തിമിംഗല സ്രാവുകളെക്കുറിച്ചുള്ള പുതിയ പഠനവുമായി എസ്ടിആര്‍ഐ

By Ameena Shirin s.03 07 2022

imran-azhar

കേരളത്തില്‍ തുമ്പ കടപ്പുറത്ത് തിമിംഗല സ്രാവുകള്‍ കരക്കടിയുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഴക്കടലില്‍ വാസമുറപ്പിച്ചിരിക്കുന്ന ഇവയുടെ സഞ്ചാര പാതയും പ്രത്യുത്പാദനത്തിനായി തിരഞ്ഞെടുക്കുന്ന മേഖലകളും ഇപ്പോഴും അവ്യക്തമാണ് .

 

ഇപ്പോഴിതാ ഇവയുടെ സ്വഭാവ രീതികളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയിരിക്കുകയാണ് വിദേശ സ്ഥാപനങ്ങളായ സ്മിത്‌സോണിയന്‍ ട്രോപ്പിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് (എസ്ടിആര്‍ഐ), ദി ആന്‍ഡേഴ്‌സണ്‍ കാബോട്ട് സെന്റര്‍ ഫോര്‍ ഓഷ്യന്‍ ലൈഫ്, യൂണിവേഴ്‌സിറ്റി ഓഫ് പനാമ എന്നിവിടങ്ങളിലെ ഗവേഷകര്‍.

 

പനാമിയന്‍ പസഫിക്കിനെ കേന്ദ്രീകരിച്ചാണ് പഠനങ്ങള്‍ നടത്തിയിരിക്കുന്നത്. സമുദ്ര മേഖലയിലെ 30-ഓളം വരുന്ന തിമിംഗല സ്രാവുകളില്‍ സാറ്റ്‌ലൈറ്റ് ട്രാക്കിംഗ് ഉപകരണങ്ങള്‍ ടാഗ് ചെയ്താണ് ഇവയുടെ സ്വഭാവ രീതികളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഗവേഷകര്‍ മനസ്സിലാക്കിയത്.

 

മറ്റ് സ്രാവ് വിഭാഗങ്ങളെ അപേക്ഷിച്ച് പ്രായപൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കുന്ന ഇവ വളരെ വൈകി മാത്രമാണ് പ്രത്യുത്പാദനവും മറ്റും നടത്താറ്. മറ്റ് മത്സ്യങ്ങളെ ലക്ഷ്യം വെച്ചുള്ള മത്സ്യബന്ധനവും കപ്പലുകളും സമുദ്ര പ്രദേശത്ത് ഇവയുടെ നിലനില്‍പിന് ഭീഷണിയുള്ളതായും പഠനം കണ്ടെത്തി.

 

ഭക്ഷ്യലഭ്യത കൂടുതലുള്ള മേഖലകളെ കേന്ദ്രീകരിച്ചാണ് പലപ്പോഴും ഇവയുടെ സഞ്ചാരം. ഗവേഷണത്തില്‍ പനാമിയന്‍ പസഫിക്കിന്റെ കരയ്ക്കും സമുദ്രത്തിനും മധ്യേയുള്ള പ്രദേശങ്ങളിലും സീമൗണ്ടിലുമാണ് ഇവ ആഹാരം തേടുന്നതെന്ന് കണ്ടെത്തി.

 

ചെറു മീനുകളും പ്ലാങ്ക്ടണുകളും കൂടുതലുള്ള പ്രദേശങ്ങളാണിത്. ഇവയുടെ സ‍‍ഞ്ചാര രീതി മനസ്സിലാക്കൽ ഇവയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്നാണ് പഠനം പറയുന്നത്.

 

OTHER SECTIONS