50 വര്‍ഷമായി ജോര്‍ജ്ജേട്ടന്‍സ് സൈക്കിള്‍ യാത്ര

By S R Krishnan.13 Mar, 2017

imran-azhar

 

കൊച്ചി: പ്രകൃതി സംരക്ഷിക്കണം പരിസ്ഥിതി സൗഹൃദമാകണം ഗതാഗതം എന്നെല്ലാം പറയുമെങ്കിലും നാം എത്ര പേര്‍ പ്രകൃതി സൗഹൃദപരമായി സഞ്ചരിക്കാറുണ്ട്? ഇതിനൊരു അപവാദമാണ് ചെലവന്നൂര്‍ പുലക്കായി പറമ്പില്‍ ജോര്‍ജ്ജ് എന്ന അറുപത്തിയെട്ടുകാരന്‍. കൊച്ചി പോലൊരു മെട്രോ നഗരത്തില്‍ അന്‍പതു വര്‍ഷമായി സൈക്കിളിലാണ് ജോര്‍ജ്ജേട്ടന്റെ യാത്ര. 1967ല്‍ പെസ്റ്റ് കണ്‍ട്രോള്‍ ഇന്ത്യയില്‍ പ്ലാന്റ് ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ചതോടെയാണ് ഇദ്ദേഹത്തിന്റെ സൈക്കിള്‍ യജ്ഞത്തിനു തുടക്കമാവുന്നത്. കമ്പനിയില്‍ പോകാന്‍ വേറെ യാത്രാ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്ന ഇദ്ദേഹം 1967ല്‍ അന്ന് ജനപ്രിയമായ ഒരു റാലി സൈക്കിള്‍ വാങ്ങുകയായിരുന്നു. പീന്നീടങ്ങോട്ട് നഗരത്തിലങ്ങോളമിങ്ങോളം ജോര്‍ജ്ജേട്ടന്റെ സവാരി സൈക്കിളിലായി. ഈ റാലി സൈക്കിള്‍ അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു, 2009 വരെ നീണ്ട സേവനത്തിനൊടുവില്‍ ഈ റാലി സൈക്കിള്‍ ഒടിഞ്ഞു പോവുകയായിരുന്നു എന്ന് ജോര്‍ജ്ജേട്ടന്‍ വിഷമത്തോടെ പറയുന്നു. അപ്പോഴേക്കും വയസ്സ് അറുപതായി സൈക്കിള്‍ ഉന്തി പെഡലില്‍ ഇടംകാല്‍ വെച്ച് വലം കാല്‍ പൊക്കി വീശി സൈക്കിളില്‍ കയറി പായാന്‍ ഇത്തിരി വിഷമം നേരിട്ടതിനാല്‍ പുതിയ സൈക്കിള്‍ വാങ്ങിയപ്പോള്‍ ഒരു പഴയ ബി എസ് എ ലേഡി ബേര്‍ഡ് ആണ് തെരഞ്ഞെടുത്തത്. ഇന്ന് അതിലാണ് ഇദ്ദേഹത്തിന്റെ സവാരി. എവിടെയും സൈക്കിള്‍ ചവിട്ടി തന്നെ പോകണം എന്നതാണ് ജോര്‍ജ്ജേട്ടന്റെ യാത്രാനയം.വാര്‍ദ്ധക്യ സഹജമായ അവശതകളോ, മറ്റ് അസുഖങ്ങളോ ജോര്‍ജ്ജേട്ടനെ അലട്ടാറില്ല. എത്ര കിലോമീറ്റര്‍ ഒരു ദിവസം ചവിട്ടുമെന്ന ചോദ്യത്തിന് ''ചിലപ്പോ ഇരുപതോ ഇരുപത്തഞ്ചോ ഒക്കെ ചവിട്ടുമായിരിക്കും, ഇതൊക്കെ ആരും നോക്കുന്നു എന്നാണ് ജോര്‍ജ്ജേട്ടന്റെ മറുപടി. ''സൈക്കിള്‍ സവാരിക്കാര്‍ക്ക് ഒരു തരത്തിലുള്ള ചെക്കിംഗും നേരിടേണ്ടി വരില്ല എന്ന ഗുണവുമുണ്ടെന്ന് ജോര്‍ജ്ജേട്ടന്‍ പറയുന്നു''. ജില്ലക്കു പുറത്തേക്കുള്ള യാത്രകളില്‍ മാത്രമാണ് മറ്റു വാഹനങ്ങളെ ഇദ്ദേഹം ആശ്രയിക്കുന്നത്. എറണാകുളം വളര്‍ന്നു പന്തലിച്ച് ട്രാഫിക്ക് ബ്ലോക്ക് നഗരത്തിനു പുറത്തേക്കും വ്യാപിക്കുമ്പോഴും ചുണ്ടിലൊരു പാട്ടുമായി നഗരത്തിന്റെ ഏതു തിരക്കിലും തന്റെ സൈക്കിളുമായി ജോര്‍ജ്ജേട്ടന്‍ തന്റെ പ്രയാണം തുടരുന്നത് ഇന്ന് ഒരു നിത്യ കാഴ്ചയാണ്.

OTHER SECTIONS