഗ്രൂപ്പ് സമവാക്യം മറികടന്ന് നടത്തിയ വെട്ടിനിരത്തലാണ് പരാജയത്തിനിടയാക്കിതെന്ന ആക്ഷേപം കോൺഗ്രസിനകത്ത് രൂക്ഷമായ തർക്കത്തിനിടയാക്കും. കണ്ണൂരിൽ കെ. സുധാകരൻ തിരഞ്ഞെടുപ്പ് കാലത്തുന്നയിച്ച ആക്ഷേപങ്ങളുടെ കനലുകൾകെട്ടടങ്ങിയിട്ടില്ല.

ഇടതു തരംഗം ആഞ്ഞുവീശിയ തിരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിൽ പോലും തിരിച്ചടി നേരിട്ട് യുഡിഎഫ്. മധ്യകേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ അഞ്ചു ജില്ലകളിലെ 53 മണ്ഡലങ്ങളിൽ 36 ഇടത്തും മുന്നണിയ്ക്ക് പച്ച തൊടാനായില്ല. 2016ൽ മേഖലയിൽ 32 - 21 എന്നതായിരുന്നു എൽഡിഎഫ് - യുഡിഎഫ് സമവാക്യം.

യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ കോട്ടയത്താണ് മുന്നണിയ്ക്ക് വലിയ തിരിച്ചടിയേറ്റത്. ഇവിടത്തെ ഒൻപത് മണ്ഡലങ്ങളിൽ വൈക്കം, ഏറ്റുമാനൂർ സീറ്റുകൾ മാത്രം ഉണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ പൂഞ്ഞാറിലെ പി.സി.ജോർജിന്റെ ഉൾപ്പെടെ അഞ്ചു സീറ്റുകൾ പിടിച്ചപ്പോൾ യുഡിഎഫ് നാല് സീറ്റുകളിലൊതുങ്ങി. അരനൂറ്റാണ്ടായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വരെ ജയത്തിനായി വിയർക്കേണ്ടി വന്നു എന്നത് യുഡിഎഫിന്റെ പരിതാപാവാവസ്ഥ വ്യക്തമാക്കും.

ഇടുക്കി ജില്ലയിൽ എൽഡിഎഫ് ആധിപത്യം തുടർന്നു. ജോസ് പക്ഷം മുന്നണിയിൽ ചേർന്നതിനെ തുടർന്ന് ലഭിച്ച ഇടുക്കി മണ്ഡലം ഉൾപ്പെടെയുള്ള ജില്ലയിലെ തങ്ങളുടെ നാല് സീറ്റും അവർ നിലനിർത്തിയപ്പോൾ പി.ജെ.ജോസഫിന്റെ തൊടുപുഴ മാത്രമായി ഇത്തവണയും യുഡിഎഫ് അക്കൗണ്ടിൽ!

അതേസമയം, യുഡിഎഫിന് ആശ്വസിക്കുന്ന ഫലം നൽകിയ ജില്ലയായി എറണാകുളം. ജില്ലയിൽ നിലവിലുണ്ടായിരുന്ന 9 - 5 എന്ന സീറ്റ് നില അവർക്ക് നിലനിർത്താനായി. യുഡിഎഫ് സിറ്റിങ് സീറ്റുകളായ കുന്നത്തുനാട്, കളമശ്ശേരി മണ്ഡലങ്ങൾ എൽഡിഎഫ് നേടിയെങ്കിലും ഇടതിന്റെ തൃപ്പൂണിത്തുറ, മൂവാറ്റുപുഴ സീറ്റുകൾ സ്വന്തമാക്കി വലതുപക്ഷം എറണാകുളം കോട്ട കാത്തു.

കഴിഞ്ഞ തവണ യുഡിഎഫിന് നാണക്കേടുണ്ടാക്കിയ തൃശൂരിലും കാര്യങ്ങൾക്ക് മാറ്റമില്ല. 12 - 1 എന്നതാണ് ഇവിടെ ഇത്തവണയും സീറ്റുനില. കഴിഞ്ഞ തവണത്തെ ഏക സീറ്റായ വാക്കാഞ്ചേരി അനിൽ അക്കര കൈവിട്ടെങ്കിലും സനീഷ് കുമാറിലൂടെ ചാലക്കുടി നേടി യുഡിഎഫ് ആ പ്രശ്നം 'പരിഹരിച്ചു

നിയമസഭാ ചരിത്രത്തിൽ 15 വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയിലാണ് മുസ്ലിം ലീഗിന് ഇത്തവണയുണ്ടായിരിക്കുന്നത്. ഇത്തവണ മൂന്ന് സീറ്റിൽ അധികം മത്സരിച്ചിട്ടും അതിന്റെ നേട്ടമുണ്ടാക്കാൻ ലീഗിനായില്ല. 2016-ൽ യു.ഡി.എഫ്. നിലംപതിച്ചപ്പോഴും മത്സരിച്ച 24-ൽ 18 സീറ്റിലും വിജയം നേടാൻ മുസ്ലിം ലീഗിനായിരുന്നു.

കാൽ നൂറ്റാണ്ടിന് ശേഷം ഒരു വനിതയെ ഉൾപ്പെടുത്തിയാണ് മുസ്ലിംലീഗ് ഇത്തവണ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നത്. സിറ്റിങ് മണ്ഡലമായ കോഴിക്കോട് സൗത്ത് തന്നെ മത്സരിക്കാൻ നൂർബിന റഷീദിന് നൽകി. എന്നാൽ നൂർബിന റഷീദിന് പാർട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. ഐ.എൻ.എലിന്റെ അഹമ്മദ് ദേവർകോവിൽ ഇവിടെ 12,459 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൂർബിനയ്ക്കെതിരെ ജയിച്ചത്. 2016-ൽ 2,327 വോട്ടിന്റെ ഭൂരിപക്ഷം എം.കെ. മുനീറിന് കോഴിക്കോട് സൗത്തിൽ ഉണ്ടായിരുന്നു.

അതേസമയം, മുനീറിലൂടെ കഴിഞ്ഞ തവണ കൈവിട്ട കൊടുവള്ളി ലീഗിന് പിടിച്ചെടുക്കാനായി എന്നത് ആശ്വാസകരമാണ്. സിറ്റിങ് എം.എൽ.എ. കാരാട്ട് റസാഖിനെ 6,504 വോട്ടുകൾക്കാണ് മുനീർ പരാജയപ്പെടുത്തിയത്. കോഴിക്കോട് സൗത്തിനെ കൂടാതെ അഴീക്കോട്, കളമശ്ശേരി, കുറ്റ്യാടി എന്നീ മണ്ഡലങ്ങളാണ് ലീഗിന് ഇത്തവണ നഷ്ടമായത്.

അട്ടിമറിജയത്തിലൂടെ രണ്ടു തവണ അഴീക്കോട് പ്രതിനിധീകരിച്ച കെ.എം. ഷാജിയെ ഇത്തവണ മണ്ഡലം കൈവിട്ടു. സി.പി.എം. സ്ഥാനാർഥി കെ.വി.സുമേഷാണ് ഇവിടെ ജയിച്ചത്.

പാലാരിവട്ടം പാലം അഴിമതി ചർച്ചയായ കളമശ്ശേരിയിൽ സിറ്റിങ് എം.എൽ.എ. ആയിരുന്ന വി.എം. ഇഹ്രാഹികുഞ്ഞിന്റെ മകനെ സ്ഥാനാർഥിയാക്കിയ ലീഗിന്റെ തീരുമാനം പിഴച്ചു. വി.ഇ. അബ്ദുൾ ഗഫൂറിനെതിരെ 11,132 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം. സ്ഥാനാർഥി പി.രാജീവ് ജയിച്ചത്.

കുറ്റ്യാടിയിൽ കഴിഞ്ഞ തവണ അട്ടിമറി ജയം പാറക്കൽ അബ്ദുള്ളയെ ഇത്തവണ നേരിയ ഭൂരിപക്ഷത്തിന് മണ്ഡലം കൈവിട്ടു. സി.പി.എം. സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ് കുട്ടി 490 വോട്ടുകൾക്ക് ഇവിടെ ജയിച്ചു.

മലപ്പുറത്തെ മണ്ഡലങ്ങളെല്ലാം മുസ്ലിലീഗിന് നിലനിർത്താനായി. എന്നാൽ കഴിഞ്ഞ തവണ കൈവിട്ട താനൂർ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനെ നിയോഗിച്ചിട്ടും ഇത്തവണ പിടിച്ചെടുക്കാനായില്ല. തിരുവമ്പാടിയിലും ജയിക്കാനായില്ല. പെരിന്തൽമണ്ണയിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് നജീബ് കാന്തപുരം ജയിച്ചത്.

കൊല്ലത്ത് കരുനാഗപ്പള്ളിയിലും കുണ്ടറയിലും യുഡിഎഫ് അപ്രതീക്ഷിത വിജയം നേടിയപ്പോൾ പത്തനംതിട്ടയിൽ ഇടതുപക്ഷം എല്ലാ സീറ്റുകളും പിടിച്ചു. ആലപ്പുഴയിൽ പതിവുപോലെ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.

 

 

decline of udf the more the equation have to answer