അതിജീവനത്തിനായി പച്ചത്തുരുത്തുകൾ

By online desk .15 10 2020

imran-azhar

 

 

എറണാകുളം: കാലാവസ്ഥാ വ്യതിയാന ത്തെ ഫലപ്രദമായി നേരിടാൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന 'പച്ചത്തുരുത്ത്' പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയ ജില്ലയിലെ വിവിധ പഞ്ചായത്തുകളെ ആദരിച്ചു. സംസ്ഥാനത്ത് ആയിരം പച്ചത്തുരുത്തുകൾ പൂർത്തികരിച്ചതു സംബന്ധിച്ച പ്രഖ്യാപനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷനായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവ്വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഒരേ സമയം നടന്ന ചടങ്ങിലാണ് ഹരിത കേരളം മിഷന്റെ അനുമോദനപത്രം കൈമാറിയത്. പച്ചത്തുരുത്ത് പദ്ധതി മാതൃകാപരമായി നിർവ്വഹിച്ച പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോട്ടുവള്ളി,ചേന്ദമംഗലം, വടക്കേക്കര, ഏഴിക്കര ഗ്രാമപഞ്ചായത്തുകളിലും, വാഴക്കുളം, വാരപ്പെട്ടി , ആമ്പല്ലൂർ, കുട്ടമ്പുഴ, വാളകം, മാറാടി, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം, നെടുമ്പശ്ശേരി ഗ്രാമപഞ്ചായത്തുകളിലുമാണ് ചടങ്ങുകൾ നടന്നത്.

 


തൊഴിലുറപ്പ് പദ്ധതിയുടെയും, സാമൂഹ്യ വനവൽകരണ വിഭാഗത്തിന്റെയും സഹായത്തോടെ തരിശുഭൂമിയിൽ തദ്ദേശിയമായ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ച് ജൈവവൈവിധ്യ സംരക്ഷണത്തിന് കുട്ടി വനങ്ങൾ ഒരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി 36 പച്ചത്തുരുത്തുകളാണ് ഇതുവരെ സ്ഥാപിച്ച് പരിപാലിച്ചു വരുന്നത്.

 


ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ ഡെപ്യൂട്ടി കളക്ടർ വൃന്ദ മോഹൻദാസ്, പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രൊജക്ട് ഡയറക്ടർ എം ജി എൻ ആർ ഇ ജി എസ് ട്രീസ ജോസ്, വാഴക്കുളം പഞ്ചായത്തിൽ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ , രാമമംഗലം പഞ്ചായത്തിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് യേശുദാസ് പറപ്പള്ളി തുടങ്ങിയവർ വിവിധയിടങ്ങളിലായി നട ചടങ്ങിൽ അനുമോദന പത്രം വിതരണം ചെയ്തു. അതതു പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും അനുമോദന പത്രം ഏറ്റുവാങ്ങി.

 

OTHER SECTIONS