പാകിസ്ഥാന്‍റെ ദേശീയ പക്ഷിയെ വളര്‍ത്തി വില്പന നടത്തിയ വീട്ടമ്മ പിടിയില്‍

By Subha Lekshmi B R.20 Apr, 2017

imran-azhar

കൊച്ചി: പാകിസ്ഥാന്‍റെ ദേശീയ പക്ഷിയായ ചുക്കര്‍ പാട്രിജിനെ രഹസ്യമായി വളര്‍ത്തി വില്‍പന നടത്തിയ വീട്ടമ്മ പിടിയില്‍. നെടുന്പാശേരി സ്വദേശി സുമി (40) ആണു പിടിയിലായത്. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും എസ്പിസിഎയും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ 15 ചുക്കര്‍ പാട്രിജുകളെയും കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ചുക്കര്‍ പാട്രിജിനെ സ്വകാര്യ വ്യക്തികള്‍ വളര്‍ത്തുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. ഇന്ത്യയില്‍ ഹിമാലയന്‍ മലനിരകളില്‍ മാത്രമാണ് ഇവയുളളത്.

 

ഒരു പക്ഷിക്കു 25,000 രൂപയാണ് ഇവര്‍ ആവശ്യക്കാരില്‍ നിന്ന് ഈടാക്കിയിരുന്നതെന്നാണ് വിവരം.. തിരുവനന്തപുരത്തെ ഏജന്‍റാണ് രഹസ്യമായി പക്ഷികളെ എത്തിക്കുന്നത്. ഇയാളുടെ പക്കല്‍ ഈ ഇനത്തിലെ ഒട്ടേറെ പക്ഷികളുണ്ടെന്നു വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

ചെറിയ കൂട്ടിലടച്ചാല്‍ തല നിലത്തടിച്ചു ചാകുന്ന സ്വഭാവക്കാരാണ് ചുക്കര്‍ പാട്രിജുകള്‍. അതുകൊണ്ടു തന്നെ വിശാലമായ കൂടു നിര്‍മ്മിച്ചായിരുന്നു വീട്ടമ്മ ഇവയെ വളര്‍ത്തിയിരുന്നത്. . മുട്ടകള്‍ ഇന്‍കുബേറ്ററിന്‍െറ സഹായത്തോടെ വിരിയിക്കുകയാണ് പതിവ്. വളര്‍ത്താന്‍ അനുമതിയുള്ള ഒട്ടേറെ പക്ഷികളും ഇവരുടെ വീട്ടിലുണ്ടായിരുന്നു.