മരം ഒരു വരമാകുമോ

By online desk.03 02 2020

imran-azhar

 


ആഗോളതാപനത്തെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമായി കാണുന്നത് വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിക്കലാണ്. ഈ അടുത്ത കാലത്ത് ലോക ഇക്കണോമിക് ഫോറം ഇതുപോലെ ഒരു ആഗോള സംരംഭം ആരംഭിക്കുകയുണ്ടായി. ജൈവവൈവിദ്ധ്യത്തെ പുനഃസ്ഥാപിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുമായി ലോകമെമ്പാടും ഒരു ലക്ഷം കോടി വൃക്ഷങ്ങള്‍ വളര്‍ത്താനാണ് അവര്‍ പദ്ധതിയിടുന്നത്.

 

സര്‍ക്കാരുകള്‍, സര്‍ക്കാരിതര സംഘടനകള്‍, ബിസിനസുകാര്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനം. ഈ സംരംഭത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുമുണ്ട്. അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യാനും മൃഗങ്ങള്‍ക്ക് ആവാസ വ്യവസ്ഥ നല്‍കാനും രാജ്യങ്ങള്‍ മരങ്ങള്‍ കഴിയുന്നത്രയും നടുകയും സംരക്ഷിക്കുകയും വേണമെന്നും ടെക്‌നോളോജി റിവ്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലാബിന്റെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു ഗവേഷണ പദ്ധതിയാണ് കാര്‍ബണ്‍ ഇനിഷ്യേറ്റീവ്. അത് നയിക്കുന്ന് റോജര്‍ ഐന്‍സിന്റെ അഭിപ്രായത്തില്‍ മരങ്ങള്‍ വളരെ പ്രധാനപ്പെട്ടതും പ്രത്യക്ഷവും സാമൂഹികവുമായ ഒരു പരിഹാരമാണ്. എന്നാല്‍, ഇത് എത്രത്തോളം പ്രയോഗികമാണെന്നത് ഒരു ചോദ്യമാണ്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതില്‍ അതിന്റെ പങ്ക് പരിമിതമാണ്.

 

വനങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതികള്‍ പലപ്പോഴും വേണ്ടരീതിയില്‍ ഫലവത്തായിട്ടില്ല. ആഗോള ഉദ്വമനത്തിന്റെ ഒരു ചെറിയ ഭാഗം ഇല്ലാതാക്കാനായി അനേകം ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടി വരും. അത് പതിറ്റാണ്ടുകള്‍ നീണ്ട ഒരു യത്‌നമാകും. നടുന്ന മരങ്ങള്‍ വരള്‍ച്ച, കാട്ടുതീ, രോഗങ്ങള്‍, വനനശീകരണം എന്നിവയാല്‍ നശിക്കാന്‍ ഇടയാകുന്നു. ഹരിതഗൃഹ-വാതക ഉദ്വമനം അന്തരീക്ഷത്തിലെത്തുന്നത് തടയാന്‍ ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ആദ്യം വേണ്ടതെന്നന്ന് അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഫോര്‍ ദി ഫ്യൂച്ചറിലെ ജെയ്ന്‍ ഫ്‌ലെഗല്‍ പറയുന്നു.

 


കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതില്‍ വൃക്ഷങ്ങളുടെ പങ്കിനെക്കുറിച്ച് പറയുമ്പോള്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. ഉദാഹരണത്തിന്, ഹോപ്പര്‍ എന്ന ട്രാവല്‍ ബുക്കിംഗ് ആപ്പ്, അതുവഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഓരോ ആളുകള്‍ക്കും നാലുമരം വീതം നടാനുള്ള പണം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു യാത്രികന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ഹരിതവാതക ബഹിര്‍ഗ്ഗമനം ഇതുവഴി നികത്താമെന്ന് കണക്കുകൂട്ടിയായിരുന്നു അത്.

 

എന്നാല്‍, അതിന്റെ പ്രശ്‌നം, ഏകദേശം 40 വര്‍ഷമെടുക്കും വൃക്ഷം അത്തരമൊരു വളര്‍ച്ചയിലെത്താന്‍. ഒരാള്‍ക്ക് നാല് മരങ്ങള്‍ എന്ന കണക്ക് നോക്കിയാല്‍ 25 വര്‍ഷമെങ്കിലും എടുക്കും അതില്‍ നിന്ന് പ്രതീക്ഷിച്ച ഫലം ലഭിക്കാന്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും വേഗത്തിലുള്ള ഫലം തരില്ല. അതുകൊണ്ടു തന്നെ മരങ്ങള്‍ നട്ട് ആഗോള താപനത്തെ ചെറുക്കാന്‍ നോക്കുമ്പോള്‍ അതിന് വേണ്ടിവരുന്ന സമയം ഒരു പ്രശ്‌നം തന്നെയാണ്.

 


രണ്ടാമതായി ഇങ്ങനെ മരങ്ങള്‍ നടാന്‍ സ്ഥലമുണ്ടോ എന്നതാണ്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്, എന്‍ജിനീയറിംഗ്, മെഡിസിന്‍ എന്നിവയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വന്ന റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം 150 ദശലക്ഷം മെട്രിക് ടണ്‍ ഹരിതവാതകം നീക്കം ചെയ്യാനും ക്രമീകരിക്കാനും 9.9 ദശലക്ഷം ഏക്കര്‍ ഭൂമി വനങ്ങളാക്കി മാറ്റേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷം അമേരിക്ക 5.8 ബില്യണ്‍ ടണ്‍ ഹരിത വാതക ഉദ്വമനം നടത്തി. ഏകദേശം 371 ദശലക്ഷം ഏക്കര്‍ അല്ലെങ്കില്‍ ടെക്‌സസിന്റെ ഇരട്ടിയിലധികം പ്രദേശങ്ങള്‍ വനമാക്കി മാറ്റിയാലേ ഇതിന് പരിഹാരമാകൂ.

 

എന്നാല്‍, മിക്കയിടത്തും കൃഷി, ഭക്ഷ്യ ഉല്‍പാദനം, ലോഗിംഗ്, മറ്റ് ഉപയോഗങ്ങള്‍ക്കായി ഭൂമി ആവശ്യമാണ്. ഹെക്ടറില്‍ 2,000 വൃക്ഷങ്ങള്‍ എന്ന കണക്കില്‍ ലോകമെമ്പാടും ഒരു ലക്ഷം കോടി (ഒരു ട്രില്യണ്‍) വൃക്ഷത്തൈകള്‍ നടുന്നതിന് 1.2 ബില്യണ്‍ ഏക്കര്‍ ഭൂമി ആവശ്യമാണ്. ഇത് എത്രത്തോളം പ്രയോഗികമാണ്? മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ഭൂമിയുടെ അപര്യാപതത മറ്റൊരു പ്രശ്‌നമാണ്.

 


ഓസ്ട്രേലിയയില്‍ ഉണ്ടായ വിനാശകരമായ തീപിടുത്തങ്ങളും ബ്രസീലില്‍ വ്യാപകമായ വനനശീകരണവും അതിന്റേതായ രീതിയില്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. മരങ്ങളും ചെടികളും നശിക്കുമ്പോള്‍ തടികളിലും ശാഖകളിലും ഇലകളിലും അടങ്ങിയ കാര്‍ബണിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിലേക്ക് തന്നെ മടങ്ങുന്നു. ഇത് വരും വര്‍ഷങ്ങളില്‍ കാലാവസ്ഥയെ കൂടുതല്‍ രൂക്ഷമാക്കുന്നു. പിന്നീട് അത് ഒരു വലിയ പ്രശ്നമായി മാറുകയും ചെയ്യും.

 

വരള്‍ച്ചയും ഉയര്‍ന്ന താപനിലയും കാടുകളെ പ്രതിസന്ധിയിലാക്കുകയും കൂടുതല്‍ വലിയ തീപിടുത്തങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ആഗോളതാപനം തടയുന്നതിന് വലിയ അളവില്‍ വായുവില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നീക്കം ചെയ്യേണ്ടതുണ്ടെന്ന് മിക്ക ഗവേഷണങ്ങളും പറയുന്നു. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് ഏറ്റവും ചെലവ് കുറഞ്ഞതും വിശ്വസനീയവുമായ മാര്‍ഗ്ഗമാണ്.

 

 

അതിനാല്‍ ലോകമെമ്പാടുമുള്ള വനവല്‍ക്കരണവും സംരക്ഷണ ശ്രമങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ കൂടുതല്‍ വേഗതയേറിയ, കാര്യക്ഷമമായ മറ്റ് മാര്‍ഗ്ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്. അന്തരീക്ഷത്തിലെ ഹരിത വാതകങ്ങളെ വായുവില്‍ നിന്ന് പിടിച്ചെടുക്കുകയും ഒരു സ്ഥലത്തു സൂക്ഷിക്കുകയും ചെയ്യുന്നതാണ് നെഗറ്റീവ് എമിഷന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്. നെഗറ്റീവ് എമിഷന്‍സിന് മരങ്ങള്‍ പര്യാപ്തമല്ലെന്ന് മുമ്പത്തെ ഒരു ദേശീയ അക്കാദമി റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. മണ്ണില്‍ കാര്‍ബണ്‍ സംഭരിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.

 

കാര്‍ബണ്‍ ക്യാപ്ചര്‍ സംവിധാനങ്ങള്‍, ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍, ദീര്‍ഘദൂര ട്രാന്‍സ്മിഷന്‍ ലൈനുകള്‍ എന്നിവയുള്ള പ്രകൃതി വാതക പ്ലാന്റുകള്‍ പോലുള്ള ചെലവേറിയ മാര്‍ഗ്ഗങ്ങളാണ്. അത് നമ്മള്‍ ഒഴിവാക്കുന്നു. അതിവേഗം വളരുന്ന ആഗോള ജനസംഖ്യയെ നേരിടാന്‍, നേരിട്ടുള്ള വായു പിടിച്ചെടുക്കല്‍ യന്ത്രങ്ങള്‍ പോലുള്ള ധാരാളം സാങ്കേതിക പരിഹാരങ്ങള്‍ നമുക്ക് ആവശ്യമായിരിക്കാം. ആഗോളതാപനത്തില്‍ മരങ്ങളുടെ പങ്ക് ചെറുതല്ല. പക്ഷേ, അതോടൊപ്പം തന്നെ ഉടനടിയുള്ള പരിഹാരമാര്‍ഗ്ഗങ്ങളും നമ്മള്‍ കണ്ടെത്തണം.

 

 

 

 

 

 

 

 

 

 

 

OTHER SECTIONS