By anilpayyampalli.02 06 2021
കൽപ്പറ്റ : കോവിഡ് പ്രതിരോധത്തിന്റെ രണ്ടാം വീട്ടിലിരിപ്പ് കാലത്തും ഹിറ്റായി വീട്ടിലെ കൃഷിപരീക്ഷണങ്ങൾ.
മട്ടുപ്പാവ്കൃഷിക്കും അടുക്കളത്തോട്ടങ്ങൾക്കും പ്രചാരമേറുകയാണ്. കാലാവസ്ഥയും ഇക്കുറി അനുകൂലമായെന്നാണ് വയനാട്ടിലെ വീട്ടുകൃഷിക്കാർ പറയുന്നത്.
വീട്ടിലിരിപ്പ് ഒരു ശീലമായതോടെ വീട്ടിലേക്കുള്ളത് സ്വന്തമായി നട്ടുനനച്ച് ഉണ്ടാക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. വീടിന് സമീപത്ത് പറമ്പിലും ഭൂമി കുറവുള്ളവർ മട്ടുപ്പാവിൽ ചാക്കിലും കവറിലുമായി കിഴങ്ങ് വർഗങ്ങളും പച്ചക്കറികളും വച്ചുപിടിപ്പിക്കുന്നു.
ഒരു പഞ്ചായത്തിലെ ഒരു വാർഡിൽ ശരാശരി 600 വീടുകൾ ഉണ്ടെങ്കിൽ 300 വീടുകളില്ലെങ്കിലും ഇത്തരത്തിൽ കൃഷിയിൽ സജീവമായെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. ഒന്നാം ലോക്ഡൗൺ കാലത്ത് ചെറിയ തോതിൽ കൃഷിയിറക്കിയവർ ഇക്കുറി വിപുലപ്പെടുത്തി.
അടുക്കളത്തോട്ടങ്ങൾ സജീവമായതോടെ തക്കാളി, വഴുതന, പച്ചമുളക്, ചീര പോലുള്ള പച്ചക്കറികൾക്ക് ആവശ്യക്കാർ കുറഞ്ഞതായി കച്ചവടക്കാരും സാക്ഷ്യപ്പെടുത്തുന്നു.
വയനാട്ടിലെ വിവിധ നഴ്സറികളും കർഷകസംഘടനകളും ആവശ്യമനുസരിച്ച് വിത്തുകളും തൈകളും എത്തിച്ച് നൽകുന്നുണ്ട്.