By ആര് രാജേഷ്.19 02 2022
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 എണ്ണവും ഇന്ത്യയിലാണ്. ഇന്ത്യയിലുടനീളം 50 ശതമാനത്തിലധികം സ്ഥലങ്ങളില്‍ മലിനീകരണ തോത് പിഎം10 ആണ്. അതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രീന്‍ ഹൈഡ്രജന്‍ നയത്തിന്റെ പ്രധാന്യം വളരെ വലുതാണ്. കാര്‍ബണ്‍ രഹിത ഇന്ത്യക്കായി ജൈവ ഇന്ധന ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ ഹൈഡ്രജന്‍ ദൗത്യത്തെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നയം.
ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ എന്നിവയുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്കുന്ന നിരവധി പദ്ധതികളാണ് നയത്തിലുള്ളത്. നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ വന്‍കിട കമ്പനികള്‍ക്ക് സര്‍ക്കാര്‍ നയം ഗുണകരമാകും. ഊര്‍ജമന്ത്രാലയം പുറത്തുവിട്ട നയപ്രകാരം ഗ്രീന്‍ ഹൈഡ്രജനും അമോണിയയും ഉത്പാദിപ്പിക്കുന്നതിന് പ്രത്യേക സോണുകള്‍ സ്ഥാപിക്കും. ഗ്രീന്‍ അമോണിയയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ തുറമുഖങ്ങള്‍ക്ക് സമീപം ശേഖരണകേന്ദ്രം സ്ഥാപിക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കും. പവര്‍ എക്സ്ചേഞ്ചുകളില്‍ നിന്ന് പുനരുപയോഗ ഊര്‍ജം വാങ്ങുകയോ സ്വയം ഉത്പാദിപ്പിക്കുകയോ ചെയ്ത് ഗ്രീന്‍ ഹൈഡ്രജന്‍ സംവിധാനത്തിന് ഉപയോഗിക്കാം. ഹരിത ഇന്ധന വില കുറയ്ക്കുന്നതിനായി അന്തര്‍ സംസ്ഥാന വിതരണ ചാര്‍ജുകള്‍ 25 വര്‍ഷത്തേയ്ക്ക ഒഴിവാക്കുകയുംചെയ്തിട്ടുണ്ട്. മുന്‍ഗണനാടിസ്ഥാനത്തില്‍ അവര്‍ക്ക് വിതരണശൃംഖല(ഗ്രിഡ്)യിലേയ്ക്കുള്ള കണക്ടിവിറ്റിയും നല്‍കും.
ഊര്‍ജ ഉപഭോഗത്തില്‍ നിലവില്‍ ലോകത്ത് നാലാംസ്ഥാനത്താണ് ഇന്ത്യ. യുഎസ്, ചൈന, യൂറോപ്യന്‍ യൂണിയന് എന്നിവയാണ് ഇന്ത്യക്കു മുന്നിലുള്ള രാജ്യങ്ങള്‍. 2030ഓടെ യൂറോപ്യന്‍ യൂണിയനെ മറികടന്ന് ഇന്ത്യ മൂന്നാമതെത്തുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കാര്‍ബണ്‍ രഹിത ഊര്‍ജമേഖലയിലേയ്ക്കുള്ള രാജ്യത്തിന്റെ ചുവടുവെയ്പ് നിര്‍ണായകമാകും. പൂര്‍ണമായും കാര്‍ബണ്‍ ഒഴിവാക്കാമന്നതാണ് ഗ്രീന്‍ ഹൈഡ്രജന്കൊണ്ടുള്ള നേട്ടം. 280 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 0.1ശതമാനം മാത്രം ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിച്ചാല്‍ മതി. അതേസമയം, ഉത്പാദന ചെലവ് കൂടുതലാണെന്നത് ഒരു പോരായ്മയായി ചൂണ്ടികാട്ടപ്പെടുന്നുണ്ട്.
ഇന്ത്യക്ക് നല്കുന്ന മുന്‍തൂക്കം..
സമൃദ്ധമായ പ്രകൃതി വിഭവങ്ങള്‍ ഉള്ളതു കൊണ്ടും അനുകൂലമായ ഭൂമിശാസ്ത്രപര സാഹചര്യങ്ങളായതിനാലും ഇന്ത്യയ്ക്ക് ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനത്തിന് കൂടുതല്‍ പ്രാധാന്യം നല്കാന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുനരുപയോഗിക്കാവുന്ന വിഭവങ്ങളില്‍ നിന്ന് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നത് പ്രകൃതിവാതകത്തില്‍ നിന്ന് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ ചെലവ് കുറഞ്ഞ പദ്ധതിയാണ്. ചില പ്രത്യേക സമയങ്ങളില്‍ മിച്ച വൈദ്യുതിയിലൂടെ വൈദ്യുതവിശ്ലേഷണ പ്രക്രീയ നടത്തി ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ചെലവ് വളരെ കുറവാണ്. ഹൈഡ്രജനെ വിവിധ മേഖലകളില്‍ സംഭരിക്കാനും ഉപയോഗിക്കാനും കഴിയുന്ന്തിനാല്, വൈദ്യുതിയെ ഹൈഡ്രജനാക്കി മാറ്റുന്നത് വേരിയബിള്‍ ഊര്‍ജ്ജ വിതരണവും ഡിമാന്‍ഡും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ഊര്‍ജമേഖലയിലെ പരിവര്‍ത്തനത്തിനായുള്ള വഴികള്‍ ലോകം തേടുമ്പോള്‍, ഗ്രീന്‍ ഹൈഡ്രജന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക മാത്രമല്ല, കയറ്റുമതി വിപണികള്‍ക്കായി ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുക കൂടിയാണ് ഇന്ത്യയുടെ ലക്ഷ്യം. 2030 ഓടെ 450 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുക എന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ലക്ഷ്യത്തിന് അനുസൃതമാണ് ഗ്രീന്‍ ഹൈഡ്രജനിലൂടെ ശുദ്ധമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പാരീസ് ഉടമ്പടി പ്രകാരം ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക എന്നതും ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്.
നിലവില്‍, ഇന്ത്യയുടെ ഊര്‍ജ ആവശ്യകതയുടെ 80 ശതമാനവും ആശ്രയിക്കുന്നത് മൂന്ന് ഇന്ധനങ്ങളെയാണ്. കല്‍ക്കരി, എണ്ണ, ഖര ബയോമാസ് എന്നിവയാണ് പ്രധാന ഇന്ധനങ്ങള്‍. ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ ഊര്‍ജ പരിവര്‍ത്തനത്തിന് ഗ്രീന്‍ ഹൈഡ്രജന്‍ വലിയ പങ്കു വഹിക്കും. ഹൈഡ്രജന്‍ ഉപയോഗത്തിലൂടെ ഹരിതഗൃഹ വാതകങ്ങളോ, സള്‍ഫര്‍ ഓക്സൈഡുകളോ, ഭൂതല ഓസോണുകളോ ഉത്പാദിപ്പിക്കുന്നില്ല. ഒരു ഇന്ധന സെല്ലില്‍ ഹൈഡ്രജന്‍ ഉപയോഗിക്കുമ്പോള്‍ അത് വെള്ളമല്ലാതെ മറ്റൊന്നും പുറപ്പെടുവിക്കുന്നില്ല ഹൈഡ്രജന്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റം ഇന്ത്യയുടെ ഹൈഡ്രോ കാര്‍ബണ്‍ ഇന്ധനങ്ങളുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക മാത്രമല്ല, പൗരന്മാര്ക്ക് ശുദ്ധവായു ശ്വസിക്കുന്നതിനുള്ള അവസരം കൂടിയാണ് നല്‍കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായ ഹരിതഗൃഹ വാതക പുറന്തള്ളല്‍ സമ്പൂര്‍ണമായി കുറയ്ക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ ലഘൂകരിക്കാനും ഇതിലൂടെ സാധിക്കുമെന്നതും ശ്രദ്ധേയമാണ്.
കൈക്കോര്‍ത്ത് കോര്‍പ്പറേറ്റുകള്‍...
സര്‍ക്കാരിന്റെ നയത്തിന് വന്‍കിട കോപ്പറേറ്റുകളുടെ ഇടയില്‍ വന്‍ സ്വീകര്യതയാണ് ലഭിച്ചത്. ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്ന് ഈയിടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രഖ്യാപിച്ചത്. ഇതിനായി അദാനി പെട്രോകെമിക്കല്‍സ് എന്ന പുതിയ കമ്പനി സ്ഥാപിച്ചാണ് അദാനി രംഗത്തെത്തിയത്. ഇതോടെ ഗ്രീന്‍ ഹൈഡ്രജന്‍ നയം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വ്യാപരമേഖല ഇതിനെ ഏറ്റെടുത്തിരിക്കുകയാണെന്ന് വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ ഇത് കേന്ദ്ര സര്‍ക്കാരിന് നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.