ശുദ്ധവായുവിനും വില കൊടുക്കേണ്ടി വരും

By online desk.03 03 2020

imran-azhar

 


ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വലിയ തോതില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ, ഓസ്ട്രേലിയയെ ലോകത്തിലെ ഏറ്റവും മലിനമായ വായുവുള്ള രാജ്യമായി മാറ്റിയിരുന്നു. ഒരുഘട്ടത്തില്‍, ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബെറ ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള രാജ്യതലസ്ഥാനമായി മാറിയിരുന്നു. എന്നാല്‍, ഇന്ത്യയിലെ ജനങ്ങളുടെ അവസ്ഥയും ഏതാണ്ടിതുപോലെ തന്നെയാണ്. ലോകത്തെ ഏറ്റവും മലിനമായ 30 നഗരങ്ങളില്‍ 21 എണ്ണവും നമ്മുടെ രാജ്യത്താണ്. 2019ലെ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളെക്കുറിച്ചുള്ള ഐക്യു എയറിന്റെ പഠനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ആഗോള വായു ഗുണനിലവാര വിവര സാങ്കേതിക കമ്പനിയാണ് ഐക്യു എയര്‍. പിഎം 2.5 എന്നറിയപ്പെടുന്ന സൂക്ഷ്മ കണിക പദാര്‍ത്ഥത്തിന്റെ അളവ് അളക്കുന്ന കേന്ദ്രങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ടിനാവശ്യമുള്ള വിവരങ്ങള്‍ ശേഖരിച്ചത്.

 

2.5 മൈക്രോമീറ്ററില്‍ താഴെ വ്യാസമുള്ള സൂക്ഷ്മ കണികകള്‍ മനുഷ്യന്റെ ശ്വാസകോശത്തിലേക്കും ഹൃദയത്തിലേയ്ക്കും പ്രവേശിക്കുകയും മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ട് അവ ദോഷകരമായി കണക്കാക്കപ്പെടുന്നു. ന്യൂഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന വടക്കന്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള നഗരം. 2019ല്‍ ഇവിടെ ശരാശരി പിഎം 2.5 ആയിരുന്നു. ആ റേറ്റിംഗ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (ഇപിഎ) ആരോഗ്യകരമെന്ന് കരുതുന്നതിനേക്കാള്‍ ഒമ്പത് മടങ്ങ് കൂടുതലാണ്. ഇന്ത്യയിലെ വായുവിന്റെ ഗുണനിലവാരം നിരന്തരമായി മോശമായിക്കൊണ്ടിരിക്കയാണ്. നവംബറില്‍ ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ വായു ഗുണനിലവാര സൂചിക 800 കവിഞ്ഞതിന് ശേഷം പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി.

 

അത് 'അപകടകരമായ' തലത്തിന്റെ മൂന്നിരട്ടിയിലധികം ആയിരുന്നു. മറ്റ് ഇന്ത്യന്‍ നഗരങ്ങളായ നോയിഡ, ഗുര്‍ഗ്രാം, ഗ്രേറ്റര്‍ നോയിഡ, ബന്ദ്വാരി എന്നിവയും ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി. ചൈനീസ് നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം ഗണ്യമായി വര്‍ദ്ധിച്ചുവെങ്കിലും ഇന്ത്യയില്‍ അത് കൂടുതല്‍ മോശമാവുകയാണ് ചെയ്തത്. കഴിഞ്ഞ ദശകത്തില്‍ വാര്‍ഷിക പിഎം 2.5 ലെവലിന്റെ പകുതിയായി കുറയ്ക്കാന്‍ ചൈനയുടെ തലസ്ഥാനമായ ബീജിംഗിന് കഴിഞ്ഞു. അന്തരീക്ഷ മലിനീകരണം നിയന്ത്രണവിധേയമാക്കാനുള്ള സമഗ്രമായ ശ്രമങ്ങള്‍ കാരണമാണ് ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട 200 നഗരങ്ങളുടെ പട്ടികയില്‍ ബീജിംഗ് ഉള്‍പ്പെടാതിരുന്നത്. ഇന്ത്യയില്‍ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുണ്ടെങ്കിലും ഏറ്റവും മോശം വായുവുള്ള രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്ത് മാത്രമാണ് ഇന്ത്യ നില്‍ക്കുന്നത്. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, മംഗോളിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്‍പേ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

 

 

OTHER SECTIONS